എന്നാണ് നിങ്ങൾ അവസാനമായി കരഞ്ഞത്? എന്തിനായിരുന്നു കണ്ണ് നിറഞ്ഞത്? ഈ ചോദ്യം കുട്ടികളോട് ആണെങ്കിൽ പൊതുവെ ഇന്ന് എന്നായിരിക്കും ഉത്തരം. എനിക്ക് വേദനിച്ചതിനാൽ അല്ലെങ്കിൽ എന്നെ വഴക്ക് പറഞ്ഞതിനാൽ എന്നോ ആയിരിക്കും കാരണം പറയുക. മുതിർന്നവർക്ക് അത്ര പെട്ടെന്ന് ഉത്തരം പറയാൻ കഴിയുന്ന ചോദ്യങ്ങളല്ല അവ.
മൃഗങ്ങളുടെ കണ്ണീർ അവയുടെ കണ്ണുകളുടെ സംരക്ഷണത്തിനാണ്. എന്നാൽ വികാരത്തിനടിപ്പെട്ടാണ് മനുഷ്യർ കരയുന്നത്. നാം കരയുന്നത് സങ്കടം വരുമ്പോൾ മാത്രമല്ല. സന്തോഷം വരുമ്പോഴും നാം കണ്ണീർ തൂവാറുണ്ട്.
എന്തിനാണ് നാം കരയുന്നത് എന്ന കാര്യം മനുഷ്യ കുലത്തെ ഏറെ അദ്ഭുതപ്പെടുത്തുകയും ചിന്താശീലരെ മനുഷ്യ ചരിത്രത്തിലുടനീളം വിസ്മയിപ്പിച്ചിട്ടുമുണ്ട്.
മൂത്രം പോലെ കണ്ണീർ ശരീരത്തിന്റെ വിസർജ്യ വസ്തുവാണെന്ന് അരിസ്റ്റോട്ടിൽ കരുതിയിരുന്നത്രേ!
വികാര വിരേചനത്തിന് കരച്ചിൽ സഹായിക്കുന്നുണ്ട് എന്നതിൽ രണ്ടഭിപ്രായമില്ല. മനസ്സംഘർഷങ്ങൾക്ക് കാരണമാവുന്ന രാസപദാർത്ഥങ്ങൾ കണ്ണീരിലൂടെ ഒഴുകിപ്പോവുന്നു എന്നാണ് കണ്ണീരിനെ ചിലർ വിശദീകരിക്കുന്നത്. അതത്ര മാത്രം വിശ്വസനീയമല്ല എന്ന് ശാസ്ത്രം വിലയിരുത്തിയിട്ടുണ്ട്. കരച്ചിൽ ശരീരത്തെയും മനസ്സിനെയും അയവുള്ളതാക്കുന്നതായും ശാന്തമാക്കുന്നതായും കാണാം. ഓക്‌സിടോസിൻ എന്ന ഹോർമോൺ കൂടുതൽ ചുരത്താനും പാരാ സിംപതെറ്റിക് നെർവസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും കരച്ചിൽ കാരണമാവുന്നുണ്ട് എന്നതിന് ഭാഗികമായ ചില തെളിവുകൾ ശാസ്ത്രം ശരിവെക്കാതല്ല.
ഏതായാലും കരച്ചിലിന്റെ ഉദ്ദേശ്യം ശാരീരികമെന്നതിനേക്കാൾ സാമൂഹ്യമാണെന്നതാന്നെന്ന് പൊതുവെ പറയപ്പെടുന്നു. നഷ്ടങ്ങളോടും രോഗങ്ങളോടുമുള്ള പ്രതികരണമായും കരച്ചിൽ രൂപപ്പെടുന്നുണ്ട്. മനുഷ്യന്റെ വികാസത്തിന്റെ ഭാഗമായി വളർന്നു വന്ന എമ്പതി അഥവാ പരാനുഭൂതി കരച്ചിലിന് രണ്ടാമത് ഒരു ധർമം കൂടിയുള്ളതായി തെളിയിക്കുന്നു; മാനസികമോ ശാരീരികമോ ആയ പീഡകളുടെ വേളയിൽ മറ്റുള്ളവരിൽ നിന്നും സഹായം നേടിയെടുക്കാനുള്ള ഒരു ഉപാധിയായി കരച്ചിൽ മാറുന്നത് അങ്ങനെയാണ്. കരച്ചിലിനെ കുഞ്ഞുങ്ങളും മനോരോഗികളുമാണ് അവരുടെ കാര്യസാധ്യത്തിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
