ഗള്‍ഫിലുടനീളം കോവിഡ് നിയന്ത്രണം ശക്തമാക്കി

ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ബന്ധം,  കൂടിച്ചേരലുകള്‍ക്ക് നിബന്ധന

അബുദാബി- ഗള്‍ഫ് രാജ്യങ്ങളിലുടനീളം കോവിഡ് കുതിച്ചുയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. സൗദി അറേബ്യയും യു.എ.ഇയും ബൂസ്റ്റര്‍ ഡോസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖത്തറും കുവൈത്തും വിവിധ തലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. സര്‍ക്കാര്‍ ഓഫിസ് പ്രവേശനത്തിന് അബുദാബിയില്‍ ഈ മാസം 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി. കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസത്തിനുശേഷമാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.
ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന ടൂറിസം മേഖലാ സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനം വീണ്ടും ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും. ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവ അടക്കമുള്ള ടൂറിസം സ്ഥാപനങ്ങളിലേക്ക് പ്രവേശനം നല്‍കാന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന വ്യവസ്ഥയാണ് സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരുന്നത്.
ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ അബുദാബിയും നിലപാട് ശക്തമാക്കി. യോഗ്യരായ എല്ലാ ജീവനക്കാരും ബൂസ്റ്റര്‍ ഡോസ് എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. വാക്‌സിന്‍ ഇളവുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നു   സമിതി അഭ്യര്‍ഥിച്ചു. അബുദാബിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 7 ദിവസം ഇടവേളകളില്‍ പി.സി.ആര്‍ എടുക്കണമെന്നാണ് നിയമം. സന്ദര്‍ശകരും ഉപഭോക്താക്കളും താല്‍ക്കാലിക ജോലിക്കാരും 48 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണം. ഗ്രീന്‍ സിഗ്‌നല്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ ഓഫീസുകളിലേക്കു പ്രവേശിപ്പിക്കില്ല.
നേരത്തെ അബുദാബിയില്‍ മാത്രമുണ്ടായിരുന്ന നിയമം ഈ മാസം മുതല്‍ മൂന്നു മുതല്‍ മറ്റു എമിറേറ്റുകളിലെ സര്‍ക്കാര്‍ ഓഫിസിലേക്കും വ്യാപിപ്പിച്ചിരുന്നു. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14 ദിവസം ഇടവേളകളിലാണ് പി.സി.ആര്‍  എടുത്ത് ഗ്രീന്‍പാസ് നിലനിര്‍ത്തേണ്ടത്.
ബൂസ്റ്റര്‍ ഡോസ് എടുത്തുവെന്നു കരുതി കോവിഡ് മാനദണ്ഡത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് വീണ്ടും രോഗം പിടിപെട്ടാലും ഗുരുതരമാകില്ലെന്നതാണ് ആശ്വാസം.

 

 

Latest News