ജീവിതത്തിന്റെ കഠിനമായ എരിവും പുളിയും രുചിച്ച് ഉമ്മയോടൊപ്പം അച്ചാർകുപ്പികൾ വിറ്റുനടന്ന മലപ്പുറം രാമപുരത്തെ അബ്ദുൽ മുനീർ, 'ഓട്ടിസം ബാധിച്ച കുട്ടികളിലെ കായികക്ഷമത' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കഥ..
കുട്ടിക്കാലത്തെ വിശപ്പിന്റെ രുചിയിലൂടെയും ഇല്ലായ്മയുടെ കാഠിന്യത്തിലൂടെയും വറുതിയുടെജീവിതവഴികളിലെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഉമ്മയോടെപ്പം തെരുവോരങ്ങളിൽ അച്ചാർ വിറ്റ് നടന്ന രാമപുരം പള്ളിപ്പടിയിലെ പെലശ്ശേരി അബ്ദുൽ മുനീർ ഇനി ഡോക്ടർ മുനീർ.
രണ്ട് കിലോ മാങ്ങയും അച്ചാറിടാനൊരു പാത്രവുമായി ജീവിതപ്രതിസന്ധികളോട് തോറ്റു കൊടുക്കാതെ വിജയശ്രീയായ മലപ്പുറത്തിന്റെ സ്വന്തംകുടുംബശ്രീ അച്ചാർ നിർമാതാവ് റംലാത്തയുടെ മകനിപ്പോൾ ജില്ലയുടെ അഭിമാനതാരമായിരിക്കുന്നു.
ക്യാൻസറിനോട് പടപൊരുതി അതിജീവന ത്തിനായിപോരാട്ടംനടത്തി വിജയിയായ കുടുംബശ്രീയുടെ മലപ്പുറത്തിന്റെ ബ്രാന്റായ റംലയുടെ മുത്തമകനാണ് മുനീർ. കഴിഞ്ഞ സെപ്റ്റംബർ 24 നാണ് ക്യാൻസറിനോട് പടപൊരുതി റംല ജീവിതത്തോട് വിട വാങ്ങിയത്. ചെറുപ്രായത്തിലെ സ്‌കൂൾ അവധി ദിവസങ്ങളിൽ ഉമ്മയോടൊപ്പം അച്ചാർ കച്ചവടത്തിനിറങ്ങി ഒരോ നാണയത്തുട്ടുകളും സ്വരുക്കൂട്ടി ഉന്നത വിദ്യാഭ്യാസം നേടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായി മാറുകയും ചെയ്തു. കായികാധ്യാപനത്തോടൊപ്പം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പി.എച്ച്. ഡി ചെയ്താണ് ഉമ്മയുടെ ഓർമ്മകൾക്ക് രണ്ടര മാസം പിന്നിടുന്ന ദിനത്തിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായിട്ടുള്ളത്. ഓട്ടിസം ബാധിതരായ കുട്ടികളിലെ കായികക്ഷമത എന്ന വിഷയത്തിലാണ് മുനീറിന് ഡോക്ടറേറ്റ് ലഭിച്ചത്.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സിലെ പ്രൊഫസർ ഡി. സുൽത്താനയുടെ കീഴിലാണ് ഗവേഷണം നടത്തിയിരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രിയും, അളഗപ്പാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഫിലും മുനീർ കരസ്ഥമാക്കിയിട്ടുണ്ട്. രാമപുരം സ്‌കൂൾപടി നൂറുൽ ഇസ്ലാം മദ്രസ, രാമപുരം എ.എച്ച്. എൽ.പി.സ്‌കൂൾ, പുണർപ്പ യു.പി സ്‌കൂൾ, മക്കരപറമ്പ് ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ചെറുപ്രായത്തിലെ ഉമ്മയുടേയും ഉപ്പയുടേയും സഹായിയായി നിരവധി ജോലികൾ ചെയ്താണ് മുനീർ വിദ്യഭ്യാസം നേടിയെടുത്തത്. അപകടത്തെ തുടർന്ന് നിത്യരോഗിയായി മാറിയ പിതാവ് മുഹമ്മദ് കുട്ടി എന്ന മമ്മുട്ടിക്ക് കൈത്താങ്ങാകുവാൻ വേണ്ടിയാണ് സാധാരണ വീട്ടമ്മയായ മാതാവ് റംല അച്ചാർ വിൽപ്പനയുമായി രംഗത്തിറങ്ങിയത്.
ഓലപ്പുരയിലെ അടുക്കളയിലൂടെ എരിവും രുചിയും പുളിയും പകർന്ന് സ്വന്തമായി അച്ചാർ നിർമിച്ച് വിൽപ്പന നടത്തിയാണ് ജീവിതം കരുപ്പിടിപ്പിച്ച് സംസ്ഥാനത്തെ കുടുംബശ്രീമുഖമുദ്രയായി റംല മാറുന്നത്.അടുക്കള ജോലി മാത്രമറിയുന്ന സാധാരണക്കാരിയായ വീട്ടമ്മ സംസ്ഥാനചരിത്രത്തിലൂടെ മാധ്യമശ്രദ്ധയിൽ ഇടം നേടി, കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശിനിയാണ് റംല, സ്വന്തമായൊരു പുരയിടം എന്ന സ്വപ്‌നവുമായിട്ടാണ് അയൽകൂട്ട സമിതിയിൽ നിന്ന് ലോണെടുത്ത് ബിസ്മി അച്ചാർ യൂണിറ്റ് തുടങ്ങിയത്, രണ്ട്മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകിയതോടൊപ്പം പതിനഞ്ച് വർഷത്തെ അച്ചാർ വ്യാപാരത്തിലൂടെ മാത്രം സമ്പാദിച്ച് ആയിരത്തി അറുന്നൂറ് ചതുരശ്ര വിസ്തീർണമുള്ള വീട് നിർമിച്ചു.സന്തോഷമായി ജീവിക്കുന്നതിനിടെയാണ് റംലയെ ക്യാൻസർ തട്ടിയെടുത്തത്. യു.പി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മലപ്പുറം കലക്ടറേറ്റിൽ ചായക്കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം വീട്ടിലെത്തി അഭിനന്ദിച്ചതിലൂടെ മാധ്യമ ശ്രദ്ധ നേടിയ സമീറാണ് രണ്ടാമത്തെ മകൻ. സമീർ ഇപ്പോൾ ഒമാനിലാണ് ജോലി ചെയ്യുന്നത്. മരുമക്കളായ മങ്കട കർക്കിടകത്തെ പിലാത്തോടൻ ഫദീല മുനീറും, നസറീന ഷമീർ കുറ്റിയാടിയും ബിരുദ വിദ്യാർത്ഥികളാണ്. മുനീറിന്റെ ഭാര്യ ഫദീല ബി.എ സോഷ്യോളജി വിദ്യാർത്ഥിയാണ്.






