യുസേബിയോയും പട്ടിയും

ഫുട്‌ബോൾ കളിക്ക് ജന്മം നൽകി 103 വർഷം പിന്നിട്ടപ്പോഴാണ് കാൽപന്തു കളിയുടെ ജന്മനാട്ടിൽ ലോകകപ്പ് വിരുന്നെത്തിയത്. ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ചാമ്പ്യന്മാരായതും അത്തവണ തന്നെ. പക്ഷേ പശ്ചിമ ജർമനിക്കെതിരായ ഫൈനലിലെ ഒരു ഗോൾ യഥാർഥത്തിൽ വര കടന്നിരുന്നുവോയെന്ന വിവാദം ഇന്നും കത്തിപ്പടരുന്നു. ഇറ്റലിയെ വടക്കൻ കൊറിയ അട്ടിമറിച്ചതായിരുന്നു ആ ലോകകപ്പിലെ ഏറ്റവും വലിയ വാർത്ത. 1966 ലെ താരം യുസേബിയൊ ആയിരുന്നു. പിന്നെ ഒരു പട്ടിയും. 
ടൂർണമെന്റ് തുടങ്ങുന്നതിന് നാലു മാസം മുമ്പ് ഒരു പ്രദർശനത്തിനിടെ ലോകകപ്പ് കാണാതായി. ട്രോഫിക്കായി രാജ്യം മുഴുവൻ അരിച്ചുപെറുക്കി. പകരമൊരെണ്ണം അടിയന്തരമായി തയാറാക്കി. ഒടുവിൽ തെക്കൻ ലണ്ടനിൽ ചെടികൾക്കിടയിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ ട്രോഫി കണ്ടുപിടിച്ചത് പിക്ക്ൾസ് എന്ന പട്ടിയായിരുന്നു. പകരമുണ്ടാക്കിയ ട്രോഫി 1997 ൽ ലേലത്തിൽ ഫിഫ സ്വന്തമാക്കി. ഇന്നും അത് മ്യൂസിയത്തിലുണ്ട്. ആദ്യമായി ലോകകപ്പിന് ഭാഗ്യ മുദ്രയുണ്ടായതും അത്തവണ തന്നെ, വില്ലി എന്ന സിംഹം.
ലോകകപ്പിൽ വൈകിയെത്തിയ ഇംഗ്ലണ്ടിന് ട്രോഫിയിൽ തങ്ങളുടെ മുദ്ര പതിപ്പിക്കാൻ ജന്മനാടിന്റെ താങ്ങ് വേണ്ടിവന്നു. 1950 ൽ ആദ്യ ലോകകപ്പ് കളിച്ച ടീമിലെ ഡിഫന്റർ ആൽഫ് റാംസിയായിരുന്നു കോച്ച്. വിംഗർമാരില്ലാത്ത 4-4-2 എന്ന ശൈലിയിലൂടെ അദ്ദേഹം ഇംഗ്ലണ്ടിനെ കരുത്തുറ്റ ടീമാക്കി. വിംഗ്‌ലസ് വണ്ടേഴ്‌സ് എന്നറിയപ്പെട്ട ടീമിന്റെ ശക്തികേന്ദ്രം രണ്ട് ബോബിമാരായിരുന്നു, ബോബി മൂറും ബോബി ചാൾട്ടനും.

ആതിഥേയർ: ഇംഗ്ലണ്ട്, 
ചാമ്പ്യന്മാർ: ഇംഗ്ലണ്ട്
ടീമുകൾ: 16, മത്സരങ്ങൾ: 32
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത 
ടീമുകൾ: 70
പ്രധാന അസാന്നിധ്യം: 
ചെക്കൊസ്ലൊവാക്യ
അപ്രതീക്ഷിതമായി യോഗ്യത 
നേടിയത്: വടക്കൻ കൊറിയ
ടോപ്‌സ്‌കോറർ: യുസേബിയൊ (പോർചുഗൽ, 9)
ആകെ ഗോൾ 89 (ശരാശരി 2.78), കൂടുതൽ ഗോളടിച്ച 
ടീം -പോർചുഗൽ (17)
നാല് ടീമുകൾ വീതമുള്ള 
നാലു ഗ്രൂപ്പുകൾ. ഓരോ 
ഗ്രൂപ്പിലെയും രണ്ട് 
മുൻനിരക്കാർ ക്വാർട്ടറിൽ.

