ഒരു കാലത്ത് സ്മാർട്ട് ഫോണുകളിൽ വിപ്ലവം തീർത്ത ബ്ലാക്ബെറി ഓർമയാകുന്നു. കഴിഞ്ഞ ദിവസം (ജനുവരി 4 ന്) ബ്ലാക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിച്ചു. ബ്ലാക്ബെറി, ബ്ലാക്ബെറി പ്ലേബുക്ക് ഓപറേറ്റിംഗ് സ്റ്റിസ്റ്റങ്ങൾക്കുള്ള എല്ലാ സേവനങ്ങളും ബ്ലാക്ബെറി അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പഴയ ഒ എസ് 7.1 ആണെങ്കിലും പുതിയ ബിബി 10 ആണെങ്കിലും ഫോൺ പ്രവർത്തനം അവസാനിപ്പിക്കും. ഇതോടെ ഫോണിലൂടെ കോൾ ചെയ്യാനോ എസ്.എം.എസ് അയക്കാനോ കഴിയാതെയാകും. വൈഫൈ, മൊബൈൽ ഡാറ്റ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ കഴിയുമെങ്കിലും സ്ഥിരത ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു.
ബഌക്ബെറി സ്മാർട്ട് ഫോണുകളുടെ ശേഷിക്കുന്ന ഉപയോക്താക്കളിൽ ഒരാളാണെങ്കിൽ പുതിയ ഫോൺ വാങ്ങാൻ സമയമായിരിക്കുന്നു. വിപണിയിലെ അനുദിനം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ആൻഡ്രോയിഡ്, ഐഫോൺ എന്നിവയോട് മത്സരിക്കാൻ കഴിയാതെയാണ് ബ്ലാക്ബെറിയുടെ മടക്കം.
ബ്ലാക്ബെറി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടായിരിക്കാം. ഇവർ ഉപയോഗിക്കുന്ന ഹാൻഡ് സെറ്റുകൾക്ക് ഇനി വൈഫൈ വഴിയുള്ള ലെഗസി സേവനങ്ങളെ പിന്തുണയ്ക്കാൻ തങ്ങളുടെ സ്മാർട്ട് ഫോണുകൾക്ക് കഴിയില്ലെന്നും ബ്ലാക്ബെറി അറിയിച്ചു. സേവനം നിർത്തുന്ന കാര്യം 2021 സെപ്റ്റംബറിൽ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദിസൂചകമായി സേവനങ്ങൾ നീട്ടുകയായിരുന്നു. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല എന്നതാണ്.
ബ്ലാക്ബെറിയുടെ ചില സ്മാർട്ട് ഫോണുകൾ ബ്ലാക്ബെറി ഒ.എസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒ.എസിൽ നിന്നുള്ള സേവനങ്ങളാണ് ജനുവരി 4 മുതൽ നിർത്തുന്നത്. ബ്ലാക്ബെറി 7.1 ഒ.എസ്, അതിനു മുൻപുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒ.എസ് 2.1, ബ്ലാക്ബെറി 10 എന്നിവയെല്ലാം ഇനി പ്രവർത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് കനേഡിയൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നോക്കിയയുടെ പ്രതാപ കാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാൻഡ് ആയിരുന്നു ബ്ലാക്ബെറി. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോൾ ബ്ലാക്ബെറി വമ്പൻ ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി മാറി. ഐഫോൺ, മറ്റു ആൻഡ്രോയ്ഡ് ഫോണുകൾ തുടങ്ങിയ ടച്ച്സ്ക്രീൻ ഹാൻഡ് സെറ്റുകളുടെ പ്രളയത്തിൽ നോക്കിയക്കൊപ്പം ഒലിച്ചുപോയ ബ്രാൻഡാണ് ബിബി എന്നറിയപ്പെട്ടിരുന്ന ബ്ലാക്ബെറി. നോക്കിയയെ മൈക്രോസോഫ്റ്റും നോക്കിയ എന്ന ബ്രാൻഡ് നാമം മറ്റൊരു കമ്പനിയും ഏറ്റെടുത്തതോടെ പഴയ നോക്കിയ പൂർണമായും ഇല്ലാതെയായി. 2016 ൽ തങ്ങൾക്ക് ആപ്പിളിനോടോ സാംസംഗിനോടോ മറ്റു വമ്പൻ കമ്പനികളോടോ ഏറ്റുമുട്ടാനുള്ള ത്രാണിയില്ല എന്ന് വിനയപൂർവം സമ്മതിച്ച് ഇനി സ്വന്തമായി ഫോൺ നിർമിക്കില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു ബ്ലാക്ബെറി. അതേസമയം, ബ്ലാക്ബെറി ഹാൻഡ് സെറ്റുകൾ ചില ഉപയോക്താക്കൾ ഇപ്പോഴും താൽപര്യത്തോടെ ഉപയോഗിക്കുന്നുണ്ട്.
കീബോർഡാണ് ബ്ലാക്ബെറിയെ എല്ലാ കാലത്തും വേറിട്ടു നിർത്തിയിരുന്ന ഫീച്ചറുകളിൽ ഒന്ന്. ഫിസിക്കൽ കീബോർഡ് താൽപര്യമുള്ളവരാണ് ബ്ലാക്ബെറിയെ ഇഷ്ടപ്പെട്ടിരുന്നവർ. അത്തരക്കാർ 50 രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ ഫോൺ വാങ്ങിയിരുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നത്. കീവൺ വിജയമായിരുന്നു എന്നാണ് ബ്ലാക്ബെറി അവകാശപ്പെട്ടിരുന്നത്. പിന്നീട് അവതരിപ്പിച്ച കീ2 മോഡലും ശരാശരി വിജയം നേടി. അവസാന നിമിഷം പോലും ഫിസിക്കൽ കീബോർഡ് ഫീച്ചർ ഒഴിവാക്കാൻ ബ്ലാക്ബെറി ആഗ്രഹിച്ചിരുന്നില്ല.
ആൻഡ്രോയ്ഡ് ഒ.എസിലേക്ക് ബ്ലാക്ബെറി മാറിയെങ്കിലും തങ്ങളുടെ സ്വന്തം ഒ.എസിൽ പ്രവർത്തിക്കുന്ന ഫോൺ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ മറ്റാർക്കും പിന്നിലല്ല എന്നായിരുന്നു ബ്ലാക്ബെറി അവകാശപ്പെട്ടിരുന്നത്. ബ്ലാക്ബെറി ബ്രൗസർ ഉപയോക്താക്കളുടെ വെബ് സന്ദർശനങ്ങൾ രേഖപ്പെടുത്താറില്ല. ഫയർഫോക്സ് ഫോക്കസ് ബ്രൗസർ ഉപയോക്താക്കളെ ട്രാക്ക് ചെയ്യാത്ത ചുരുക്കം ചില ബ്രൗസറുകളിൽ ഒന്നാണ്. കൂടാതെ, വൈറസ് സ്കാനിങും ഫോട്ടോകളും ഡോക്യുമെന്റുകളും സുരക്ഷിതമായി സൂക്ഷിക്കാൻ മറ്റാർക്കും തുറക്കാനാകാത്ത രഹസ്യ ഫോൾഡറുകളും ബ്ലാക്ബെറിയിൽ ലഭ്യമായിരുന്നു.






