Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാങ്കിംഗ് രംഗത്തെ മറിമായം

ഇന്ത്യയിലെ ബാങ്ക് തട്ടിപ്പിനെ കുറിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിച്ച ഒരു തമാശ ഇങ്ങനെയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വൻ തട്ടിപ്പിൽ നിന്ന് രക്ഷിച്ച മുംബൈ ശാഖയിലെ ജീവനക്കാരെ ആദരിച്ചുവെന്നാണ് വാർത്തയുടെ ശീർഷകം. പിഎൻബിയുടെ അസ്ഥിവാരമിളക്കി കടന്നു കളഞ്ഞ നീരവ് മോഡി ആദ്യം ചെന്നത് എസ്.ബി.ഐ ശാഖയിലായിരുന്നു. ജനുവരി മാസാദ്യത്തിൽ ഉച്ച നേരത്താണ് അദ്ദേഹത്തിന്റെ വരവ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ നഗരത്തിലെ ശാഖയിൽ ഇടവേള ലഭിക്കാതെ രാവിലെ മുതൽ ജോലി ചെയ്ത ജീവനക്കാർ ഇടവേള ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു. അര മണിക്കൂറാണ് ലഞ്ച് ബ്രേക്ക്. അപ്പോഴാണ് വായ്പ വാങ്ങാൻ നീരവ് മോഡി കടന്നു വരുന്നത്. അദ്ദേഹം എസ്.ബി.ഐ തന്നെ തെരഞ്ഞെടുക്കാൻ പ്രത്യേകിച്ച് കാരണവുമുണ്ട്. വഴികാട്ടിയും ഇപ്പോൾ ലണ്ടനിൽ സുഖജീവിതം നയിക്കുന്ന ആളുമായ വിജയ് മല്യയും ആയിരം കോടി പോലുള്ള ആവശ്യം വന്നപ്പോൾ ഓടി വന്നത് സ്റ്റേറ്റ് ബാങ്കിലേക്കാണല്ലോ. വായ്പാ ഹരജിയുമായി വന്നു നിൽക്കുന്ന നീരവിനെ കണ്ട ഉടൻ എസ്.ബി.ഐ സ്റ്റാഫ് പറഞ്ഞു. അര മണിക്കൂർ കഴിഞ്ഞു വരൂ, ഇവിടെ ഞങ്ങൾ ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയിലാണ്. ഇത് കേട്ട അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ഇതെന്ത് വർത്തമാനമാണ് ഈ പറയുന്നത്? ലോകം വിറപ്പിക്കുന്ന വജ്ര വ്യാപാരിയായ നീരവിനെ മനസ്സിലായില്ലെന്നോ? ഇതെന്ത് ബാങ്ക്? ദേഷ്യം താങ്ങാനാവാതെ അദ്ദേഹം നടത്തിയ ഇറങ്ങിപ്പോക്കാണ് തൊട്ടടുത്ത പിഎൻബി ശാഖയ്ക്ക് ഇത്രയേറെ വാർത്താ പ്രാധാന്യം നേടിക്കൊടുത്തത്. പിഎൻബിയുടെ ചരിത്രം മലയാളികൾക്ക് സുപരിചിതമാണ്. കോഴിക്കോട്ടെ നെടുങ്ങാടി കുടുംബത്തിന്റെ ബാങ്കാണ് നെടുങ്ങാടി ബാങ്ക്. ലിക്വിഡിറ്റിയൊന്നും നോക്കാതെ വായ്പകൾ അനുവദിച്ച് കുളം തോണ്ടിയ നെടുങ്ങാടി ബാങ്കിന്റെ ഓഹരിയ്ക്ക് കടലാസിന്റെ വില പോലുമില്ലാതായ കാലം കാൽ നൂറ്റാണ്ട് മുമ്പാണ്. നെടുങ്ങാടി ബാങ്കെന്ന ഷെഡ്യൂൾഡ് ബാങ്ക് തകരുന്നതും ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കണ്ടാണ് റിസർവ് ബാങ്ക് തൽക്ഷണം ഇടപെട്ടത്. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വരെ ശാഖയുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കുകയായിരുന്നു. പഴയ നെടുങ്ങാടി ബാങ്ക് എന്നും പിഎൻബിയ്ക്ക് ചുരുക്കപ്പേര് നൽകാവുന്നതാണ്. 
ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിൽ ബാങ്കിംഗ് സംവിധാനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ബാങ്കുകളുടെ അച്ഛനായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ സമയത്തും ഇത്തരം ഇടപെടുലകുൾ നടത്താറുണ്ട്. കേരളത്തിൽ തന്നെ നെടുങ്ങാടി ബാങ്ക് എപ്പിസോഡിന് അൽപം മുമ്പാണ് ബാങ്ക് ഓഫ് കൊച്ചിൻ തകർച്ചയെ നേരിട്ടത്. തിരുവല്ലയിലും തലശ്ശേരിയിലും മറ്റും ശാഖകളുണ്ടായിരുന്ന കൊച്ചിൻ ബാങ്ക് മൂന്ന് ദശകങ്ങൾക്കപ്പുറം എൻ.ആർ.ഐ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. കൊച്ചിൻ ബാങ്ക് തകർച്ചയിലേക്കെന്ന വാർത്ത പ്രചരിക്കുമ്പോൾ തന്നെ കേന്ദ്ര ബാങ്ക് മുൻകൈയെടുത്ത് ഇതിനേയും ദേശസാൽക്കൃത ബാങ്കിൽ ലയിപ്പിച്ചിരുന്നു. ഇതാണ് ബാങ്കേഴ്‌സ് ബാങ്കായ റിസർവ് ബാങ്കും രാജ്യത്തെ ബാങ്കിംഗ് ശൃംഖലയുമായുള്ള ബന്ധത്തിന്റെ ആഴം. 
രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾ വിശ്വസിക്കുന്ന സ്ഥാപനങ്ങളാണ് 
ന്യൂ ജെൻ ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾ. പല പേരുകളിൽ അറിയപ്പെട്ടിരുന്ന ന്യൂജനറേഷൻ ബാങ്കുകൾ കേരളത്തിൽ സജീവമായത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. നഗരങ്ങളിലെ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റുന്ന മനോഹര സൗധങ്ങളിൽ ശാഖ ആരംഭിച്ച് അത്യാകർഷക ഓഫറുകൾ നൽകി ഇടപാടുകാരെ ആകർഷിച്ചവയാണ് ഇത്തരം സ്ഥാപനങ്ങൾ. ചിട്ടയോടെ നടത്തിയിരുന്ന പൊതുമേഖലാ ബാങ്കുകളെ ഇവ ചെറിയ തോതിൽ ബാധിച്ചു തുടങ്ങിയപ്പോൾ ആശങ്ക പ്രകടിപ്പിക്കാൻ ബാങ്കിംഗ് രംഗത്തെ ട്രേഡ് യൂനിയനുകളുണ്ടായിരുന്നു. 
മത്സരം മൂർഛിച്ചപ്പോൾ പിടിച്ചു നിൽക്കാൻ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയവയാണ് സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെയുള്ള ദേശസാൽക്കൃത ബാങ്കുകൾ. ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന ചെറിയ തുകകൾ സൂക്ഷിക്കാനേൽപിക്കുന്നത് ബാങ്കുകളെയാണ്. ഈ ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ അവസരമൊരുക്കരുത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി വിലയ്‌ക്കൊപ്പം ഓഹരി വിപണിയും തകർന്നതോടെ ലക്ഷക്കണക്കിനു പേർക്കാണ്  ഓഹരി വിപണിയിൽ നിന്ന് നഷ്ടമുണ്ടായത്. 
പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പ് അസാധാരണമാണ്. ബാങ്കുകളുടെ വിശ്വാസ്യത പൊതുസമൂഹത്തിനു മുന്നിൽ ചോദ്യം ചെയ്യപ്പെടാൻ ഇതു കാരണമായേക്കാം. ഇത്തരം തട്ടിപ്പുകൾ സംഭവിക്കാതിരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ബാങ്കിംഗ് രംഗത്ത് കൈകാര്യം ചെയ്യുന്നത്  പണമാണ്. പണം കൈകാര്യം ചെയ്യുമ്പോൾ റിസ്‌ക് കൂടുതലാണ്. സാധാരണ കരുതൽ പോരാ എന്നതാണു പിഎൻബി അനുഭവം  നൽകുന്ന പാഠം. അതിസൂക്ഷ്മമായ ശ്രദ്ധ ഇനി വേണ്ടിവരും. ജുവലറി, വജ്രം എന്നീ ബിസിനസുകളിൽ ഏർപ്പെടുന്നവരുമായി കരുതലോടെയുള്ള ഇടപാടുകളാകും ഇനിയുണ്ടാകുക.  ബാങ്കുകളെ കബളിപ്പിച്ച് 6000 കോടി രൂപയുമായി ബ്രിട്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാനായില്ല.  ഇതിനിടയ്ക്കാണ് ബാങ്കിങ് രംഗത്തെയാകെ ഞെട്ടിച്ച് നീരവ് മോഡി എന്ന ബിസിനസുകാരൻ 11,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുത്തത്.  ദിവസം കഴിയുമ്പോഴും നീരവ് തട്ടിയെടുത്ത തുകയുടെ വ്യാപ്തി കൂടിവരുന്നു. ഈ തട്ടിപ്പ് അടക്കം അഞ്ചു വർഷത്തിനിടെ നടന്ന ബാങ്കിങ് തട്ടിപ്പുകൾ 60,000 കോടി രൂപയുടേതാണെന്നാണ്  റിസർവ് ബാങ്കിന്റെ കണക്ക്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 60,000 കോടി രൂപ എന്നത് വലിയ തുകയാണ്. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ഇന്ത്യയൊട്ടാകെ തൊഴിലുറപ്പ് പദ്ധതി നടത്താൻ നീക്കി വെച്ചിരിക്കുന്നത് 60,000 കോടി രൂപയാണ്. ഇത്രയും തുകയുണ്ടെങ്കിൽ റെയിൽവേക്ക് മൂവായിരം കിലോമീറ്റർ റെയിൽ പാത നവീകരിക്കാം. ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ദേശീയ പാത വികസനത്തിനു നീക്കിവെച്ചിരിക്കുന്നത് ഇത്രയും തുകയാണ്. നീരവ് മോഡിയുടെ തട്ടിപ്പ് സംബന്ധിച്ച് പുറത്തു വരുന്ന കാര്യങ്ങൾ  ദുരൂഹമാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈയിലെ ഒരു ശാഖ കേന്ദ്രീകരിച്ച് ഇത്രയധികം വലിയ തുകയുടെ തട്ടിപ്പ് നടന്നു എന്നത് ഇന്ത്യൻ ബാങ്കിങ്് രംഗത്തിന്റെ സുരക്ഷ സംബന്ധിച്ച് സംശയം ഉണർത്തുന്നു. 
ഏഴു വർഷങ്ങളോളം ഒരു തട്ടിപ്പുകാരൻ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിനെ ഉപയോഗിച്ച് വിവിധ വൻകിട ബാങ്കുകളെ കബളിപ്പിക്കുകയും ആയിരക്കണക്കിനു കോടി രൂപ തട്ടിച്ചെടുക്കുകയും ചെയ്യുക. മികവുള്ള ഒരു സാമ്പത്തിക ക്രിമിനൽ വിചാരിച്ചാൽ ഇന്ത്യൻ ബാങ്കുകളെ കളിപ്പാവയാക്കാം എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. വിവിധ തരം ഓഡിറ്റിംഗുകൾ വിവിധ തലത്തിൽ ബാങ്കുകളിൽ നടക്കാറുണ്ട്. അവിടെയൊന്നും ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്താതിരുന്നത് സംശയാസ്പദമാണ്. ഇതിനു പിന്നിൽ ഏതാനും ബാങ്ക് ഉദ്യോഗസ്ഥർ മാത്രമാവില്ല, വലിയ മീനുകൾ വലയിൽ കുരുങ്ങാതെ സുരക്ഷിതമായി നിൽക്കുന്നുണ്ട്. അവരെയും കണ്ടെത്തേണ്ടിയിരിക്കുന്നു. 
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റി യൂണിയൻ ബാങ്കിലും തട്ടിപ്പ് അരങ്ങേറി. 12.8 കോടി രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. പിഎൻബിയിലെ തട്ടിപ്പിന് സമാനമായ രീതിയിലായിരുന്നു ഇവിടെയും സംഭവിച്ചത്. പിഎൻബിയിലെ പോലെ തന്നെ ബാങ്കിൽ നിന്ന് നേരിട്ടുള്ള പിൻവലിക്കലുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സിഫ്റ്റ് പ്ലാറ്റ്‌ഫോം വഴിയാണ് പണം തട്ടിയെടുത്തത്. 
