ശബ്ദമുയർത്തുന്ന ആൺകുട്ടികൾ

കഴിഞ്ഞ ആഴ്ചയിൽ നമ്മൾ കുട്ടികളെ മനഃശാസ്ത്രം എങ്ങിനെ, എന്ത് കൊണ്ട്, എന്നെല്ലാം മനസ്സിലാക്കി. ഇന്ന് നമ്മൾ നോക്കാൻ പോവുന്നത്
മറ്റു ചില പ്രധാന സ്വഭാവ സവിശേഷതകൾ കൂടിയാണ്. ഈ കാര്യം മനസ്സിലാക്കണമെങ്കിൽ ഒരു പൊതു തത്ത്വം നമ്മൾ മനസ്സിലാക്കണം. പൊതുവിൽ ആണുങ്ങൾ അത് പോലെ ആൺകുട്ടികൾ എല്ലാം കുറച്ച് ശാഠ്യം പിടിക്കുന്നവർ, ദേഷ്യം കാണിക്കുന്നവർ, പെട്ടെന്ന് അഭിപ്രായം പറയുന്നവർ, മത്സര ബുദ്ധി കൂടുതൽ ഉള്ളവർ, തുറന്നു സംസാരം ഉള്ളവർ, ബുദ്ധി കൂർമത കാണിക്കുന്നവർ എന്നിങ്ങനെയുള്ള സ്വഭാവ വ്യക്തിത്വങ്ങൾ ആണ്. എന്നാൽ സ്ത്രീകളും പെൺകുട്ടികളും അതിൽ നിന്നും കുറച്ചു കൂടി വ്യത്യസ്തമായി ചിന്തിക്കുന്നവരും അത് പോലെ വളരെ സൂക്ഷ്മത കാണിക്കുന്നവരുമാണ്. ചെറിയ കുട്ടികൾ ആവുമ്പോൾ തന്നെ താഴെ പറയുന്ന സ്വഭാവ സവിശേഷതകൾ ആൺകുട്ടികളിലും പെൺകുട്ടികളിലും രൂപീകരണം നടക്കാൻ തുടങ്ങും.

പൊതുവിൽ ആണുങ്ങൾ / ആൺകുട്ടികൾ എല്ലാം കൂടുതൽ പരിഗണന കൊടുക്കുന്നത് അവകാശങ്ങൾക്ക് വേണ്ടിയാണ്. അതാണ് അവരുടെ സ്വഭാവത്തിന്റെ കാതലായ വശം. അത് കൊണ്ടാണ് വഴക്ക്, മത്സര ബുദ്ധി, ജയിക്കാനുള്ള അതിയായ ആഗ്രഹം, പിടിച്ചെടുക്കാനും തിരിച്ചു പിടിക്കാനുമുള്ള കഴിവ് എന്നിവ ആൺകുട്ടികളിൽ കൂടുതൽ കാണുന്നത്. പ്രത്യേകിച്ചും ഒരു ഇരുപത്തഞ്ചു മുതല് മുപ്പത്തിയഞ്ചു വയസ്സ് വരെ ഇത്തരം സ്വഭാവങ്ങൾ കൂടുതൽ ആണുങ്ങളിൽ പ്രകടമായി കാണും. സമൂഹത്തിൽ ഏതൊരു പ്രശ്‌നം നമ്മൾ എടുത്താലും ഇരുപതിനും മുപ്പത്തി അഞ്ചിനും ഇടയിലുള്ള ആണുങ്ങളാണ് എല്ലാ പ്രശ്‌നങ്ങളിലും മുൻപിൽ നിൽക്കുന്നതും കാര്യങ്ങൾ നടപ്പിലാക്കുന്നതും. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ ഒരു ആണിന്റെ  ബുദ്ധി അവന്റെ ജീവിതത്തിൽ ഏകദേശം പകുതി ഭാഗം അറിവിനെ  അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോവുന്നത്. എന്നാൽ മുപ്പത്തിയഞ്ചു വയസ്സിന് ശേഷമാണ് കൂടുതൽ ആളുകളിലും  അറിവിനെ അതിന്റെ ഏറ്റവും നല്ല ഉന്നതിയുടെ വശമായ തിരിച്ചറിവിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതും അവരുടെ ചിന്തകൾക്ക് ആലങ്കാരിക രൂപം കൈവരുന്നതും. സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്നവർ, നേതൃത്വ പദവി കൈകാര്യം ചെയ്യുന്നവർ എല്ലാം നാല്പത് വയസ്സിന് മുകളിൽ വരാൻ ഈ സ്വഭാവ സവിശേഷത ഒരു പ്രധാന കാരണമാണ്. കുറഞ്ഞ വയസ്സുള്ള ആളുകൾ ഉത്തരവാദിത്വമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു രണ്ടാം അഭിപ്രായം ആരായുന്നത് വയസ്സിന്റെ ചാപല്യം കർമ്മ മണ്ഡലത്തെ ദുഷിപ്പിക്കാതിരിക്കാൻ വേണ്ടിയാണ്. രാഷ്ട്രീയം, സൈനിക തൊഴിലുകൾ, അപകടം പിടിച്ച ജോലികൾ എല്ലാം പുരുഷന്മാർ ഏറ്റെടുത്തു ചെയ്യുന്നതിന്റെ പ്രധാന കാരണം അവരിലെ അവകാശവാദ സ്വഭാവ ഘടനയാണ്.

