റിയാദ് - ആറു വർഷത്തിനിടെ സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ ശ്രമിച്ച് ഹൂത്തി മിലീഷ്യകൾ 430 ബാലിസ്റ്റിക് മിസൈലുകളും 851 ഡ്രോണുകളും തൊടുത്തുവിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. ഹൂത്തികളുടെ വിഫലമായ ആക്രമണ ശ്രമങ്ങളെ സൗദി അറേബ്യ ചെറുത്തു. 247 സമുദ്ര മൈനുകളും സ്ഫോടക വസ്തുക്കൾ നിറച്ച 100 ലേറെ റിമോട്ട് കൺട്രോൾ ബോട്ടുകളും ഉപയോഗിച്ച് സമുദ്ര ഗതാഗതത്തിന് ഹൂത്തികൾ ഭീഷണി സൃഷ്ടിച്ചു. ചെങ്കടലിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പുവരുത്താൻ സഖ്യസേന നടത്തിയ ശ്രമങ്ങൾ സഹായിച്ചു.
ഈ വർഷാദ്യം മുതൽ ഇതുവരെ സഖ്യസേനയും യെമൻ സൈന്യവും നടത്തിയ ആക്രമണങ്ങളിലും യെമൻ സൈന്യവുമായുള്ള യുദ്ധത്തിലും 30,000 ലേറെ ഹൂത്തികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ സംഭവങ്ങളെ ഹൂത്തികൾ തെറ്റായി വായിച്ചു. മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും, ഇറാൻ റെവല്യൂഷനറി ഗാർഡിന്റെയും ഹിസ്ബുല്ല വിദഗ്ധരുടെയും നിർേദശങ്ങളും ഹൂത്തികളെ സ്വാധീനിച്ചു. സൗദി അറേബ്യയുടെ തന്ത്രപരമായ ക്ഷമയെ ഹൂത്തികൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചത്.
ഹൂത്തി നേതാക്കൾ കഴിയുന്ന സ്ഥലങ്ങൾ സഖ്യസേനക്ക് അറിയാം. ഹൂത്തികളുടെ ഏറ്റവും മുതിർന്ന നേതാക്കളുമായി അടപ്പുമുള്ള, വിശ്വാസയോഗ്യമായ ഇന്റലിജൻസ് ഉറവിടങ്ങൾ സഖ്യസേനയുടെ പക്കലുണ്ട്. ഹൂത്തി നേതാക്കളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സൗഹൃദ രാജ്യങ്ങളുമായും യു.എന്നുമായും സഹകരിച്ചുവരികയാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
ഒരു ഭീകര സംഘടനയെന്നോണം ഹിസ്ബുല്ല ലെബനോനികളെ പ്രതിനിധീകരിക്കുന്നില്ല. സൗദിയിലും യെമനിലും സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ ഹിസ്ബുല്ലക്ക് ഉത്തരവാദിത്തമുണ്ട്. ഹിസ്ബുല്ല ഭീകരരെ ലക്ഷ്യമിട്ട് സഖ്യസേന ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. യെമനിൽ ഹിസ്ബുല്ല പ്രവർത്തകർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല തന്നെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ മറ്റൊരു പതിപ്പായി മാറാൻ ഹൂത്തികളെ അനുവദിക്കില്ല. യെമൻ കേന്ദ്രീകരിച്ച് സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതിൽ ഹിസ്ബുല്ലക്ക് പങ്കുണ്ടെന്നും ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു.
സൻആ എയർപോർട്ടിൽ വെച്ച് ഡ്രോൺ നിർമാണത്തിലും ആക്രമണത്തിലും ഹൂത്തികൾക്ക് ഹിസ്ബുല്ല വിദഗ്ധൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും വിമാനത്താവളത്തിൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും സൗദി അറേബ്യ ഭീകര പട്ടികയിൽ പെടുത്തിയ ഹൂത്തി നേതാവ് അബൂഅലി അൽഹാകിമുമായി ഹിസ്ബുല്ല വിദഗ്ധൻ യുദ്ധതന്ത്രങ്ങളെയും ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയുടെ നിർദേശങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും സഖ്യസേനാ വക്താവ് പുറത്തുവിട്ടു.