Sorry, you need to enable JavaScript to visit this website.

വീട്ടിൽ ഇരുട്ടാണ്...

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച മുല്ലാ നസ്‌റുദ്ദീൻ ഹോജാ നസ്‌റുദ്ദീൻ എന്നും അറിയപ്പെട്ടിരുന്നു. നർമ്മ പ്രധാനമായ കഥകളിലൂടെ ലോകരുടെ മനം കീഴടക്കിയ മുല്ലാ കഥകൾ ഇന്നും ധാരാളമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ജ്ഞാനിയും സരസനുമായ മുല്ല ഞങ്ങളുടെ നാട്ടുകാരനാണെന്ന് പറയുന്നതിൽ സെൽജുക്ക് ഭരണകാലത്തെ വിവിധ രാജ്യക്കാർ അഭിമാനിച്ചിരുന്നു. അനറ്റോലിയയിലാണ് അക്ബഹറിലാണ് മുല്ല ജീവിച്ചത് : മരിച്ചത് തുർക്കിയിലെ കൊന്യയിൽ വെച്ചാണെന്ന്  പറയപ്പെടുന്നു. വർഷം തോറും ജൂലൈ അഞ്ച് മുതൽ പത്ത് വരെ അക്ബഹറിൽ ഇന്റർ നാഷനൽ നസ്‌റുദ്ദീൻ ഹോജ ഫെസ്റ്റിവൽ നടക്കാറുണ്ട്.

തലമുറകൾ കഴിഞ്ഞപ്പോൾ ആക്ഷേപ ഹാസ്യങ്ങൾ നിറഞ്ഞ മുല്ലാ കഥകൾ നാടുനീളെ പ്രചരിച്ചു. ഒപ്പം പുതിയ കഥകൾ അദ്ദേഹത്തിന്റെ പേരിൽ  കൂടി കൂടി വന്നു. പുതിയ പലതും മുല്ലയോട് ചേർത്ത് പറഞ്ഞു. ചിലതിലൊക്കെ മാറ്റി തിരുത്തലും ഉണ്ടായിട്ടുണ്ട്. മുല്ല കഥകൾ പലതും നാടോടിക്കഥകൾ പോലെ കൊണ്ടാടപ്പെട്ടു. വിവിധ പ്രാദേശിക ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. എന്തിനധികം പറയുന്നു. 1996-97 കാലം  യുനെസ്‌കോ അന്താരാഷ്ട്ര നസ്‌റുദ്ദീൻ വർഷമായി ആഘോഷിച്ചു.

