വാട്സ്ആപ്പിൽ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്സ്ആപ് സ്റ്റാറ്റസ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചർ എന്ന നിലയിൽ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാൻ എല്ലാവരും ഇത് തെരഞ്ഞെടുക്കും. ഇപ്പോൾ സ്റ്റാറ്റസിൽ പുതിയ മാറ്റങ്ങൾ ആവിഷ്കരിക്കാൻ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്സ്ആപ് തയാറെടുക്കുകയാണ്.
ഇതിൽ പ്രധാനം വാട്സ്ആപ് സ്റ്റാറ്റസ് ഇടാൻ എടുക്കുന്ന വീഡിയോ അല്ലെങ്കിൽ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കിൽ ഡയറക്ട് സന്ദേശമായി ആർക്കെങ്കിലും അയക്കാമെന്നതാണ്. വാട്സ്ആപ് സംബന്ധിച്ച് പ്രത്യേകതകൾ പുറത്തുവിടുന്ന വാട്സ്ആപ് ബീറ്റ ഇൻഫോയാണ് ഈ കാര്യം സ്ക്രീൻ ഷോട്ട് അടക്കം പുറത്തുവിട്ടത്. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണിത്.
സ്റ്റാറ്റസ് സന്ദേശം ആർക്കാണോ ഡയറക്ട് സന്ദേശമായി അയക്കേണ്ടത് അത് അയക്കും മുൻപ് എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. നേരത്തെ തന്നെ ഇൻസ്റ്റഗ്രാമിൽ അടക്കം ഈ ഫീച്ചർ ലഭ്യമാണ്. ഇതാണ് ഇപ്പോൾ വാട്സ്ആപ്പിലേക്ക് മെറ്റ എടുക്കുന്നത്.
അതേസമയം പുതുവർഷത്തിലേക്ക് ഏറെ പുതുമകൾ വാട്സ്ആപ് ഇപ്പോൾ തന്നെ പരീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിൽ പ്രധാനപ്പെട്ടത് വാട്സ്ആപ് വോയിസ് സന്ദേശങ്ങളുടെ യൂസർ ഇന്റർഫേസ് അടക്കം മാറ്റുന്നതാണ്.
അടുത്തിടെ വാട്സാപ്പിൽ പുതുതായി വന്ന ഒരു ഫീച്ചറാണ് വ്യൂ വൺസ്. പേര് പോലെ തന്നെ ഫോട്ടോകളും വീഡിയോകളും ഒറ്റത്തവണ കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സുരക്ഷാ ഫീച്ചറാണിത്. നമ്മൾ ഒരാൾക്ക് ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചാൽ അത് ആ വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ കാണാൻ സാധിക്കൂ. ഡിസപ്പിയറിങ് ഫീച്ചർ എന്ന പേരിൽ ടെലഗ്രാം കൊണ്ടുവന്ന ഫീച്ചറിന് സമാനമായ ഒന്നാണ് വ്യൂ വൺസും. വ്യൂ വൺസ് ഫീച്ചർ വഴി അയച്ച സന്ദേശം ലഭിക്കുന്ന വ്യക്തി അത് തുറന്നതിന് ശേഷം ആ ഫോട്ടോയോ വീഡിയോയോ താനെ റിമൂവ് ആകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം നൽകാൻ ഇതിലൂടെ സാധിക്കുമെന്ന് വാട്സ്ആപ് അധികൃതർ പറയുന്നു. ഫോട്ടോ ഓപൺ ചെയ്താലും ഇത് ഫോൺ ഗാലറിയിൽ സൂക്ഷിക്കില്ല.
അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകർത്താവിന്റെ ഫോണിൽ ശേഖരിക്കപ്പെടില്ല. അയക്കുന്നയാളിന്റെ ചാറ്റിലും ഇവ പിന്നീട് കാണാൻ സാധിക്കില്ല. വ്യൂ വൺസ് വഴി അയച്ച ചിത്രങ്ങളും വീഡിയോകളും മറ്റുള്ളവർക്ക് പങ്കുവെക്കാൻ സാധിക്കില്ല. അയച്ച് 14 ദിവസത്തിനുള്ളിൽ തുറന്നില്ലെങ്കിൽ പിന്നെ കാണാൻ കഴിയില്ല. ഫയൽ അറ്റാച്ച് ബട്ടൻ ക്ലിക്ക് ചെയ്ത് അയക്കാനുള്ള ഫോട്ടോ/വീഡിയോ തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത് കഴിയുമ്പോൾ താഴെ ചാറ്റ്ബോക്സിൽ 1 എന്ന് എഴുതിയിരിക്കുന്ന വ്യൂ വൺസ് ബട്ടൻ കാണാം. അത് ആക്റ്റിവേറ്റ് ചെയ്ത ശേഷം സെന്റ് ബട്ടൻ അമർത്തുക. ലഭിക്കുന്നയാൾ ഒരിക്കൽ തുറന്ന് ഫയൽ ക്ലോസ് ചെയ്ത ഉടനെ അത് ഫോണിൽ നിന്നും ചാറ്റിൽ നിന്നും അപ്രത്യക്ഷമാവും. വ്യൂ വൺസ് വഴി ഫയലുകൾ അയക്കുമ്പോഴും വിശ്വാസ യോഗ്യരായവർക്ക് മാത്രം അയക്കുക. കാരണം ഒരിക്കൽ തുറന്ന ഫയലുകൾ അത് ക്ലോസ് ചെയ്യുന്നത് വരെ സ്ക്രീനിൽ കാണും. ചാറ്റുകൾ ബാക്ക് അപ് ചെയ്യുന്ന സമയത്ത് വ്യൂ വൺസ് ഫയലുകളും ബാക്ക് അപ് ചെയ്യപ്പെടും. ഇത് പിന്നീട് റീസ്റ്റോർ ചെയ്യാനും സാധിക്കും. എന്നാൽ നേരത്തെ തന്നെ തുറന്ന ഫയലുകൾ ബാക്ക് അപ്പിൽ ഉൾപ്പെടില്ല.
നിങ്ങൾ അയക്കുന്ന ഫയലുകൾ സ്ക്രീൻ ഷോട്ട് എടുക്കാനും മറ്റു ഫോണുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും സാധിക്കും. നിങ്ങളുടെ ഫയൽ സ്വീകർത്താവ് തുറന്നോ എന്ന് മാത്രമേ നിങ്ങൾക്ക് അറിയാൻ കഴിയൂ.






