രാജകുടുംബത്തിലെ ഐക്യം വിളിച്ചോതി അര്‍ദ ദൃശ്യങ്ങള്‍

റിയാദ് - രാജകുടുംബത്തിലെ ഐക്യവും പരസ്പര സ്‌നേഹവും വിളിച്ചോതി അര്‍ദയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. സൗദി രാജകുടുംബത്തില്‍ ഛിദ്രതയും അനൈക്യവുമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഖത്തര്‍ മാധ്യമങ്ങള്‍ക്കും മറ്റും കനത്ത പ്രഹരമാണ് ഈ ദൃശ്യങ്ങള്‍.
റിയാദില്‍ ദേശീയ പൈതൃകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരമ്പരാഗത നൃത്തരൂപമായ അര്‍ദയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പങ്കെടുത്തിരുന്നു.

അഴിമതി, പണം വെളുപ്പിക്കല്‍ കേസുകളില്‍ അറസ്റ്റിലാവുകയും ഒത്തുതീര്‍പ്പ് ധാരണയുടെ അടിസ്ഥാനത്തില്‍ പിന്നീട് മോചിതരാവുകയും ചെയ്ത വ്യവസായ പ്രമുഖനും കിംഗ്ഡം ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനുമായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനുമായും മുന്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരനുമായും അര്‍ദയില്‍ പങ്കെടുക്കുന്നതിന് എത്തിയ സല്‍മാന്‍ രാജാവ് കുശലം പറയുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തി. അഴിമതി വിരുദ്ധ പോരാട്ടം രാജകുടുംബത്തില്‍ ഛിദ്രതയുടെയും അനൈക്യത്തിന്റെയും വിത്തുകള്‍ പാകിയെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും സാങ്കല്‍പിക കഥകളും ഖത്തര്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് വായടച്ചുള്ള മറുപടിയായി അര്‍ദ വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. 


മുപ്പത്തിരണ്ടാമത് ജനാദ്രിയ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അര്‍ദയില്‍ രാജകുമാരന്മാര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട അര്‍ദയില്‍ രാജാവിനൊപ്പം അല്‍വലീദ് രാജകുമാരനും മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരനും പങ്കെടുത്തു. രാജകുടുംബത്തിലെ ഇല്ലാത്ത അനൈക്യത്തിന്റെ കഥകള്‍ പ്രചരിപ്പിക്കുന്നതിന് ചെലവഴിച്ച കോടിക്കണക്കിന് ഡോളറും പുറത്തുവിട്ട നൂറുകണക്കിന് റിപ്പോര്‍ട്ടുകളും നൂറുകണക്കിന് ടി.വി പ്രോഗ്രാമുകളും രണ്ടു ഫോട്ടോകളിലൂടെ ധൂളികളായി മാറിയതായി പ്രശസ്ത ട്വിറ്റര്‍ ഉപയോക്താവ് ബിന്‍ ഉവൈദ് പറഞ്ഞു. മുമ്പത്തെ അനുഭവങ്ങളില്‍ നിന്ന് ശത്രുക്കള്‍ പഠിച്ചിട്ടില്ല. സൗദി അറേബ്യക്കെതിരായ പ്രചാരണങ്ങള്‍ അവര്‍ ഇനിയും തുടരും. കാരണം, അവര്‍ക്ക് സൗദി അറേബ്യയെയും ഇവിടുത്തെ ഭരണാധികാരികളെയും ജനങ്ങളെയും മനസ്സിലായിട്ടില്ലെന്ന് ബിന്‍ ഉവൈദ് പറഞ്ഞു. അര്‍ദ നര്‍ത്തകരുടെ വേഷത്തില്‍ സല്‍മാന്‍ രാജാവിന്റെ പേരമകന്‍ അബ്ദുല്‍ അസീസ് ബിന്‍ ഖാലിദ് രാജകുമാരന്‍ അര്‍ദയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പുത്രനാണ് അബ്ദുല്‍ അസീസ് രാജകുമാരന്‍.

Latest News