ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ കാൽനടയായി മുബൈയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാൻ യുവാവ് രാജസ്ഥാൻ അതിർത്തിയിൽ വെച്ച് പോലീസ് പിടിയിൽ. അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പാക് പഞ്ചാബിലെ ബഹവൽപൂർ ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് അമീർ എന്ന 20 കാരനാണ് കസ്റ്റഡിയിലായിരിക്കുന്നത്.
മുംബൈയിലെ കാണ്ടിവ്ലിയിൽ നിന്നുള്ള 20 കാരിയായ പെൺകുട്ടിയെ കാണാനാണ് 1,300 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യാൻ അമീർ തീരുമാനിച്ചത്. കാമുകിയെ കാണാൻ പുറപ്പെട്ടതാണെന്നെ യുവാവിന്റെ വാദം രാജസ്ഥാൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് പരിചയപ്പെട്ട കാമുകിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി അമീർ ഇന്ത്യൻ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ അപേക്ഷ നിരസിക്കുകയായിരുന്നു.
വിസ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ പദ്ധതിയിട്ടത്. എങ്ങനെ മുംബൈയിൽ എത്തുമെന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇയാളുടെ അവകാശവാദം സ്ഥിരീകരിക്കാനും പെൺകുട്ടിയെ കണ്ടെത്താനും പ്രത്യേക പോലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പറയുന്നതെല്ലാം സത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അമീർ ഒരു ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഡിസംബർ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഗ്രാമം വിട്ടതെന്നും പോലീസ് പറഞ്ഞു. നിയമലംഘനത്തിനും മറ്റു കുറ്റങ്ങൾക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് ലഭിക്കുന്ന വിവരം.






