റിയാദ്- യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും യോജിച്ച, കൂടുതല്‍ വഴക്കമുള്ള പുതിയ ടിക്കറ്റ് വിഭാഗങ്ങള്‍ ആഭ്യന്തര സര്‍വീസുകളില്‍ സൗദിയ പുറത്തിറക്കി. അല്‍ ദിയാഫ ക്ലാസിനെ മൂന്നു വിഭാഗമായും ബിസിനസ് ക്ലാസിനെ രണ്ടു വിഭാഗമായും തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളുമുണ്ടാകും. അല്‍ദിയാഫ ക്ലാസില്‍ ഇക്കോണമി ടിക്കറ്റുകള്‍ സൗദിയ വെബ്‌സൈറ്റും ആപ്ലിക്കേഷനും വഴി മാത്രമേ ലഭിക്കുകയുള്ളൂ. നവീന സാങ്കേതികവിദ്യകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഇക്കോണമി ടിക്കറ്റുകളില്‍ ഏഴു കിലോ തൂക്കമുള്ള ഒരു ഹാന്റ് ബാഗേജ് മാത്രമാണ് അനുവദിക്കുക. ഭക്ഷണവും ഫുര്‍സാന്‍ പ്രോഗ്രാം മൈലുകളും ഈ ടിക്കറ്റുകളില്‍ തുടര്‍ന്നും ലഭിക്കും. ലഗേജ് നിരക്ക് അടച്ച് കൂടുതല്‍ ബാഗേജുകള്‍ ഈ ടിക്കറ്റിലെ യാത്രക്കാര്‍ക്ക് കൊണ്ടുപോകുന്നതിന് സാധിക്കും. ഇക്കോണമി ടിക്കറ്റുകളില്‍ ഭേദഗതികള്‍ വരുത്തുന്നതിനോ ടിക്കറ്റുകള്‍ മടക്കി നല്‍കി പണം തിരികെ ഈടാക്കുന്നതിനോ യാത്രക്കാര്‍ക്ക് സാധിക്കില്ല. ബാഗേജുകളുടെ എണ്ണത്തിലും ഫുര്‍സാന്‍ പ്രോഗ്രാം മൈലുകളുടെ എണ്ണത്തിലും സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസരത്തിലുമാണ് അല്‍ദിയാഫ ഇക്കണോമിക്, ബേസിക്, എക്‌സലന്റ് വിഭാഗം ടിക്കറ്റുകള്‍ തമ്മിലെ വ്യത്യാസം. അല്‍ദിയാഫ വിഭാഗത്തിലെ ബേസിക്, എക്‌സലന്റ് ടിക്കറ്റുകളില്‍ ഏഴു കിലോ തൂക്കമുള്ള ഹാന്റ് ബാഗേജും ബിസിനസ് ക്ലാസില്‍ ഒമ്പതു കിലോ ഹാന്റ് ബാഗേജും മാറ്റമില്ലാതെ തുടരും.
അല്‍ദിയാഫ ക്ലാസ് ടിക്കറ്റുകളിലെ യാത്രക്കാരുടെ ഓരോ ബാഗേജിന്റെയും തൂക്കം 23 കിലോയില്‍ കൂടാന്‍ പാടില്ല. ബാഗേജിന്റെ തൂക്കം 32 കിലോയില്‍ കൂടാത്ത നിലക്ക് 23 കിലോയില്‍ കൂടുതലാണെങ്കില്‍ 70 റിയാല്‍ അധിക ലഗേജ് ഫീസ് അടക്കണം. ആവശ്യമുള്ള സേവനങ്ങള്‍ക്കു മാത്രം പണം അടയ്ക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന നിലക്കാണ് പുതിയ ടിക്കറ്റ് വിഭാഗങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ലഗേജുകള്‍ കൊണ്ടുപോകാനില്ലാത്തവര്‍ക്കും, യാത്രയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് ഉറപ്പുള്ളവര്‍ക്കും ഇക്കോണമി ടിക്കറ്റ് പ്രയോജനപ്പെടുത്തി പണം ലാഭിക്കുന്നതിന് സാധിക്കും. ഫെബ്രുവരി 20 മുതല്‍ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ബാഗേജുകളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ ബാധകം. ഇതിനു മുമ്പ് വാങ്ങിയ ടിക്കറ്റുകള്‍ക്ക് പഴയ വ്യവസ്ഥകളായിരിക്കും ബാധകമെന്നും സൗദിയ അറിയിച്ചു.