കേരളത്തിലെ നെറ്റ്വർക്ക് പ്രശ്നം പരിഹരിക്കുന്നതിന് 14,000 ത്തിലധികം 4ജി നെറ്റ്വർക്ക് സൈറ്റുകൾ സ്ഥാപിച്ചതായി രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ അറിയിച്ചു.
കേരളത്തിലെ ടവറുകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിരിക്കയാണ്. ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 4ജി ടവറുകളുടെ ആവശ്യം വർധിച്ചതിനാൽ ജിയോ ഈ വർഷം തുടക്കത്തിൽ തന്നെ 4ജി നെറ്റ്വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിക്കുമ്പോൾ ജിയോയുടെ 4ജി നെറ്റ്വർക്ക് ആധിപത്യം ശക്തിപ്പെടും. ഇതോടെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ വരിക്കാർക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2020 ഏപ്രിൽ മുതൽ ഡേറ്റാ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു. പൊതുജനങ്ങളുടെ അഭ്യർഥന അനുസരിച്ച് 2021 ൽ കമ്പനി ഏകദേശം 31 ടവറുകളാണ് സ്ഥാപിച്ചത്.
കണക്റ്റിവിറ്റി എല്ലായ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത കോവിഡ് മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ഒ.ടി.ടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർധിച്ച ഉപയോഗം ഡേറ്റയ്ക്കുള്ള ആവശ്യം വർധിക്കാൻ കാരണമായി.






