കൊണ്ടോട്ടി- ഈ വർഷത്തെ ഹജ് ക്യാമ്പ് ആലുവ മാറംപളളി എം.ഇ.എസ് കോളേജിൽ ഒരുക്കാൻ സംസ്ഥാന ഹജ് കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിന്നുളള ഈ വർഷത്തെ ആദ്യ ഹജ് വിമാനം ജൂലൈ 29നാണ് ആരംഭിക്കുക. ഹജ് ക്യാമ്പ് ജൂലൈ 28ന് തുടങ്ങും. ഹജ് എംപാർക്കേഷൻ പോയിന്റ് ഈ വർഷവും കരിപ്പൂരിൽ ആരംഭിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ക്യാമ്പും വിമാന സർവ്വീസും നെടുമ്പാശ്ശേരിയിൽ നിന്ന് നടത്താൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിന്റൻസ് ഹാങറിലായിരുന്നു ഹജ് ക്യാമ്പ് നടത്തിയിരുന്നത്. ഈ വർഷം ഇവിടെ സൗകര്യമില്ലാത്തതിനാലാണ് ആലുവ എം.ഇ.എസ് കോളജിലേക്ക് മാറ്റിയതെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. വിമാനത്താവളത്തിന് എട്ട് കിലോമീറ്റർ അകലെയാണ് ക്യാമ്പ് നടത്തുക.
കരിപ്പൂർ വിമാനത്താവളം ഹജ് എംപാർക്കേഷൻ പോയന്റായി നിലനിർത്തണമെന്ന് കേരളം കേന്ദ്ര ഹജ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സർക്കാർ വാദം വാസ്തവവിരുദ്ധമാണ്. പല തവണ സംസ്ഥാന ഹജ് കമ്മിറ്റിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര ഹജ് കമ്മിറ്റി യോഗത്തിലും ഉന്നയിച്ച വിഷയമാണിത്. കേരളം ആവശ്യപ്പെട്ട ഒമ്പത് കാര്യങ്ങളിൽ ഒന്നാമത്തേത് കരിപ്പൂർ എംബാർക്കേഷൻ പോയൻറാക്കണമെന്നാണെന്നായിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു. അഞ്ചാം വർഷക്കാർ ഒരുലക്ഷം പേരെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ 9700 പേർ മാത്രമാണുളളത്. അഞ്ചാം വർഷക്കാരെ ഇത്തവണ തന്നെ ഹജിന് കൊണ്ടുപോകണമെന്നും ഹജ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികളുടെ പാസ്‌പോർട്ട് സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടാൻ ശ്രമിക്കും. നിലവിൽ ഏപ്രിൽ 15നകം പാസ്‌പോർട്ട് നൽകാനാണ് നിർദേശം വന്നിട്ടുള്ളത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ആദ്യ വിമാനത്തിൽ പ്രവാസികളെയായിരിക്കും പരിഗണിക്കുക.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഉംറ ചെയ്തവർക്ക് 2,000 റിയാൽ അധികം നൽകണമെന്ന സൗദി സർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെടും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തും.
ഇന്ത്യക്ക് അനുവദിച്ച ക്വാട്ട സംസ്ഥാനങ്ങൾക്ക് വീതിക്കാതെ രാജ്യത്തെ മുഴുവൻ അപേക്ഷകരിൽനിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. കേന്ദ്ര ഹജ് കമ്മിറ്റിയംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, എസ്. നാസറുദ്ദീൻ, എം. അഹമ്മദ് മൂപ്പൻ, പി.പി. അബ്ദുറഹ്മാൻ, മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുട്ടി, ഡോ.ഇ.കെ. അഹമ്മദ് കുട്ടി, എം. അഹമ്മദ് മൂപ്പൻ, അസി.സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.