റിയാദ് - തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് റിയാദ് റോയൽ കമ്മീഷൻ മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടറെ പിരിച്ചുവിട്ടു. റിയാദ് റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് റിയാദ് തന്ത്രം 2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിനാണ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടറെ പിരിച്ചുവിട്ടത്. മീഡിയ ഡിപ്പാർട്ട്മെന്റ് മേധാവിക്കും തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ പങ്കുള്ള എല്ലാവർക്കുമെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടറെ പിരിച്ചുവിടാനും ഇദ്ദേഹത്തിനും തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ പങ്കുള്ള മറ്റുള്ളവർക്കുമെതിരെയും വിശദമായ അന്വേഷണം നടത്താനും ഉന്നതാധികൃതർ നിർദേശിക്കുകയായിരുന്നു.
പദ്ധതിയുടെ വലിപ്പവും ഇതിലെ പ്രധാന ഘടകങ്ങൾ പൂർത്തിയാകാത്തതും കണക്കിലെടുത്ത് തന്ത്രത്തിന്റെ സമാരംഭം അടുത്ത വർഷത്തേക്ക് നീട്ടിവെക്കാനാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. തന്ത്രവുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങൾ അടുത്ത വർഷം പൂർത്തിയാക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതിനു ശേഷം തന്ത്രം ഡയറക്ടർ ബോർഡ് അംഗീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യും. പ്രത്യേകം നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ച് തന്ത്രം നടപ്പാക്കി തുടങ്ങുമെന്നും റിയാദ് റോയൽ കമ്മീഷൻ പറഞ്ഞു.