ഇക്കാര്യങ്ങൾക്കൊപ്പം മനസ്സിലാക്കേണ്ട ഒന്നാണ് സ്റ്റേറ്റ് ബാങ്ക് നേരിടുന്ന നഷ്ടം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2416 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2017 ഡിസംബറിൽ അവസാനിച്ച മൂന്നാംപാദ സാമ്പത്തിക ഫലങ്ങളിലാണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയത്. മുമ്പ് രണ്ടാം പാദഫലത്തിൽ 1581 കോടി രൂപയുടെ ലാഭം എസ്ബിഐ നേടിയിരുന്നു. കിട്ടാക്കടം പെരുകിയതാണ് നഷ്ടത്തിന് പ്രധാന കാരണം. നോൺ പെർഫോമിങ് അസറ്റ് വിഭാഗത്തിൽപെടുന്ന ആസ്തികളാണ് നഷ്ടത്തിന്റെ തോത് കൂട്ടിയത്. 1.99 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കിനുള്ളത്. കഴിഞ്ഞ പാദത്തിൽ ഇത് 1.86 ലക്ഷം കോടിയായിരുന്നു.
കഴിഞ്ഞ നാല് വർഷങ്ങളിലായി ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം ഇരട്ടിയായിട്ടുണ്ട്. രാജ്യത്തെ 21 പൊതുമേഖല ബാങ്കുകൾക്ക് 9.46 ലക്ഷം കോടി രൂപയുടെ വായ്പകളാണ് തിരികെ ലഭിക്കാനുള്ളത്. കഴിഞ്ഞ വർഷം എസ്ബിടി ഉൾപ്പെടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്കിൽ ലയിപ്പിച്ചിരുന്നു. നഷ്ടം പെരുകുന്നതിന് ഇതും കാരണമായിട്ടുണ്ട്.
വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്ന മേഖലയാണ് ബാങ്കിംഗ് രംഗം. 
ബാങ്കിങ് മേഖലയിൽ തൊഴിലവസര സാധ്യതകൾ ധാരാളമാണ്. ഒരു മാസം ശരാശരി ആയിരം പേർ എസ്ബിഐയിൽ നിന്നു മാത്രം വിരമിക്കുന്നു. വിരമിക്കുന്നതിനു തുല്യമായി പുതു ജീവനക്കാരെ നിയമിക്കാൻ സാധിക്കുകയില്ല. വിരമിക്കുന്നതിനു തത്തുല്യമല്ലെങ്കിൽ കൂടിയും പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. നിലവിൽ ശാഖകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. മുന്നോട്ടു നോക്കുമ്പോൾ ആവശ്യമെങ്കിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കും. അപ്പോൾ തൊഴിലവസരങ്ങളും വർധിക്കും. 
രാജ്യത്തെ യുവജനങ്ങളുടെ പ്രതീക്ഷ കൂടിയാണ് ബാങ്കിംഗ് രംഗം. പിഎൻബി കണ്ണും ചിമ്മി കോടികൾ വായ്പ അനുവദിച്ചതിനെ പറ്റി കണ്ട ട്രോളുകളിൽ ഒരെണ്ണം ഇങ്ങനെയായിരുന്നു: നീരവ് ആധാറൊക്കെ കൊടുത്തിട്ടായിരിക്കുമോ പിഎൻബിയിൽ നിന്ന് ലോൺ ശരിപ്പെടുത്തിയിരിക്കുക? മറുപടി- പിഎൻബിയുടെ ആധാരം നീരവ് മോഡിയുടെ പക്കലാണ്. ഇതെല്ലാം സമൂഹ മാധ്യമങ്ങളിൽ കൈമാറി രസിക്കുമ്പോഴും  പിഎൻബി ശാഖയിൽ ടൈ്വൻ കൊണ്ട് കെട്ടി ഭദ്രമാക്കിയ രണ്ട് രൂപ വിലയുള്ള പേന നമ്മെയെല്ലാം നോക്കി പല്ലിളിക്കുന്നുണ്ട്.
 

Latest News