വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗങ്ങൾ കുറ്റകരമായ മെസേജുകൾ അയക്കുന്നതിൽ ഗ്രൂപ്പിന്റെ അഡ്മിൻ ഉത്തരവാദിയാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളിൽ അഡ്മിൻ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മധുര ബെഞ്ചിന്റേതാണ് വിധി.
'കാരൂർ ലോയേഴ്സ്' എന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകൻ ആർ. രാജേന്ദ്രന്റെ ഹരജിയിലാണ് കോടതി വിധി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പച്ചൈയപ്പൻ എന്നയാൾ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഇതേ ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകനാണ് ഹരജി നൽകിയത്. തുടർന്ന് പച്ചൈയപ്പനും ഗ്രൂപ്പ് അഡ്മിനായ രാജേന്ദ്രനുമെതിരെ കാരൂർ പോലീസ് കേസെടുക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർ എന്ന സ്ഥാനം മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നതെങ്കിൽ, മെസേജ് പോസ്റ്റ് ചെയ്ത സംഭവത്തിൽ അദ്ദേഹത്തിന് പങ്കില്ലെങ്കിൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇതേ വിഷയത്തിൽ ഈ വർഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
അതേസമയം രാജേന്ദ്രനെതിരെ മറ്റു തെളിവുകൾ ശേഖരിക്കാൻ പോലീസിന് സാധിക്കുകയാണെങ്കിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. 2020 ഓഗസ്റ്റിലാണ് പച്ചൈയപ്പനും രാജേന്ദ്രനുമെതിരെ പോലീസ് കേസെടുത്തത്. മെസേജ് അയച്ചതിനെ തുടർന്ന് പച്ചൈയപ്പനെ ആദ്യം ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
പച്ചൈയപ്പനും രാജേന്ദ്രനും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് അഡ്മിന് അംഗം പോസ്റ്റ് ചെയ്ത മെസേജ് സംബന്ധിച്ച് നേരത്തെ അറിവില്ലെങ്കിൽ, പോസ്റ്റിന് സമ്മതം നൽകുന്ന ഇടപെടൽ അഡ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കിൽ അഡ്മിൻ കുറ്റക്കാരനല്ല എന്നാണ് കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.






