എനിക്കൊരിക്കലും ബോറടിക്കില്ല. അതിനാൽ തന്നെ വിരമിക്കുന്ന കാലത്തെ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് ഞാൻ. എനിക്ക് നല്ല ഒരു കൂട്ടം സുഹൃത്തുക്കളുണ്ട്. ഭാര്യയും മാതാപിതാക്കളും എനിക്ക് എല്ലാമാണ്. അതിനാൽ വിരമിച്ചു കഴിഞ്ഞാൽ, വീട്ടിൽ അടങ്ങിയാൽ എനിക്ക് സന്തോഷമേയുണ്ടാവൂ'.
കഴിഞ്ഞ ഒരു വർഷത്തെ റോജർ ഫെദരറുടെ ഫോം മനസ്സിലാക്കിയ ആർക്കും മുപ്പത്താറുകാരൻ ലോക ഒന്നാം നമ്പറായതിൽ അദ്ഭുതമുണ്ടാവില്ല. കഴിഞ്ഞ 14 മാസത്തിനിടെ ഫെദരർ നേടിയത് മൂന്ന് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ്. അതും കാൽമുട്ടിലെ പരിക്കു കാരണം ദീർഘകാലം വിട്ടുനിന്ന് തിരിച്ചുവന്ന ശേഷം. എങ്കിലും ലോക ഒന്നാം നമ്പറാവുന്ന പ്രായമേറിയ കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കിയ ഫെദരർ കരിയറിന്റെ സായന്തനത്തിലാണെന്ന സത്യം ആരും നിഷേധിക്കില്ല. ജീവിതം ടെന്നിസിനായി സമർപ്പിച്ച ഒരാൾ എങ്ങനെയായിരിക്കും വിരമിച്ച ശേഷമുള്ള ഘട്ടത്തെ കാണുക?
'2016 ൽ എട്ടു മാസത്തോളം വിട്ടുനിൽക്കേണ്ടി വന്നപ്പോൾ ആ ഒരു ജീവിതത്തിന്റെ ചിത്രം എനിക്കു ലഭിച്ചിരുന്നു. യഥാർഥത്തിൽ ഞാൻ ആ ഘട്ടം ഏറെ ആസ്വദിക്കുകയാണ് ചെയ്തത്' -ഫെദരർ പറയുന്നു. 'സ്വിറ്റ്‌സർലന്റിൽ കുടുംബവുമൊത്ത് ഒരുപാട് സമയം ചെലവഴിക്കാനായി. ദക്ഷിണാഫ്രിക്കയിലെ ശിശു വിദ്യാഭ്യാസ പദ്ധതികൾക്കായുള്ള എന്റെ ചാരിറ്റിയായ റോജർ ഫെദരർ ഫൗണ്ടേഷനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. എനിക്കൊരിക്കലും ബോറടിക്കില്ല. അതിനാൽ തന്നെ വിരമിക്കുന്ന കാലത്തെ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് ഞാൻ. എനിക്ക് നല്ല ഒരു കൂട്ടം സുഹൃത്തുക്കളുണ്ട്. ഭാര്യയും മാതാപിതാക്കളും എനിക്ക് എല്ലാമാണ്. അതിനാൽ വിരമിച്ചു കഴിഞ്ഞാൽ, വീട്ടിൽ അടങ്ങിയാൽ എനിക്ക് സന്തോഷമേയുണ്ടാവൂ'.
എങ്കിലും ഫെദരറുടെ ആരാധകർക്ക് ആശ്വസിക്കാം. ഉടനെയൊന്നും ആ ദിനം ഉണ്ടാവില്ല. ടെന്നിസ് കരിയർ ഉടനെയൊന്നും വിടാൻ ഫെദരർക്ക് താൽപര്യമില്ല. 'ആ ദിനങ്ങൾക്കായി ഞാൻ കാത്തു നിൽക്കുന്നു, എന്നാൽ ആ ദിനങ്ങൾ എന്നെയും കാത്തിരിക്കേണ്ടി വരും. ടെന്നിസ് കളിക്കാരനെന്ന നിലയിൽ വിജയങ്ങളുടെ കാലമാണ് ഇത്. അവിസ്മരണീയ നിമിഷങ്ങൾ' -ഫെദരർ പറഞ്ഞു.

