കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന ഹോട്ടലുടമ ജീവനൊടുക്കി

തിരുവനന്തപുരം- കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കടബാധ്യത മൂലം തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി. പന്തുവിള പുത്തന്‍വീറ്റില്‍ വിജയകുമാറിനെ (52)യാണ് ഹോട്ടലിനു പുറത്തെ ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവാപ്പള്ളിയില്‍ ന്യൂലാന്‍ഡ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാത്രി വീട്ടില്‍ വരാത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയില്ല.

തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് വളരെക്കാലം ഹോട്ടല്‍ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കടബാധ്യത മൂലം തിങ്കളാഴ്ച മാത്രം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത രണ്ടാമത്തെയാളാണ് വിജയകുമാര്‍.

 

Latest News