ഒറ്റനോട്ടത്തിൽ യുക്തിയേതുമില്ലെന്നു തോന്നിപ്പിക്കുന്ന കഥകളിൽ നിറയെ ചിന്തോദീപകമായ യുക്തി തെളിഞ്ഞ് വരുന്നത് കാണാം. ലളിതമെന്ന് വിചാരിക്കുന്ന ഫലിതങ്ങളിൽ അഗാധമായ ചിന്തയ്ക്കുള്ള വിത്തുകൾ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ടാവും. ഒട്ടും സാമ്പ്രദായികമല്ലാത്ത രീതിയിൽ മുല്ല കഥകൾ പല സന്ദേശങ്ങളും പറയാതെ പറയും , കുറിക്ക് കൊള്ളുന്ന തരത്തിൽ.
അതിനാൽ തന്നെ സൂഫികളും മിസ്റ്റിക്കുകളും കവികളും  പ്രഭാഷകരും തരം പോലെ അദ്ദേഹത്തിന്റെ ഫലിതങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതായി കാണാം.
നമ്മിൽ അധിക പേരും  ഏറെ കേട്ട ഒരു മുല്ല കഥയുണ്ടല്ലോ? രാത്രിയിൽ മുല്ല ഒരു തെരുവ് വിളക്കിനു ചുറ്റും എന്തോ തിരയുകയാണ്. മുല്ലാ എന്താണ് തിരയുന്നത് ? വല്ലതും കളഞ്ഞ് പോയോ? അയൽക്കാരനൊരാൾ വന്നു ചോദിച്ചു. അതേ എന്റെ താക്കോൽ കാണാനില്ല. ഇത് കേട്ട അയൽക്കാരനും മുല്ലയോടൊപ്പം തിരയാൻ തുടങ്ങി. ഇത് കണ്ട അയൽക്കാരിയായ ഒരു  സ്ത്രീ
അവർ എന്താണ് തിരയുന്നതെന്നടുത്ത് വന്നന്വേഷിച്ചു. ഞങ്ങൾ മുല്ലയുടെ കളഞ്ഞ് പോയ താക്കോൽ തിരയുകയാണ് അയൽക്കാരൻ പറഞ്ഞു. തുടർന്ന് മറ്റൊരയൽക്കാരനും മുല്ലയെ സഹായിക്കാനെത്തി. ഏറെ നേരം തെരച്ചിൽ തുടർന്ന അവർ ക്ഷീണിച്ചു പോയി. ഒടുവിൽ കൂട്ടത്തിൽ ഒരാൾ ചോദിച്ചു. മുല്ലാ കുറെ നേരമായ് നമ്മൾ തിരയുന്നു. താക്കോൽ ശരിക്കും ഇവിടെ തന്നെയാണോ കളഞ്ഞ് പോയത്? അല്ല , മുല്ല പറഞ്ഞു.
പിന്നെവിടെയാ? ആശ്ചര്യത്തോടെ അയാൾ തുടർന്ന് ചോദിച്ചു.  എന്റെ വീട്ടിലാ.  എന്നിട്ടെന്താ ഇവിടെ തപ്പണത്?
ഇവിടെ കൂടുതൽ വെളിച്ചമുണ്ടല്ലോ വീട്ടിലിരുട്ടാ... മുല്ലയുടെ മറുപടി അതായിരുന്നു. മുല്ലയുടെ ഈ ഒരു കുഞ്ഞ് കഥ മതി എക്കാലത്തും പലരുടേയും  തുറക്കാത്ത  കണ്ണുകൾ തുറക്കാനും തുറപ്പിക്കാനും.
ഒരിക്കൽ സുഹൃത്തുമായി സംസാരിക്കുന്നതിനിടയിൽ മുല്ലയോട്
അയാൾ ചോദിച്ചത്രേ , മുല്ലാ അപ്പോൾ  നിങ്ങൾ കല്യാണം കഴിക്കുന്നില്ലെന്നാണോ? അതെ. ഒരു കുറവുകളൊന്നുമില്ലാത്ത ഒരു സമ്പൂർണയായ പെണ്ണിനെ കെട്ടാൻ  എന്റെ യൗവനത്തിൽ ഞാൻ തീരുമാനിച്ചു. മരുഭൂമി കടന്ന് ഞാൻ ഡമാസ്‌ക്കസിലെത്തി. ഒരു സുന്ദരിയും ഭക്തയുമായ പെൺകൊടിയെ ഞാൻ കണ്ടു. പക്ഷെ അവൾക്ക് ഭൗതിക കാര്യത്തിൽ ഒരു ചുക്കും അറിയില്ല  ഒട്ടും താൽപര്യവുമില്ല. ഞാൻ യാത്ര തുടർന്നു. ഞാൻ ഇസ്ഫഹാനിലെത്തി. ആത്മീയവും ഭൗതികവുമായ അറിവുള്ള ഒരുത്തിയെ കണ്ടു. പക്ഷെ അവൾക്ക് ഭംഗിയത്ര പോരാ. ഒടുവിൽ ഞാൻ കൈറോയിലേക്ക് തിരിച്ചു. സുന്ദരിയും ഭക്തയും ഭൗതികജ്ഞാനവുമുള്ള ഒരു പെൺകുട്ടിയുടെ വീട്ടിലെത്തി മനോഹരമായ സദ്യ കഴിച്ചു.  എന്നിട്ടെന്തേ നിങ്ങൾ അവളെ വിവാഹം കഴിച്ചില്ല? സുഹൃത്ത് ചോദിച്ചു. ചങ്ങാതീ..
നിർഭാഗ്യവശാൽ ഓൾക്കും  ഒരു പൂർണനായ ചെറുക്കനെയാണാവശ്യമത്രെ!
പാടത്ത് പണിയുന്ന മുല്ലയുടെ കാലിൽ കഠിനമായ ഒരു മുള്ള് തറച്ചു. നീറുന്ന വേദനയിൽ ചിരിച്ച് കൊണ്ട്  ഉടൻ മുല്ല പറഞ്ഞത്രെ 'പടച്ചോന് സ്തുതി, ഏതായാലും ഇന്ന് എന്റെ പുതിയ ഷൂ ഇടാഞ്ഞത് ഭാഗ്യമായി.' 
ഇങ്ങിനെയിങ്ങനെ, മുല്ലയുടെ വായിച്ചാലും കേട്ടാലും മതിവരാത്ത എത്രയെത്ര  ഫലിതങ്ങൾ ലോകമെമ്പാടും ദേശ ഭാഷ പ്രായ ഭേദമന്യേ നിരന്തരം സഹൃദയരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നറിയാമോ?

Latest News