ഹോഷിയാര്‍പുര്‍- പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയില്‍ വിമുക്ത ഭടനേയും ഭാര്യയേും കൊന്ന് കത്തിച്ച സംഭവത്തില്‍ മരുമകളും കാമുകനും അറസ്റ്റില്‍. കത്തിക്കരിഞ്ഞ നിലയിലാണ് വൃദ്ധ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്.
റിട്ട.സുബേദാര്‍ മഞ്ജീത് സിങ്, ഭാര്യ ഗുര്‍മീത് സിങ് എന്നിവരാണ് മരിച്ചത്. മരുമകളും കാമുകനും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ദമ്പതികളുടെ മകനായ രവീന്ദര്‍ സിങ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗേറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളില്‍ ദമ്പതികളെ കസേരയില്‍ കെട്ടിയിട്ടശേഷം കത്തിച്ച നിലയിലായിരുന്നു.
മരുമകളും കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.വീട്ടില്‍നിന്ന് മോഷണം പോയ പണവും ആഭരണങ്ങളും പ്രതികളില്‍നിന്ന് കണ്ടെടുത്തു.






