ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രഫിയിലുമുള്ള കമ്പമാണ് കലാകാരന്മാരോടും കലയോടും അടുപ്പിച്ചത്. ഇടക്കിടക്കൊക്കെ മൈക്ക് ഓപറേറ്ററായും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. അങ്ങനെയിരിക്കേയാണ് ഒരു ദിവസം ഈണം ദോഹയുടെ മുസ്തഫ ഒരു പരിപാടിക്ക് സൗണ്ട് ചെയ്യാൻ അവസരം നൽകിയത്. ആ പരിപാടി വിജയിച്ചതോടെ പിന്നെ ഈണം ദോഹയുടെ എല്ലാ പരിപാടികളുടെയും സ്ഥിരം സൗണ്ട് കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. അങ്ങനെ പ്രായോഗിക ജീവിതത്തിൽ നിന്നും പഠിച്ചെടുത്താണ് സൗണ്ട് കൈകാര്യം ചെയ്യാൻ ആത്മവിശ്വാസം നേടിയത്.
ഖത്തറിലെ ചെറുകിട സാമൂഹ്യ സാംസ്കാരിക വേദികളില സൗണ്ട് എൻജിനീയറായ സലീം ബി.ടി.കെ തികച്ചും യാദൃഛികമായി ആ മേഖലയിലെത്തിയ കലാകാരനാണ്. പാട്ടും കലകളുമൊക്കെ കുട്ടിക്കാലം മുതലേ സലീമിന്റെ രക്തത്തിലലിഞ്ഞു ചേർന്നതുകൊണ്ടാകാം ലഭിച്ച അവസരം പ്രയോജനപ്പെടുത്തി സൗണ്ടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പഠിച്ചെടുക്കുവാൻ ഈ നാദാപുരത്തുകാരൻ തുനിഞ്ഞിറങ്ങിയത്.

ഇന്നിപ്പോൾ കാൽ നൂറ്റാണ്ടിലേറെ കാലത്തെ പരിചയ സമ്പത്ത്് തന്നെയാണ് ഈ രംഗത്ത് സലീമിന്റെ ഏറ്റവും വലിയ കരുത്ത്.
നാദാപുരം പയന്തോങ്ങിലെ അശ്വതി കലാവേദിയിൽ മിമിക്രി ആർട്ടിസ്റ്റായി കലാരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കേയാണ് ഖത്തറിലേക്ക് വിസ വന്നത്. ഖത്തറിലെത്തിയ ശേഷം തന്റെ കലാപ്രവർത്തനങ്ങൾ എങ്ങനെ തുടരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ നാട്ടുകാരും കലാസാംസ്കാരിക പ്രവർത്തകരുമൊക്കെ സഹായത്തിനുണ്ടായതിനാൽ ഒന്നിനും പ്രയാസമുണ്ടായില്ല. കെ.എം. സി.സി കലോൽസവത്തിൽ മിമിക്രിക്കും മോണോ ആക്ടിനും സമ്മാനം നേടിയതോടെ ഖത്തറിൽ സലീം ശ്രദ്ധിക്കപ്പെട്ടു. ഖത്തറിലെ എക്കാലത്തേയും മികച്ച മലയാള നാടകങ്ങളായ മിസ്രിലെ രാജൻ, ലൈല മജ്നു, നക്ഷത്രങ്ങൾ കരയാറില്ല തുടങ്ങി പത്തോളം നാടകങ്ങളിൽ വേഷമിട്ട സലീം കലാരംഗത്തെ തന്റെ സജീവ സാന്നിധ്യമുറപ്പിക്കുകയായിരുന്നു.

