Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍

ദോഹ- ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും. വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇളവുകളില്ല. രാജ്യത്ത് ഒമിക്രോണ്‍ ശക്തി പ്രാപിച്ചതോടെയാണ് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് ഓഫീസിലെത്തിയുള്ള ജോലിയില്‍ മാറ്റമില്ല. കോവിഡ് വാക്സിന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് എല്ലായിടങ്ങളിലും ഇളവുകളുള്ളത്. നിലവിലെ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പമാണ് പുതിയ നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാകുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന തുടരും. ഓഫീസ് യോഗങ്ങളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാം. പള്ളികളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. പ്രതിദിന പ്രാര്‍ഥനകളും വെളളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും തുടരും. വീടുകളിലും മജ്ലിസുകളിലും അകത്ത് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ 10 പേര്‍ക്കും പുറത്ത് 15 പേര്‍ക്കും ഒത്തുചേരാം. ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് വ്യവസ്ഥ ബാധകമല്ല.
ഹോട്ടലുകളിലും ഹാളുകളിലും നടത്തുന്ന വിവാഹങ്ങളില്‍ വാക്സിനെടുത്ത 40 പേരെ പാടുള്ളു. പുറത്തെ വേദികളില്‍ 80 പേര്‍ക്കു അനുമതിയുണ്ട്. പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 15  പേര്‍ക്കും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഒത്തുകൂടാം. പാര്‍ക്കുകളിലെ കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവര്‍ത്തിക്കും. നടത്തം, ഓട്ടം, സൈക്കിള്‍ സവാരി എന്നിവക്കും അനുമതി. ബസുകളില്‍ 60 ശതമാനം ശേഷിയില്‍ കൂടാന്‍ പാടില്ല. ദോഹ മെട്രോക്കും കര്‍വ ബസുകള്‍ക്കും  60 ശതമാനം ശേഷിയില്‍ സര്‍വീസ് നടത്താം.  ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എല്ലാ പരിശീലകരും വാക്‌സിനെടുത്തിരിക്കണം. സിനിമ തിയേറ്ററുകളില്‍ 50 ശതമാനം ശേഷിയിലേ പ്രവര്‍ത്തനം പാടുള്ളു.
കാണികളില്‍ എല്ലാവരും വാക്സിനെടുത്തവരാകണം. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍, നഴ്‌സറികള്‍ എന്നിവക്ക് 50 ശതമാനം ശേഷിയില്‍ തുറക്കാം. ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രങ്ങളില്‍ ഒരു സെഷനില്‍ അഞ്ചില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പാടില്ല. എല്ലാ കേന്ദ്രങ്ങളിലെയും നഴ്‌സറികളിലെയും ജീവനക്കാരെല്ലാം വാക്‌സിന്‍ എടുത്തിരിക്കണം.
റസ്റ്ററന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് മാളുകള്‍, സിനിമ തിയേറ്ററുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍, പരമ്പരാഗത സൂഖുകള്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍, ബ്യൂട്ടി സലൂണുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബുകള്‍, സ്പാ, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തന ശേഷി കുറച്ചു.

 

 

Latest News