ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തിയ പാക്കിസ്ഥാന്റെ ഇരുപത് യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിർത്തലാക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിച്ചിരുന്ന ഈ ചാനലുകൾ ഇന്റർനെറ്റിൽ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന രീതിയിൽ വാർത്തകൾ പടച്ചുവിടുന്നവയായിരുന്നു.
കശ്മീർ വിഷയം, ഇന്ത്യൻ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങൾ, അന്തരിച്ച സി.ഡി.എസ് ജനറൽ ബിപിൻ റാവത് തുടങ്ങി രാജ്യത്തിനെതിരെ ആയുധമാക്കാൻ പല വിഷയങ്ങളും ഈ ചാനലുകൾ ഉപയോഗിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ജനാധിപത്യ പ്രക്രിയയെ തന്നെ ബാധിക്കുന്ന രീതിയിലാണ് ചാനലിലെ വാർത്തകളുടെ ഉള്ളടക്കമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.