റോട്ടർഡാം ഓപണിൽ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപിച്ച് കിരീടം നേടിയതോടെ 2012 നു ശേഷം ആദ്യമായാണ് ഫെദരർ ലോക ഒന്നാം നമ്പർ സ്ഥാനത്ത് തിരിച്ചെത്തിയത്. ഫെദരർ ഈ പദവി തിരിച്ചുപിടിച്ചതിൽ അധികമാർക്കും അമ്പരപ്പില്ലെങ്കിലും ഫെദരർക്ക് അത് വിശ്വസിക്കാനാവുന്നില്ല. 'വല്ലാത്ത ആശ്ചര്യം തോന്നുന്നു. 2016 ലെ ശസ്ത്രക്രിയക്കു ശേഷം ലോക ഒന്നാം നമ്പർ തിരിച്ചുപിടിക്കാനാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മറ്റൊരു ഗ്രാന്റ്സ്ലാം നേടുമെന്നു പോലും ഉറപ്പില്ലായിരുന്നു. അതിനാൽ ഇത് അവിശ്വസനീയമായ തിരിച്ചുവരവാണ്. എന്റെ ഏറ്റവും മികച്ചത്' -ഫെദരർ വെളിപ്പെടുത്തി.
രണ്ടു വർഷം മുമ്പാണ് ഫെദരർ കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായത്. താൻ സ്വയം സമർപ്പിച്ച കളിയിൽ നിന്നല്ല ഇതിനു കാരണമായ പരിക്കുണ്ടായത് എന്നതാണ് കൗതുകം. മക്കളെ കുളിപ്പിക്കുന്നതിനിടയിലായിരുന്നു പരിക്കേറ്റത്. ദീർഘമായ ചികിത്സക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ വർഷം തുടക്കത്തിൽ തിരിച്ചെത്തിയത് മിന്നുന്ന ഫോമിലാണ്.
താൻ വളർന്ന രീതിയാണ് ഇത്ര പ്രശസ്തിയും സ്‌നേഹവും ലഭിക്കാൻ കാരണമായി ഫെദരർ കരുതുന്നത്. 'എന്റെ പശ്ചാത്തലം നല്ലതായിരുന്നു. അമിതമായി ലാളിച്ച് വഷളാക്കാതെയാണ് അച്ഛനമ്മമാർ എന്നെ വളർത്തിയത്. സാധാരണ രാജ്യത്ത്, സാധാരണ നഗരത്തിൽ, സാധാരണ ഗ്രാമത്തിലാണ് വളർന്നത്. എനിക്ക് വളരാൻ ഉചിതമായ വഴിയായിരുന്നു അത്'. കളിക്കളത്തിലെ എതിരാളികളോട് വലിയ ആദരവുണ്ട് തനിക്കെന്ന് ഫെദരർ പറയുന്നു. 'അവർ എന്നെ നിരന്തരം വെല്ലുവിളിച്ചതിനാലാണ് എനിക്ക് മെച്ചപ്പെടാനും ഈ നിലയിലെത്താനും സാധിച്ചത്'.
ജനപ്രീതിയിൽ സന്തോഷമുണ്ടെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ലെന്ന് ഫെദരർക്ക് അറിയാം. 'മനക്കരുത്താണ് എന്റെ ശക്തി. സത്യസന്ധതയും തുറന്ന ഇടപെടലുമാണ് കരുത്ത്. എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല. എങ്കിലും എന്റെ സ്‌പോർട്‌സിനെ ഏറ്റവും നന്നായി പ്രതിനിധീകരിക്കണമെന്ന് എനിക്ക് വാശിയുണ്ട്'.
ഇപ്പോൾ ഫെദരറുടെ വെല്ലുവിളി കഴിഞ്ഞ വർഷം നേടിയ കിരീടങ്ങൾ നിലനിർത്തുകയാണ്. ഓസ്‌ട്രേലിയൻ ഓപൺ നിലനിർത്തിക്കഴിഞ്ഞു.മാർച്ചിൽ ഇന്ത്യൻവെൽസിലെ കിരീടമാണ് അടുത്ത ലക്ഷ്യം. ഏപ്രിൽ മയാമിയിലും.