ഫോട്ടോ്രഗഫിയിലും വീഡിയോഗ്രഫിയിലുമുള്ള കമ്പമാണ് കലാകാരന്മാരോടും കലയോടും അടുപ്പിച്ചത്. ഇടക്കിടക്കൊക്കെ മൈക്ക് ഓപറേറ്ററായും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. അങ്ങനെയിരിക്കേയാണ് ഒരു ദിവസം ഈണം ദോഹയുടെ മുസ്തഫ ഒരു പരിപാടിക്ക് സൗണ്ട് ചെയ്യാൻ അവസരം നൽകിയത്. ആ പരിപാടി വിജയിച്ചതോടെ പിന്നെ ഈണം ദോഹയുടെ എല്ലാ രിപാടികളുടെയും സ്ഥിരം സൗണ്ട് കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. അങ്ങനെ പ്രായോഗിക ജീവിതത്തിൽ നിന്നും പഠിച്ചെടുത്താണ് സൗണ്ട് കൈകാര്യം ചെയ്യാൻ ആത്മവിശ്വാസം നേടിയത്. ഈണം ദോഹയുടെ ഫരീദ് തിക്കോടി, മുസ്തഫ എന്നിവരുമായി ചേർന്ന് ഒരു ചെറിയ പരിപാടിക്ക് വേണ്ട അത്യാവശ്യം ഉപകരണങ്ങളൊക്കെ വാങ്ങി സൗണ്ട് എൻജിനീയറായി മാറുകയായിരുന്നു.
എല്ലാ നല്ല കലകളും ആസ്വദിക്കുന്ന സലീം ലഭിച്ച എല്ലാ അവസരങ്ങളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തി. ജീവിതത്തിലും തൊഴിലിലുമുള്ള എല്ലാ ടെൻഷനുകളും മാറ്റി മനസ്സിന് ശാന്തതയും ആശ്വാസവും നൽകാനും കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാനും കലാപരിപാടികൾ ഏറെ സഹായിക്കുമെന്നാണ് സലീം കരുതുന്നത്.
ഖത്തറിൽ നിരവധി കലാകാരന്മാർക്ക് വളരാനുള്ള വേദിയൊരുക്കാനവസരം ലഭിച്ചുവെന്നതാണ് സൗണ്ട് രംഗത്ത് പ്രവർത്തിച്ചതുകൊണ്ട് ലഭിച്ച ഏറ്റവും വലിയ നേട്ടം. പല പരിപാടികൾക്കും കലാകാരന്മാരെ ആവശ്യം വരുമ്പോൾ സംഘാടകർ തന്നെ ബന്ധപ്പെടാറുണ്ട്. അങ്ങനെ നിരവധി പേർക്ക് അവസരം നൽകാനായി. ഇത്തരത്തിൽ അവസരം നൽകിയ പല കലാകാരന്മാരും ഇന്ന് അറിയപ്പെടുന്നവരാണ് എന്നത് തനിക്ക് ഏറെ ചാരിതാർഥ്യം നൽകുന്ന കാര്യമാണ്.

ഖത്തറിലുള്ള കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സമാന മനസ്സുകരായ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച സ്നേഹതീരം കൂട്ടായ്മയുടെ സെക്രട്ടറിയായ സലീം ജനങ്ങളെ സേവിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. വ്യക്തികളിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനും കുട്ടികളെ പ്രോൽസാഹിപ്പിക്കുവാനുമൊക്കെ ഉദ്ദേശിച്ച് രൂപീകരിച്ച ഈ കൂട്ടായ്മ വലിയ സാമൂഹ്യ സേവനങ്ങളാണ് ചെയ്യുന്നത്. കേവലം 5 കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മയിൽ ഇപ്പോൾ 74 കുടുംബങ്ങളുണ്ട്. ഈ കൂട്ടായ്മയോടുള്ള താൽപര്യത്തിന്റെ ഭാഗമായി സ്വന്തമായി വീട് വെച്ചപ്പോൾ സ്നേഹതീരം എന്ന പേരാണ് സലീം വീടിന് നൽകിയത്. പ്രവാസ ലോകത്ത് സംഗീതവും കലാപ്രവർത്തനവും ഏറെ സജീവമായിരുന്നു. കോവിഡ് മഹാമാരി കാരണം കുറെയായി ഇത്തരം പരിപാടികളില്ലാത്തതിനാൽ വല്ലാത്ത മാനസിക പ്രയാസമാണ്. എത്രയും വേഗം സ്ഥിതിഗതികൾ പൂർവസ്ഥിതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. പ്രവാസികളുടെ സംഘർഷങ്ങൾ ലഘൂകരിക്കാനും മാനസികോല്ലാസം നൽകി സജീവമാക്കാനുമൊക്കെ സംഗീത പരിപാടികളും കലാപ്രവർത്തനങ്ങളും സഹായകമാകുമെന്നാണ് സലീം കരുതുന്നത്.
റസീനയാണ് ഭാര്യ. റിസാന, ശമിൽ, റിസ്വാൻ, ശഹ്സാദ് എന്നിവർ മക്കളാണ്. മക്കളൊക്കെ കായികരംഗത്ത് മികവ് തെളിയിച്ചവരാണ്.






