ന്യൂദല്‍ഹി- വനപരിസരങ്ങളില്‍ കാട്ടാനകള്‍ വൈദ്യുതാഘാതമേറ്റു കൊല്ലപ്പെടുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സുപ്രീംകോടതി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. രാജ്യത്ത് വൈദ്യതാഘാതമേറ്റ് കൊല്ലപ്പെടുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണെന്ന് ഹരജിക്കാര്‍ വാദിച്ചു.
കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ചു പഠിക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കര്‍മസമിതിയുടെ ഗജ എന്ന റിപ്പോര്‍ട്ടില്‍ കാട്ടാനകള്‍ കൊല്ലപ്പെടുന്നത് ഏറെയും വൈദ്യുതാഘാതമേറ്റാണെന്നു വ്യക്തമാക്കുന്നുണ്ട്. 2015നും 2019നും ഇടയില്‍ 333 കാട്ടാനകളാണ് വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടത്. ഏറ്റവും അടുത്ത് ചരിഞ്ഞ കാട്ടാനകളില്‍ ഏറ്റെയും വൈദ്യാതഘാതം ഏറ്റാണ് കൊല്ലപ്പെട്ടതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
വനമേഖലകളില്‍കൂടി കടന്നു പോകുന്ന ഹൈ വോള്‍ട്ടേജ് വൈദ്യുത കമ്പികളില്‍ ഇന്‍സുലേഷന്‍ നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കണം. മറ്റു പോംവഴികള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ സംരക്ഷിത വനമേഖലകളില്‍ കൂടി വൈദ്യുത ലൈനുകള്‍ വലിക്കാന്‍ അനുവാദം നല്‍കാവൂ. ആനത്താരകളിലൂടെയും സംരക്ഷിത മേഖലകളിലൂടെ ഹൈ വോള്‍ട്ടേജ് വൈദ്യുത ലൈനുകള്‍ കടന്നു പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.