ആദ്യ റൗണ്ടിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം ശ്രദ്ധയാകർഷിക്കാൻ പോന്നതായിരുന്നില്ല. ഉറുഗ്വായ്‌യുമായി അവർ ഗോൾരഹിത സമനില വഴങ്ങി. പോർചുഗലും ജർമനിയും റഷ്യയും ഒന്നാന്തരം ടീമുമായാണ് വന്നത്. ചാമ്പ്യന്മാരായ ബ്രസീൽ ടീമിൽ 1962 ലെ നിരവധി കളിക്കാരുണ്ടായിരുന്നു. പെലെയുടെയും ഗാരിഞ്ചയുടെയും ഗോളുകളിൽ അവർ ബൾഗേറിയയെ തോൽപിച്ചു. തുടർച്ചയായ മൂന്നു കളികളിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനായി പെലെ. എന്നാൽ ബൾഗേറിയക്കാർ ഊഴമിട്ട് പെലെയെ ചവിട്ടിയിട്ടു. പുതപ്പിൽ മൂടി വേദനയോടെ ബ്രസീലിന്റെ അടുത്ത മത്സരം ടച്ച്‌ലൈനിൽനിന്ന് വീക്ഷിക്കേണ്ടി വന്നു പെലെക്ക്.  ബ്രസീൽ ഹംഗറിയോട് 1-3 ന് തോറ്റു. പെലെയുടെ ബ്രസീലും യുസേബിയോയുടെ പോർചുഗലും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിന് വീണ്ടും 1-3 തോൽവി. നിലവിലെ യൂറോപ്യൻ ഫുട്‌ബോളറായ യുസേബിയൊ രണ്ടു ഗോളടിച്ചു. പോർചുഗലുകാരും പെലെയെ വെറുതെ വിട്ടില്ല. ലോകകപ്പ് ഇനി കളിക്കില്ലെന്നു പ്രഖ്യാപിച്ചു പെലെ.
പാക് ദൂ ഇക്കിന്റെ ഗോളിൽ ഇറ്റലിയെ വടക്കൻ കൊറിയ കെട്ടുകെട്ടിച്ചത് ലോകകപ്പ് ചരിത്രത്തിലെ വൻ അട്ടിമറികളിലൊന്നായി. യൂറോപ്യൻ ടീമുകളും ലാറ്റിനമേരിക്കൻ ടീമുകളും മാത്രമേ അതുവരെ ലോകകപ്പിൽ ആദ്യ റൗണ്ട് കടന്നിട്ടുള്ളൂ. ക്വാർട്ടറിൽ പോർചുഗലായിരുന്നു കൊറിയയുടെ എതിരാളികൾ. 25 മിനിറ്റിനകം 3-0 ന് മുന്നിലെത്തിയ വടക്കൻ കൊറിയ മറ്റൊരു കൊടുങ്കാറ്റിനാണ് തുടക്കമിട്ടതെന്നു തോന്നി. പക്ഷേ യുസേബിയൊ ഏകനായി പോർചുഗലിനെ ജയത്തിലേക്കു നയിച്ചു. 5-3 ജയത്തിൽ നാലു ഗോളും യുസേബിയോയുടെ ബൂട്ടിൽ നിന്നായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിന്റെ സ്റ്റൈൽസ് ആ ഗോളടി യന്ത്രത്തെ പിടിച്ചുകെട്ടി. ചാൾട്ടന്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് സെമിയിലേക്കു കുതിച്ചു. ജെഫ് ഹേഴ്സ്റ്റിന്റെ കന്നി രാജ്യാന്തര ഗോളിലാണ് ക്വാർട്ടറിൽ അർജന്റീനയെ ഇംഗ്ലണ്ട് തോൽപിച്ചത്. സെമിയിൽ നാലു ടീമുകളും യൂറോപ്പിലേതായിരുന്നു.
ഹേഴ്സ്റ്റ് ഹീറോ ആവാൻ പോവുന്നതേയുണ്ടായിരുന്നുള്ളൂ. ഫ്രാൻസ് ബെക്കൻബവർ എന്ന ഇരുപതുകാരന്റെ കരുത്തിൽ ജർമനി ഫൈനലിലേക്ക് കുതിച്ചുവരികയായിരുന്നു. ഒമ്പതു പേരായിച്ചുരുങ്ങിയ ഉറുഗ്വായ്‌യെയും സോവിയറ്റ് യൂനിയനെയും അവർ ക്വാർട്ടറിലും സെമിയിലും മറികടന്നു. കലാശപ്പോരാട്ടം ആദ്യന്തം ആവേശകരമായിരുന്നു. ഹെൽമുട്ട് ഹാളറിലൂടെ ജർമനിയാണ് ആദ്യം വല കുലുക്കിയത്. എന്നാൽ ഹേഴ്സ്റ്റിന്റെയും മാർട്ടിൻ പീറ്റേഴ്‌സിന്റെയും ഗോളുകളിൽ ഇംഗ്ലണ്ട് ജയിച്ചുവെന്നു തോന്നി. പക്ഷേ വുൾഫ്ഗാംഗ് വെബർ 89 ാം മിനിറ്റിൽ സമനില നേടി. എക്‌സ്ട്രാ ടൈം കണ്ട രണ്ടാമത്തെ ഫൈനൽ. എക്‌സ്ട്രാ ടൈമിൽ ഹേഴ്സ്റ്റ് രണ്ടു തവണ കൂടി സ്‌കോർ ചെയ്തു. അതിൽ ആദ്യത്തേത് ക്രോസ് ബാറിനു തട്ടി നിലത്തിടിച്ച ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 

