കുട്ടികളിലെ അന്തർമുഖത്വം

ഇന്ന് നമുക്ക് മറ്റൊരു വിഷയം ചർച്ച ചെയ്യാം. കുട്ടികളിലെ പല ഗുണങ്ങൾ നമ്മൾ ചൂണ്ടിക്കാണിക്കുമ്പോഴും അതിനിടയിൽ മറക്കാതെ ചർച്ച ചെയ്യേണ്ട പ്രധാന വിഷയമാണ് കുട്ടികളിലെ അതിയായ നാണത്തെ നിയന്ത്രിക്കേണ്ട  കാര്യങ്ങൾ. ആണായാലും പെണ്ണായാലും ചെറിയ നാണം ഉണ്ടാവുന്നത് വളരെ വ്യക്തി ഭംഗി നൽകുന്നതും പ്രത്യേകിച്ചും പെൺകുട്ടികളിൽ അവരെ സ്ത്രീത്വത്തിന് അത് വളരെ മാറ്റ് കൂട്ടുകയും ചെയ്യും എന്ന വിഷയത്തിൽ തർക്കമില്ല. പെൺകുട്ടികളുടെ സൗന്ദര്യം എന്നത് ശരീര ഭംഗിക്കും വസ്ത്രത്തിനും അതീതമായി കാണുന്നവർക്ക് ഭംഗി അനുഭവപ്പെടണമെങ്കിൽ അതിന്റെ കൂടെ കുറഞ്ഞ അളവിൽ നാണത്തിന്റെ ഒരു മേൽഭംഗി കൂടി  ഉണ്ടായിരിക്കണം. അതേ അവസരത്തിൽ ആൺകുട്ടികളിൽ പല കാരണങ്ങൾ കൊണ്ടും നാണം വർധിക്കാൻ ഹേതുവായി  നമുക്ക് എടുത്ത് പറയാൻ കഴിയും. ഒരു പരിധിവരെ നാണം എല്ലാ കുട്ടികളിലും കുറച്ചുകൊണ്ടുവരാൻ സഹായിക്കുന്ന ഘടകങ്ങളാണ് കായിക വിനോദങ്ങൾ, കലാ സാഹിത്യ മത്സരങ്ങൾ, സംഭാഷണ / പ്രഭാഷണ കലകൾ എന്നിവയെല്ലാം. ആൺകുട്ടികൾ ആണെങ്കിലും പെൺകുട്ടികൾ ആണെങ്കിലും അതേ ലിംഗ വിഭാഗത്തിലുള്ള ആളുകളുമായാണ് കൂടുതൽ സഹവാസം അഥവാ പഠനങ്ങളും മറ്റും എങ്കിൽ അത് അവരിലെ മാനസിക നിലയെ വളരെ ബാധിക്കും എന്ന് മാത്രമല്ല അവരുടെ സംഭാഷണം / ശരീര ഭാഷ എല്ലാം അതിനനുസരിച്ചു കൂടുതൽ കൂടുതൽ ക്രമപ്പെട്ടുകൊണ്ടിരിക്കും എന്ന് കൂടി മനസ്സിലാക്കുക.
അതിയായ നാണം എന്തുകൊണ്ട് നമ്മൾ നിയന്ത്രിക്കണം എന്ന് പറയാൻ പ്രധാന കാരണം അത് കുട്ടികളുടെ പല അവസരങ്ങളെയും നഷ്ടപ്പെടുത്തും എന്നതുകൊണ്ടാണ്.  നാണം കൂടുതലുള്ള ആളുകളിൽ നമുക്ക് ഉത്തരവാദിത്തമുള്ള ജോലികൾ ഏൽപിക്കാൻ കഴിയില്ല എന്നതാണ് അടിസ്ഥാന വിഷയം. ഇന്റർവ്യൂ, ജോബ് സെക്ഷൻ എന്നിവയിൽ ഇത്തരം വിഷയങ്ങൾ കുട്ടികളുടെ പേഴ്‌സണാലിറ്റി ഇമേജിനെ വളരെ ദുർബലപ്പെടുത്തുകയും കാലക്രമേണ ഇത്തരം കുട്ടികൾ സാമൂഹിക ഉത്തരവാദിത്തമുള്ള ചുറ്റുപാടിൽ നിന്നും പിറകോട്ട് പോവുകയും ചെയ്യും. എല്ലാ കുട്ടികളുടെയും പ്രൊഡക്ടിവിറ്റി കൂട്ടാൻ നാണത്തിനു പകരം അവരിലെ ഉന്മേഷത്തെ പുറത്തേക്കെടുത്ത് അതിനെ അവരുടെ പൊതുസ്വഭാവമായി നമുക്ക് വളർത്തിയെടുക്കാൻ  കഴിയണം. കുട്ടികൾ വലുതാകുംതോറും അവരിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ സമയം എടുക്കുമെന്നു മാത്രമല്ല അത് ദീർഘവുമായിരിക്കും. വളരെ കൊച്ചുപ്രായത്തിൽ  തന്നെ നാണം എന്ന് നിഴൽ അധികമാവാതെ കുട്ടികളുടെ പൊതുജീവിതം തുടങ്ങിവെക്കാൻ നമുക്ക് കഴിയണം. അധികമായാൽ നാണം വലിയ ശത്രുവാണ് കുട്ടികളുടെ ഭാവിക്ക്.
