ബത്തേരി-മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ പ്രായപൂർത്തിയാകാത്ത പെൺമക്കൾ വെട്ടിക്കൊന്ന് ചാക്കിലാക്കി പൊട്ടക്കിണറ്റിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആയിരംകൊല്ലിയിൽ ഇന്ന് രാവിലെ 10.30നും 11നും ഇടയിലാണ് സംഭവം. ഉച്ചകഴിഞ്ഞു മൂന്നോടെ അമ്പലവയൽ സ്റ്റേഷനിൽ ഹാജരായ പെൺകുട്ടികൾ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് പൊട്ടക്കിണറ്റിൽനിന്നു മൃതദേഹം കണ്ടെടുത്തു.
ആയിരംകൊല്ലി മണ്ണിൽതൊടിക മുഹമ്മദാണ്(68)നാൽപത്തിയൊന്നുകാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. മാതാവിനെ രക്ഷിക്കുന്നതിനു 16-ഉം 15-ഉം വയസ്സുള്ള പെൺമക്കളാണ് മുഹമ്മദിനെ വെട്ടിവീഴ്ത്തിയത്. മരിച്ചുവെന്നു ഉറപ്പായപ്പോൾ മൃതദേഹം ചാക്കിലാക്കി വീടിനടുത്ത് പൊട്ടക്കിണറ്റിൽ തളളുകയായിരുന്നു. മലപ്പുറം സ്വദേശിയാണ് നാടൻ പണിക്കാരനായ മുഹമ്മദ്. അവിടെ വെറെ ഭാര്യയും മക്കളും ഉണ്ട്.