Sorry, you need to enable JavaScript to visit this website.

ഇന്ത്യ വിശ്വവിജയം നേടിയ 83നെ ആഘോഷമാക്കി ടി.സി.സി റിയാദ്

റിയാദ് -കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഉമ്മ വെച്ച നിമിഷങ്ങളെ പുനരാവിഷ്‌കരിച്ച കബീർ ഖാന്റെ 83 എന്ന സിനിമയെ റിയാദിലെ ആദ്യ ക്രിക്കറ്റ് ടീമുകളിൽ ഒന്നായ തലശ്ശേരി ക്രിക്കറ്റ് ക്ലബ് ആഘോഷപൂർവ്വം സ്വാഗതം ചെയ്തു. ടീം ക്യാപ്റ്റൻ റഫ്ഷാദ് വാഴയിൽ, മാനേജർമാരായാ ഹാരിസ് പി സി, അബ്ദുൽ ഖാദിർ മോച്ചേരി എന്നിവരുടെ നേതൃത്വത്തിൽ ടീം അംഗങ്ങൾ ഒന്നായി റിയാദിലെ അൽ ഖസ്ർ മാൾ വോക്സ് തിയേറ്ററിൽ വെച്ചാണ് സിനിമ കണ്ടത്. വളരെ ചെറിയ പ്രായത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടി വി യിൽ നേരിട്ട് കണ്ട നിമിഷങ്ങൾ വീണ്ടും കണ്ടപ്പോൾ ആ കാലങ്ങളിലേക്ക് തിരിച്ചു പോയ അനുഭൂതി ഉണ്ടായെന്നു സീനിയർ താരങ്ങളായ അൻവർ  സാദത്ത് ടി എം, ജംഷീദ് അഹമ്മദ്, ഫിറോസ് ബക്കർ എന്നിവർ അഭിപ്രായപ്പെട്ടു.

സാങ്കേതിക കാരണങ്ങളാൽ കാണാൻ സാധിക്കാതിരുന്ന സിംബാബ്വെക്ക് എതിരെയുള്ള കപിൽ ദേവിൻറെ ആ ചരിത്ര ഇന്നിങ്സ് കാണാൻ സാധിച്ചതിൽ സംവിധായകനോട് കടപ്പെട്ടിരിക്കുന്നു എന്ന് മറ്റൊരു സീനിയർ താരമായ ദിൽഷാദ് ദിച്ച പറഞ്ഞു. ഇന്ത്യയിൽ എങ്ങിനെയാണ് ക്രിക്കറ്റ് എന്ന ഗെയിം ഇത്ര പോപ്പുലർ ആയതെന്നു ഈ സിനിമ കണ്ടപ്പോൾ ഒരിക്കൽ കൂടി വ്യക്തമായി എന്ന് പുത്തൻ തലമുറയിലെ താരമായ നസ്മിൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. സിനിമയിൽ രൺവീർ സിങ് കപിൽ ദേവായി ജീവിക്കുകയായിരുന്നു. കപിലിന്റെ സ്വതസിദ്ധമായ ബൗളിംഗ് ആക്ഷൻ മാത്രമല്ല അദ്ദേഹത്തിന്റെ ശരീര ഭാഷയും അതേപടി പകർത്തുന്നതിൽ നായകൻ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. ക്രിക്കറ്റിനെ, സ്‌പോർട്‌സിനെ സ്‌നേഹിക്കുന്നവർ ഈ സിനിമ കാണാതിരിക്കരുത് എന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും വിളിച്ചു പറയുന്നുണ്ടായിരുന്നു.
 

Latest News