നാം എങ്ങനെ, എന്തിന്റെ പേരിൽ കരയുന്നുവെന്നത് പ്രായത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. നവജാത ശിശുവിന് ആദ്യത്തെ ഏതാനു ആഴ്ചകളിൽ കണ്ണീരുണ്ടാവില്ല. അവരുടെ കണ്ണുനീർ ഗ്രന്ഥികൾക്ക് വേണ്ടത്ര വളർച്ചയെത്താതാണതിന്റെ കാരണം. അവരുടെ ശബ്ദമുഖരിതമായ കരച്ചിൽ കണ്ണീരിനു വഴിമാറുന്നത് അവർ വളരുന്നതോട് കൂടിയാണ്. കൗമാരത്തിൽ ശാരീരികമായ വേദനയേക്കാൾ മാനസികമായ നോവാണ് നമ്മെ കൂടുതൽ കരയിപ്പിക്കുന്നത്. കുറേക്കൂടി പ്രായം ചെന്നാൽ സന്തോഷം വരുമ്പോഴാണ് കണ്ണ് കൂടുതൽ നിറയുക. മധുരിക്കുന്ന കണ്ണീരിന്റെ കാലമാണതെന്ന് പറയാം. ജീവിതം ദ്രുതഗതിയിൽ കടന്നുപോകുന്നതും മരണം അടുത്തടുത്ത് വരുന്നതും തിരിച്ചറിയുന്ന നിമിഷങ്ങൾ കൂടിയാണത്. 'ഓർമകളുൾത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണിൽച്ചവിട്ടുമ്പോൾ' എന്ന് ഇടശ്ശേരി പറഞ്ഞത് അത്തരത്തിൽ ഒരു സന്ദർഭത്തിലായിരിക്കണം.
കരച്ചിലിനെ കുറിച്ച് പറയുമ്പോൾ മുതലക്കണ്ണീർ പരാമർശിക്കാതെ വയ്യ. കാര്യലാഭത്തിന് വേണ്ടിയുള്ള ഉണ്ടാക്കിക്കരച്ചിലാണത്. എളുപ്പത്തിൽ പിടിക്കപ്പെടുന്ന കാപട്യമാണത്. കാരണം സ്വാഭാവികമായ കണ്ണീർ അത്ര അനായാസേന വ്യാജമായുൽപാദിപ്പിക്കാൻ കഴിയില്ല. സത്യസന്ധമാണെങ്കിൽ നേർത്തൊരു കരച്ചിൽ മതി, ഒരു വേള ആരുടേയും കരളലിയിപ്പിക്കാൻ.
കരച്ചിലിനോടുള്ള സമീപനത്തിൽ സ്ത്രീ പുരുഷൻമാർക്കിടയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. സ്ത്രീകൾക്ക് എളുപ്പത്തിൽ കണ്ണ് നിറയും. പുരുഷൻമാർ പൊതുവെ പല ഗോഷ്ടികളിലൂടെയും കണ്ണീരടക്കി നിർത്താൻ പരമാവധി പരിശ്രമിക്കും.
'അരുത് ചൊല്ലുവാൻ നന്ദി കരച്ചിലിൻ അഴിമുഖം നമ്മൾ കാണാതിരിക്കുക' എന്ന് ചുള്ളിക്കാടും സഫലമീയാത്രഎന്ന പ്രശസ്ത കവിതയിൽ 'എന്തു, നിൻ മിഴിയിണ തുളുമ്പുന്നുവോ-
സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളിൽ...
മിഴിനീർച്ചവർപ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക. '
എന്ന വരികളും സാന്ദർഭികമായി ഓർമയിലെത്തുന്നു.
കരണീയമായ സാഹചര്യങ്ങളിൽ പോലും വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത, ഒട്ടും കണ്ണീർ തൂവാത്ത പുരുഷനേക്കാൾ കടുത്ത സങ്കടങ്ങൾക്കിടയിൽ ആത്മനിയന്ത്രണത്തോടെ
കണ്ണ് നിറയുന്ന പുരുഷനാണ് കൂടുതൽ യോഗ്യൻ എന്ന് കാണാവുന്നതാണ്.
ക്രിമിനലുകളുടെ അഴിഞ്ഞാട്ടങ്ങൾ കാരണം കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ മിഴിനീർ വറ്റിയ നിലവിളികൾ തുടരെ തുടരെ ഭീതിദമാം വണ്ണം മുഴങ്ങുമ്പോൾ ശിലാ ഹൃദയങ്ങൾ പോലും അലിഞ്ഞു പോവുന്ന മനുഷ്യ കാരുണ്യം ചുരത്തുന്ന തീർത്ഥസമാനമായ കണ്ണീർ കൊണ്ട് നിരന്തരം ഓരോരുത്തരം സ്വന്തത്തെ സ്ഫുടം ചെയ്‌തെടുത്ത് സാമൂഹ്യ സുരക്ഷക്ക് കാവലാളായേ മതിയാവൂ.






