ചെന്നൈ- തമിഴ്നാട്ടിൽ കളമൊരുങ്ങുന്നത് താരയുദ്ധത്തിന്. എം.ജി.ആറും ജയലളിതയും ജനകോടികളെ സ്വാധീനിച്ച അയൽ സംസ്ഥാനത്ത് ജനസേവനത്തിന് ഉലക നായകൻ കമലഹാസൻ രംഗത്തിറങ്ങിയതോടെ കൂടുതൽ താരങ്ങൾ രാഷ്ട്രീയ രംഗത്ത് സജീവമാവുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തിൽ താര പിന്തുണ തേടാൻ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയും കരുക്കൾ നീക്കി തുടങ്ങി.
ഏത് വിധേയവും ജയലളിതയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന 'തല' അജിത്തിനെ സ്വന്തം പാളയത്തിലെത്തിക്കാനാണ് നീക്കം. ജയലളിതയുടെ മരണ സമയത്ത് വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിംഗ് നിർത്തിവെച്ചാണ് ചെന്നൈയിൽ കുതിച്ചെത്തി അന്ത്യോപചാരമർപ്പിച്ചത്.
ത്രിശങ്കുവിലായ അണ്ണാ ഡി.എം.കെയുടെ നേതൃസ്ഥാനത്ത് അജിത്ത് എത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹവും അന്ന് ശക്തമായിരുന്നു. എന്നാൽ രാഷ്ട്രീയ താൽപര്യം തുറന്നു പറയാത്ത അജിത്ത് ഇതുവരെ ആർക്കും പിടികൊടുത്തിട്ടില്ല. ഇതിനിടെ അണ്ണാ ഡി.എം.കെ മൂന്നായി വിഭജിക്കപ്പെടുന്ന സാഹചര്യത്തിനും ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസത്തിനുമെല്ലാം തമിഴകം സാക്ഷ്യം വഹിക്കുകയുണ്ടായി. പിന്നീട് പനീർശെൽവവും എടപ്പാടി പളനിസാമിയും ഒന്നായെങ്കിലും ശശികല വിഭാഗം ഇപ്പോഴും ദിനകരനൊപ്പം ശക്തമായി തുടരുകയാണ്. ജയലളിതയുടെ ആർ.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയതോടെ ദിനകരൻ വിഭാഗം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അണ്ണാ ഡി.എം.കെ ഭിന്നിച്ചതും സർക്കാർ വിരുദ്ധ വികാരവും പൊതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന നിലപാടിൽ പ്രതിപക്ഷമായ ഡി.എം.കെയും അടുത്ത സർക്കാർ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയുണ്ടായി. എന്നാൽ ഇവരുടെ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കൊണ്ടാണ് സൂപ്പർ സ്റ്റാർ രജനികാന്തും കമല ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
അതിനിടെ, കമലഹാസന്റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന പര്യടനം ആരംഭിച്ചു. രാമേശ്വരത്ത് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. മധുരയിൽ വെച്ച് പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു.
ദക്ഷിണ തമിഴ്നാട്ടിലെ ജില്ലകളിലാണ് ആദ്യ പര്യടനം. എം.ജി.ആറിന്റെ സിനിമയായ നാളെ നമതേ (നാളെ നമുക്കുവേണ്ടി) എന്ന പേരിലാണ് പര്യടനം.
തമിഴ് ജനതയ്ക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങേണ്ടത് അത്യാവശ്യമായതിനാൽ ഇനി മുതൽ സിനിമയിൽ അഭിനയിക്കുന്നത് നിറുത്തുമെന്ന് കമലഹാസൻ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റാൽ രാഷ്ട്രീയത്തിൽ തുടരുമോ എന്ന ചോദ്യത്തിന് താൻ തോൽക്കില്ലെന്നായിരുന്നു താരം മറുപടി നൽകിയത്. ഒരു പക്ഷേ രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും 37 വർഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാൻ. പത്ത് ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വർഷമായി ഇക്കൂട്ടർ തന്റെ കൂടെയുണ്ട്. തന്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ യുവാക്കളെ ഇവർ കൂട്ടത്തിൽ ചേർത്തു. ഇവരെല്ലാം പാർട്ടിയിലെ സന്നദ്ധസേവകരാകുമെന്നും കമൽ കൂട്ടിച്ചേർത്തു.
സിനിമാ ജീവിതത്തിൽ നിന്നും ഒരുപാട് പണം സമ്പാദിച്ചു. രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയിൽ മാത്രം മരിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങൾക്ക് സേവനം ചെയ്ത് മരിക്കാമെന്ന് സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡന്റെ നിറമായ കറുപ്പാണ് തന്റെ രാഷ്ട്രീയം. എന്നാൽ താൻ ഹിന്ദു വിരുദ്ധനല്ല. പക്ഷേ ഹിന്ദു തീവ്രവാദം രാജ്യത്തിന് അപകടമാണെന്നും ഉലക നായകൻ വ്യക്തമാക്കി.