ഇനി എന്തുകൊണ്ട് കുട്ടികളിൽ നാണം വർധിക്കുന്നു എന്ന് പരിശോധിക്കാം. കുട്ടികൾ വാ തുറക്കാതെ കണ്ണുകൾ കൊണ്ട് നോക്കുകയും സ്വന്തം അഭിപ്രായങ്ങളെ അവതരിപ്പിക്കാൻ മടികാണിച്ച്  പേടി കാരണം പിന്നോട്ട് പോവുന്ന അവസ്ഥയാണ് നാണത്തിന്റെ ഒരു വശം. എല്ലാം അറിഞ്ഞിട്ടും സ്വയം പേടി തോന്നി പിന്നോട്ട് പോവുന്നതാണ് മറ്റൊരു വശം. തന്റെ ചുറ്റുപാടുമുള്ള ആളുകൾ എങ്ങനെ കരുതും എന്നതാണ് രണ്ടു വിഭാഗം ആളുകളും കരുതുന്നത്. അനാവശ്യമായി സ്വന്തം കഴിവുകൾ പ്രയോഗിക്കാൻ മടി കാണിക്കുകയും അങ്ങനെ ആരും അറിയാതെ എന്നാൽ നമ്മൾ കണ്ട പല ആളുകളേക്കാളും കേമന്മാരായ ആളുകൾ ഇത്തരം ആളുകളിലുണ്ട്. ഔദ്യോഗിക മേഖലയിലും കലാസാഹിത്യ മേഖലയിലും ഇത്തരം ആളുകളുടെ കൊഴിഞ്ഞുപോക്ക് നമുക്ക് പലപ്പോഴും കാണാൻ കഴിയും. രണ്ടോ മൂന്നോ ആളുകളിലേക്ക് ഒതുങ്ങിക്കൂടി ഒരു ചെറിയ ലോകത്ത് കുറച്ചു സ്വപ്‌നങ്ങളുമായി ജീവിക്കുന്നവരാണ് ഇത്തരം ആളുകൾ പൊതുവിൽ. അധികം കൂട്ടുകാർ ഉണ്ടാവില്ല എന്നതാണ് ഇത്തരം ആളുകളുടെ ഒരു പ്രത്യേകത.
ഇരുട്ടുള്ള മുറിയിൽ ഒരു മെഴുകുതിരി കത്തിച്ചു നമ്മൾക്ക് ഇരുട്ടിനെ അകറ്റി ആ മുറിയിലെ അവസ്ഥക്ക് മാറ്റം കൊണ്ടുവരാൻ കഴിയും. എന്നതു പോലെ, കുട്ടികളിലെ ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങിയാൽ അവരുടെ കുഞ്ഞുമനസ്സിലേക്ക് കേറിവരുന്ന പേടിയാണ് നാണമായി പരിവർത്തനം ചെയ്യപ്പെടുന്ന ഒരു ഭാഗം. ഇനി എങ്ങനെയാണ് ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുക? ആരാണ് ഇതിന് ഉത്തരവാദി എന്നു കൂടി നമ്മൾ കണ്ടെത്തണം. കുട്ടികളുടെ ലോകത്ത് അവർ നോക്കുകയും കേൾക്കുകയും ചെയ്യുന്ന രണ്ടു വിഭാഗം ആളുകളാണ് മാതാപിതാക്കൾ, ഗുരുനാഥന്മാർ എന്നിവർ. 
