പലർക്കും വാട്സ്ആപ് സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുമ്പോൾ അബദ്ധങ്ങൾ പറ്റാറുണ്ട്. ചിലപ്പോൾ അപ്ലോഡ് ചെയ്യുന്ന ചിത്രം മാറിപ്പോകാം, കൈ തട്ടി അറിയാതെ എന്തെങ്കിലും സ്റ്റാറ്റസായി മാറാം. അങ്ങനെ ഒരുപാട് അമളികൾ. എന്നാൽ അത്തരം കാര്യങ്ങൾക്ക് പരിഹാരമായി പുതിയ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്. വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകൾ പെട്ടെന്ന് തന്നെ പിൻവലിക്കാനുള്ള സവിശേഷത വാട്സ്ആപ് വികസിപ്പിക്കുകയാണ്. സ്റ്റാറ്റസ് അപ്ഡേറ്റുകൾക്ക് സമീപമായി അൺഡു ബട്ടൻ അവതരിപ്പിക്കുമെന്നാണ് വിവരം. ഒരു ക്ലിക്കിൽ സ്റ്റാറ്റസുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും. നിലവിൽ ത്രീ ഡോട്ട് ബട്ടൺ വഴിയാണ് ഉപയോക്താക്കൾ സ്റ്റാറ്റസുകൾ ഡിലീറ്റ് ചെയ്യുന്നത്. നിലവിൽ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുന്നതിലും വേഗത്തിൽ ഇനി ഡിലീറ്റ് ചെയ്യാൻ കഴിയും. അതിനാൽ തന്നെ അബദ്ധത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മറ്റുള്ളവർ കാണുന്നതിന് മുൻപ് തന്നെ ഒഴിവാക്കാനായി സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഐ.ഒ.എസിലാണ് സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഇത് എത്തിയേക്കുമെന്നാണ് വിവരം. ആൻഡ്രോയിഡിൽ പുതിയ സവിശേഷത എന്ന് എത്തുമെന്നതിൽ ഔദ്യോഗികമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ല. എന്നാൽ വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.






