സൗദിയിൽ വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദം

റിയാദ് - സൗദിയിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയൊരു ഭാഗത്തിനും ഒമിക്രോൺ ആണ് ബാധിച്ചതെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. ഒമിക്രോൺ വകഭേദത്തിന്റെ അതിതീവ്ര വ്യാപന സ്വഭാവം കണക്കിലെടുത്താൽ വരും ദിവസങ്ങളിൽ സൗദിയിൽ ഒമിക്രോൺ വലിയ തോതിൽ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ ലോകത്തെങ്ങും ഒമിക്രോൺ വ്യാപിക്കും. സൗദി അറേബ്യ ബാധകമാക്കിയ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നത് ഒമിക്രോൺ കേസുകൾ വർധിക്കാനുള്ള സാധ്യത വലിയ തോതിൽ കുറക്കും. ഇക്കാര്യം കണക്കിലെടുത്താണ് ചില നിയന്ത്രണങ്ങൾ വീണ്ടും ബാധകമാക്കിയത്. 
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ കൊറോണ കേസുകൾ ശ്രദ്ധേയമായ നിലക്ക് വർധിക്കാൻ കാരണം ഒമിക്രോൺ വകഭേദമാണ്. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഒമിക്രോൺ വ്യാപനം കുറക്കാൻ സാധിക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഒമിക്രോൺ വകഭേദം സൗദിയിലെത്തിയതെന്നാണ് കരുതുന്നത്. ആദ്യ ഒമിക്രോൺ കേസ് എവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്നത് കൃത്യമായി അറിയാത്തതിനാൽ സൗദിയിൽ ഒമിക്രോൺ എത്തിയത് മറ്റു രാജ്യങ്ങളിൽ നിന്നാകാനും സാധ്യതയുണ്ട്. ഇപ്പോൾ 131 ലേറെ രാജ്യങ്ങളിലേക്ക് ഒമിക്രോൺ വ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഒമിക്രോൺ വകഭേദം ഇല്ലാത്ത ഒരു രാജ്യം പോലുമുണ്ടാകില്ല എന്നും ശാസ്ത്രജ്ഞർ കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News