Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീളും

ദോഹ- ഖത്തറില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടുനിന്നേക്കുമെന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടിയേക്കാമെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക രോഗങ്ങളുടെ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ശക്തമാണ്. ഇനിയും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ വരും ആഴ്ചകളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയേക്കാമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ധാരാളം അണുബാധകള്‍ രേഖപ്പെടുത്തിയേക്കാമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന 3- 4 ആഴ്ചകള്‍ ഏറെ പ്രധാനമാണ്. അതീവ ജാഗ്രതയോടെ ഈ പ്രതിസന്ധിയെ അതീജീവിക്കുവാന്‍ സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടായേക്കാമെന്നും അതിനെ നേരിടുവാന്‍ നാം തയാറാവണമെന്നും ഡോ. അല്‍ ഖാല്‍ സൂചിപ്പിച്ചു.

കൊറോണ വൈറസിനെ നേരിടാന്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിരവധി ജീവന്‍ രക്ഷിച്ചതായി ഖത്തര്‍ ടി.വിയോട് സംസാരിച്ച ഡോ. അല്‍ ഖാല്‍ വിശദീകരിച്ചു. നിലവിലുള്ള ഭൂരിപക്ഷം അണുബാധകളും മിതമായതാണെന്നും രോഗലക്ഷണങ്ങള്‍ ഒരു ചെറിയ കാലയളവിലേക്ക് മാത്രമാണ് നീണ്ടുനില്‍ക്കുന്നതെന്നും ചില കേസുകളില്‍ മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. അര്‍ഹരായവരൊക്കെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News