മരം മുറിച്ചതിന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു കത്തിച്ചു

റാഞ്ചി- ജാര്‍ഖണ്ഡില്‍ മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് 150ഓളം പേരടങ്ങുന്ന ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. വടികളും കല്ലും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം യുവാവിനെ കത്തിക്കുകയും ചെയ്തു. സഞ്ജു പ്രധാന്‍ എന്ന യുവാവാണ് മരിച്ചത്. സിംദേഗയിലെ കൊലെബിര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഒരു പ്രത്യേക മരം മുറിക്കുകയും കഷണങ്ങള്‍ വില്‍ക്കുകയും ചെയ്തതിനാണ് ആള്‍ക്കൂട്ടം സഞ്ജുവിനെ പിടികൂടി മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു.

മുണ്ഡ സമുദായം മതപരമായ പ്രാധാന്യ കല്‍പ്പിക്കുന്ന മരം ആണ് മുറിക്കപ്പെട്ടത്. അവര്‍ വളരെ വൈകാരികമായി കാണുന്ന മരമാണിത്. കൊല്ലപ്പെട്ട യുവാവ് ഒക്ടോബറിലാണ് മരം മുറിച്ചത്. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച നിരവധി പേര്‍ യോഗം ചേര്‍ന്നാണ് യുവാവിനെ അടിക്കാന്‍ തീരുമാനിച്ചത്. മര്‍ദനമേറ്റ യുവാവ് മരിക്കുകയായിരുന്നു- പോലീസ് പറഞ്ഞു. 

അടിച്ചു കൊന്ന ശേഷം മൃതദേഹം തീയിട്ടു കത്തിച്ചുവെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. മര്‍ദനമാണോ തീപിടിച്ചതാണോ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലെ പറയാന്‍ കഴിയൂവെന്ന് സിംദേഗ പോലീസ് സുപ്രണ്ട് ഡോ. ശംസ് തബ്രിസ് പറഞ്ഞു.
 

Latest News