ഈ രണ്ടുപേരുടെയും സ്വഭാവ രീതികൾ / കുട്ടിയോടുള്ള പെരുമാറ്റ രീതികൾ അവരെ മനസ്സിനെ വളരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. നിങ്ങൾ എല്ലാ വിഷയത്തിലും കുട്ടിയോട്  നോ..നോ..എന്ന് മാത്രം പറയാൻ ശീലിച്ചാൽ പിന്നീട് ആ കുട്ടിക്ക് ശരി എന്ന് തോന്നുന്നത് പോലും പേടി കാരണം തെറ്റായി വ്യാഖ്യാനിച്ചു കുട്ടിയുടെ സ്വഭാവത്തിൽ ചെറിയ രൂപത്തിൽ ഒരു ഉൾവലിയൽ അല്ലെങ്കിൽ പിറകോട്ട് മാറിനിൽക്കൽ ഉണ്ടാവാൻ തുടങ്ങും. കുട്ടിയോട്   എപ്പോഴും നോ..നോ..പറയാതെ തെറ്റുകൾ അവർ  തന്നെ കണ്ടെത്തി സ്വയം തീരുമാനം എടുക്കാനും അത് പ്രകടിപ്പിക്കാനും അവർക്ക് അവസരം നൽകുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. കുറച്ചു തെറ്റുകൾ വന്നാലും നാണം / പേടി  മൂലം ഭാവിയിൽ വരാൻ പോവുന്ന വലിയ ആപത്തിനെ അത് തടയും.
പൊതുചടങ്ങുകൾ ഉണ്ടാവുമ്പോൾ, കലാ കായിക വിനോദങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം കുട്ടികളുടെ മനോഗതികൾ / ഭാവനകൾ എല്ലാം ചേർന്ന  കൈയൊപ്പുള്ള പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. അങ്ങനെ മെല്ലെ മെല്ലെ അവരുടെ ഉള്ളിലെ നാണത്തെയും പേടിയെയും നമുക്ക് മാറ്റിയെടുത്ത് ഉന്മേഷം നിറഞ്ഞ, ചിരിച്ചുകൊണ്ട് നമ്മളോട് ഇടപടാൻ കഴിയുന്ന കുട്ടികളുടെ സ്വഭാവ രൂപീകരണം നടത്താൻ നമുക്കു കഴിയണം. അതിനുതകുന്ന ഏറ്റവും നല്ല ഒരു ഉപാധിയാണ് നർമ സംഭാഷണം. നർമ സംഭാഷണം കുട്ടികളിലെ ഉന്മേഷത്തെ വളരെയധികം വർധിപ്പിച്ച് അവരിൽ പുതിയ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ വളരെയെളുപ്പം സഹായിക്കും. കുട്ടികളിലെ ഉന്മേഷം നിലനിർത്താൻ നമുക്ക് ചെയ്യാവുന്ന ഒരു ചെറിയ പൊടിക്കൈയാണ് ദിവസവും അവരോടു പറയുന്ന ഒരു ഗുഡ് മോർണിംഗ്. അത് കേൾക്കുമ്പോൾ അവരുടെ മുഖം ശ്രദ്ധിക്കുക. കുട്ടികളുടെ മുഖത്തു അതിരാവിലെ കിട്ടിയ ഒരു അംഗീകാരം പോലെ അത് തിളങ്ങി നിൽക്കും. ഒന്ന് ശ്രമിച്ചു നോക്കൂ, നാളെ മുതൽ..
കുട്ടികളെ ശകാരിക്കൽ, വടിയെടുത്ത് മെല്ലെ അടിക്കൽ, മറ്റുള്ളവരുടെ മുമ്പിൽ വെച്ച് മോശമായി ചിത്രീകരിക്കൽ എല്ലാം പഴഞ്ചൻ രീതികളാണ്. ഇപ്പോഴുള്ള കുട്ടികൾ ജനിച്ചു വീഴുന്നത് തന്നെ ടെക്‌നോളജി യുഗത്തിലേക്കാണ്. അവരോട് കാലാത്മകമായി പെരുമാറുക എന്നതാണ് ഏറ്റവും അഭികാമ്യം. നമ്മൾ കാണുന്ന ലോകത്തെ അവർക്കും പരിചയപ്പെടുത്തിക്കൊടുക്കുക. 
അങ്ങനെ അവർക്കു കൂടി നടക്കാനുള്ളതാണ് ഇന്നത്തെ എല്ലാ വഴികളും എന്നും അവർ സ്വയം നടക്കാൻ പ്രാപ്തരാവണം എന്നും അവരെ അറിയിച്ചുകൊണ്ടിരിക്കുക. വലിയവരുടെ ലോകത്തെ കുട്ടികളുടെ ലോകത്തിലേക്ക് പരിചയപ്പെടുത്താൻ നമ്മൾ കുട്ടികളുടെ നിലവാരത്തിൽ നിന്നുകൊണ്ട് ശ്രമം നടത്തണം. കുട്ടികൾക്ക് മനസ്സിലാക്കാൻ ഏറ്റവും എളുപ്പം കുട്ടികളുടെ ലോകമാണ്.

Latest News