അറിയാമോ? ആഫ്രിക്കയിലെ മൊസാംബിക്കിലാണ് യുസേബിയൊ ജനിച്ചത്. പോർചുഗൽ ലീഗിൽ തുടർച്ചയായി ഒമ്പതു വർഷം അദ്ദേഹം ടോപ്‌സ്‌കോററായി.

അസർബയ്ജാൻകാരനായ ലൈൻസ്മാൻ തയ്മൂർ ബഖറമോവ് ഗോളിന് കൊടിയുയർത്തി. പഴയ ചിത്രങ്ങൾ ഈയിടെ ഡിജിറ്റൽ സംവിധാനത്തിലൂടെ വികസിപ്പിച്ചപ്പോൾ പന്ത് വര കടന്നില്ലെന്നാണ് വ്യക്തമായത്. എന്തായാലും ഹേഴ്സ്റ്റ് ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ഒരേയൊരു കളിക്കാരനായി.
ആഫ്രിക്കൻ ടീം ഏഷ്യ, ഓഷ്യാന ടീമുമായി പ്ലേഓഫ് കളിക്കണമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് 16 ആഫ്രിക്കൻ രാജ്യങ്ങൾ ലോകകപ്പ് ബഹിഷ്‌കരിച്ചു. എങ്കിലും റെക്കോർഡായ 70 ടീമുകൾ യോഗ്യതാ റൗണ്ട് കളിച്ചു. 1962 ലെ സെമി ഫൈനലിസ്റ്റുകളായ യൂഗോസ്ലാവ്യയും ഫൈനലിസ്റ്റ് ചെക്കൊസ്ലൊവാക്യയും ഈ ലോകകപ്പിലുണ്ടായിരുന്നില്ല.
വിവിധ രാജ്യക്കാരെ തോന്നിയ പോലെ ടീമുകൾ തങ്ങളുടെ ടീമിലുൾപ്പെടുത്തുന്ന പ്രവണത അവസാനിപ്പിച്ചത് ഈ ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ട് കളിക്കാർ തിരിച്ചറിയൽ കാർഡ് ഹോട്ടലിൽ വെച്ചു മറന്നതിനാൽ ഇംഗ്ലണ്ട്-ഉറുഗ്വായ് ഉദ്ഘാടന മത്സരം വൈകിയാണ് ആരംഭിച്ചത്.

Latest News