ആണിന്റേയും പെണ്ണിന്റേയും സ്വഭാവ രീതികൾ, ചിന്തകൾ എന്നിവ മാറുന്നതിനും തുല്യമാവില്ല എന്ന് പറയുന്നതിനും പ്രധാന കാരണം രണ്ടു പേരുടെയും ബ്രെയിൻ പ്രവർത്തിക്കുന്നത് രണ്ടും രണ്ടു രീതികളിൽ ക്രമപ്പെട്ടു വരുന്നത് കൊണ്ടാണ്. ആണിന്റെ ബ്രെയിൻ പ്രവർത്തിക്കുന്നത് ചിന്തിക്കുന്ന കാര്യത്തെ കുറിച്ച് കൂടുതൽ ചിത്രീകരണ മനോഭാവം, അതിലെ സാങ്കേതിക വശങ്ങൾ എന്നിവ പരിഗണിച്ചു കൊണ്ടാണ്. അത് കൊണ്ടാണ് ഫിലിം പ്രൊഡ്യൂസഴ്‌സ്, ആര്ടിസ്‌റ്, എഞ്ചിനീയർ മറ്റു സാങ്കേതിക മികവുള്ള ജോലികൾ എല്ലാം പുരുഷ മേൽക്കോയ്മയുടെ ഭാഗമാവുന്നത്. പുരുഷന് ഒരു സമയത്തു ഒന്നിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ എന്നാൽ അതിൽ പെർഫെക്ഷൻ കൂടുതൽ ആയിരിക്കും എന്നർത്ഥം. എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്യങ്ങൾ വളരെ എളുപ്പത്തിൽ മാനേജ് ചെയ്യാനും കഴിയും എന്നത് അവരുടെ മാത്രം പ്രത്യേകതയാണ്.

