മസ്‌കത്ത്- ഒമാനില്‍ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിനെടുത്തവര്‍ക്കേ പ്രവേശനം അനുവദിക്കു. രാജ്യത്ത് ആകെ 95,277 പേരാണ് വാക്സിന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം ഡോസ് നിര്‍ബന്ധമാക്കണമെന്ന ഉദ്ദേശം നിലവില്‍ ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.
രാജ്യത്തെ വിദേശികളില്‍ 90 ശതാമനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിടങ്ങളിലെത്തുന്ന ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിന്‍ എടുക്കാന്‍ ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നു ഹാജരാക്കണം.
രാജ്യത്ത് 90 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്രി പറഞ്ഞു. ഇതില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.