ജാഗ്രത കാണിക്കണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും - സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ് - സൗദിയിൽ കൊറോണ കേസുകൾ ഭീതിജനകവും ശ്രദ്ധേയവുമായ നിലക്ക് വർധിച്ചുവരികയാണെന്നും എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കുകയും ചെയ്യാതിരുന്നാൽ നാം ആഗ്രഹിക്കാത്ത നിലയിലേക്ക് കാര്യങ്ങൾ തിരികെ പോകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പ്രതിവാര പത്രസമ്മേളനത്തിൽ പങ്കെടുത്താണ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിലും വാക്‌സിൻ സ്വീകരിക്കുന്നതിലും അലസതയും അലംഭാവവും കാണിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകിയത്. 
കൊറോണ മഹാമാരിയെ കുറിച്ച് കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവും ശിക്ഷ ലഭിക്കും. മാസ്‌കുകൾ ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ആയിരം റിയാൽ തോതിൽ പിഴ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ലഭിക്കും. പരമാവധി ഒരു ലക്ഷം റിയാൽ വരെയാണ് ഇത്തരക്കാർക്ക് പിഴ ലഭിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ലോകത്ത് കൊറോണ കേസുകളിലുള്ള വലിയ വർധനവുമായി ഒത്തുപോകുന്ന നിലക്കാണ് സൗദിയിലും കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ കേസുകൾ വലിയ തോതിൽ വർധിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. നാലു ദിവസത്തിനിടെ രാജ്യത്ത് കൊറോണ കേസുകളിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും കൊറോണ കേസുകൾ വർധിക്കുമെന്നാണ് കരുതുന്നത്. മുൻ തരംഗങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ കൊറോണ തരംഗം ഏറ്റവും ഉയർന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ല. 
നിലവിൽ ആരോഗ്യ പരിചരണവും ആശുപത്രികളിൽ കിടത്തി ചികിത്സയും തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയും ആവശ്യമുള്ളവരിൽ ഭൂരിഭാഗവും വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാത്തവരാണ്. നിലവിൽ ആരോഗ്യ വകുപ്പുകൾ നിർദേശിക്കുന്നതു പ്രകാരം ഒമിക്രോൺ വകഭേദം നേരിടുന്നതിൽ ബൂസ്റ്റർ ഡോസ് ആണ് ഫലപ്രദം. ഇപ്പോഴത്തെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഗർഭിണികൾ മടിച്ചുനിൽക്കരുത്. സൗദിയിൽ കൊറോണ വാക്‌സിൻ വിതരണം 5.1 കോടി ഡോസ് കവിഞ്ഞിട്ടുണ്ട്. രണ്ടു ഡോസ് സ്വീകരിച്ചവർ 2.31 കോടി പിന്നിട്ടതായും ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. 
ഒമിക്രോൺ വകഭേദത്തിനെതിരെ ഒരു ഡോസ് വാക്‌സിൻ 52 ശതമാനവും രണ്ടു ഡോസ് വാക്‌സിൻ 72 ശതമാനവും ബൂസ്റ്റർ ഡോസ് 88 ശതമാനവും പ്രതിരോധം നൽകുന്നതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അധികൃതർ പറഞ്ഞു. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദം കാരണം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ട കേസുകൾ കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഒമിക്രോണുമായി ബന്ധപ്പെട്ട പൊതുഭീഷണി ഏറെ കൂടുതലാണെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി അധികൃതർ പറഞ്ഞു.
 

Latest News