ആൺകുട്ടികളുടെ ചിന്ത എന്നത് പെട്ടെന്ന് തീരുമാനം എടുക്കുന്നതും എടുത്തു ചാടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രകൃതവും ആണ്. എന്നാൽ പെൺകുട്ടികൾ തീരുമാനം അഭിപ്രായം എല്ലാം പലവട്ടം ആലോചിച്ച ശേഷമാണ് എടുക്കുന്നത്. പെൺകുട്ടികൾ പൊതുവിൽ സമാധാന പ്രിയരും സുരക്ഷിത ബോധം ഉള്ളവരും ആണ്. ആൺകുട്ടികളിലും പെൺകുട്ടികളിലും ശരീര വളർച്ചയുടെ ഘട്ടത്തിൽ പല വിധ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിച്ചു അതിൻറെ കൂടി ചിന്താ തരംഗങ്ങൾ അവരുടെ പെരുമാറ്റം, ശരീരഭാഷ  എന്നിവയിൽ സ്വാധീനം ഉണ്ടാക്കും. ആയതിനാൽ പതിനഞ്ചു വയസ്സുവരെ അവരെ സമൂഹത്തിൽ ആധികാരിക രേഖകളിൽ ഇടപെടലുകൾ ഉണ്ടാവുന്നതിൽ നിന്നും വിലക്കി നിർത്തുന്നു എന്ന് മാത്രമല്ല അതൊരു സാമൂഹിക സുരക്ഷിതത്വം അവർക്കു നൽകുക കൂടി ചെയ്യുന്നു.

ആണ് പെൺ സ്വഭാവ സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്നാണ് സംസാരരീതി. പെൺകുട്ടികൾ പൊതുവിൽ സംസാരപ്രിയരാണ്. അവർ എത്ര നേരം വേണമെങ്കിലും നിർത്താതെ സംസാരിക്കും. തന്നെയുമല്ല അവരുടെ സംസാരം എന്നത് വിഷയത്തിൽ നിന്നും വളരെ ആഴ്ന്നിറങ്ങിയതും ദീർഘവും ആയിരിക്കും. ഇതേ വിഷയം ആൺ കുട്ടിയോട്  അവതരിപ്പിക്കാൻ പറഞ്ഞാൽ അവൻ അത് രണ്ടോ മൂന്നോ മിനിറ്റു കൊണ്ട് പറഞ്ഞു തീർത്ത് മറ്റു ജോലികളിൽ വ്യാപൃതനാവും. ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് കളർ എന്നത്. പൊതുവിൽ എല്ലാവരും ഇഷ്ടപെടുന്ന കളർ ആണ് നീല. പൊതുവിൽ നമ്മുടെ ചുറ്റുപാടിൽ കാണുന്ന ഡിസൈൻസ് എല്ലാം കളർ തിരഞ്ഞെടുക്കുമ്പോൾ ഒരു പ്രധാന ഘടകമാണ്. കുട്ടികളിൽ ചുവപ്പു നിറത്തിനു വളരെ സ്വാധീനം നേടിയെടുക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. ചുവപ്പ് നിറം അധികാരം, ശക്തി എന്നിവയെ സൂചിപ്പിക്കുന്നു. പെൺകുട്ടികളുടെ ചിന്തകളും അവരുടെ ശാരീരിക ഘടനയും പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാറി മറിഞ്ഞു വരുന്ന കാലാവസ്ഥകൾ പോലും അവരുടെ ചിന്തകളെയും ശാരീരിക മാറ്റങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആൺകുട്ടികളുമായി താരതമ്യം ചെയ്താൽ പെൺകുട്ടികൾ കൂടുതലും ചിന്താവികാരങ്ങൾ ഉള്ള പ്രകൃതക്കാരായതു കൊണ്ട് തന്നെ ഒരു പരിധിവരെ പെൺകുട്ടികൾ എല്ലാവരും ലോകത്തോട് അവരുടെ മനസ്സ് തുറക്കുന്ന പ്രകൃതം ഉള്ളവരാണ്. അവരുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുന്ന കുടുംബ ചുറ്റുപാടാണ് നമ്മൾ ഒരുക്കേണ്ടത്. മറിച്ചാണെങ്കിൽ അവരെ കേൾക്കാൻ കഴിയുന്ന ആളുകളെ അവർ പരിഗണിക്കാൻ തുടങ്ങും എന്നതാണ് അതിന്റെ മറുവശം.
 

Latest News