പ്രധാനമന്ത്രിയുടെ വഴിമുട്ടിച്ചതിന് പഞ്ചാബ് പോലീസിനെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു

ന്യൂദല്‍ഹി- പഞ്ചാബില്‍ ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്‍ മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം കുടുങ്ങിക്കിടന്ന സംഭവത്തില്‍ പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപോര്‍ട്ട്. എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്)നിയമ പ്രകാരമാണ് നീക്കം. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ഹുസൈനിവാലയില്‍ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള മേല്‍പ്പാലത്തിലാണ് ബുധനാഴ്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടന്നത്. വന്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കി ഉടന്‍ പഞ്ചാബില്‍ നിന്നും ദല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. എസ്പിജി നിയമം സെക്ഷന്‍ 14 പ്രകാരം പ്രധാനമന്ത്രിയുടെ യാത്രാ വേളകളില്‍ എല്ലാ സഹായങ്ങളും നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. 

സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് കേന്ദ്രം വിശദീകരണവും തേടിയിട്ടുണ്ട്. പഞ്ചാബിന്റെ മറുപടി ലഭിക്കാനിരിക്കെയാണ് എസ്പിജി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ദല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയേക്കും. ഇവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം ഉണ്ടായേക്കാം. 

ബുധനാഴ്ച പഞ്ചാബില്‍ ഉണ്ടായത് എസ്പിജി നിയമത്തിന്റെ ലംഘനമാണ്. പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് എസ്പിജി നിര്‍ണയിച്ചിട്ടുള്ള എല്ലാ പ്രോട്ടോകോളുകളും പാലിക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതു പരിശോധിച്ചു വരികയാണ്. നടപടി ഉണ്ടാകും- ഇതു സംബന്ധിച്ച് അറിയുന്ന കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Latest News