ചരിത്രത്തിലെ ആദ്യ എസ്.എം.എസ് ലേലത്തിൽ പോയി, 91 ലക്ഷം രൂപ

1992 ൽ ഒരു മൊബൈൽ ഫോണിലൂടെ അയച്ച ആദ്യത്തെ എസ്.എം.എസ് 1,20,600 ഡോളറിന് (91,28.780 രൂപ) ലേലത്തിൽ വിറ്റു. നോൺഫംഗബിൾ ടോക്കൺ (എൻ.എഫ്.ടി ) ആയാണ് പ്രഥമ എസ്.എം.എസ് ഇത്രയും തുകക്ക് ലേലത്തിൽ പോയതെന്ന് പാരീസിലെ അഗട്ട്‌സ് ലേല സ്ഥാപനം അറിയിച്ചു.
വാങ്ങുന്നയാൾ ആരാണെന്ന്  വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന  കനേഡിയൻ പൗരനാണ് ഇപ്പോൾ നോൺഫംഗബിൾ ടോക്കൺ രൂപത്തിലുള്ള ആദ്യത്തെ എസ്.എം.എസ് സന്ദേശത്തിന്റെ അതുല്യ ഡിജിറ്റൽ പകർപ്പിന്റെ ഉടമയായിരിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.


വൊഡാഫോൺ ജീവനക്കാരനായ റിച്ചാർഡ് ജാർവിസിന് ക്രിസ്മസ് ആശംസകൾ നേർന്ന് അയച്ച 15 അക്ഷരങ്ങളുള്ള സന്ദേശമായിരുന്നു ചരിത്രത്തിലെ ആദ്യ എസ്.എം.എസ്.
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വാങ്ങാനും വിൽക്കാനും കഴിയുന്ന ഡിജിറ്റൽ ഇനങ്ങളാണ് എൻ.എഫ്.ടി.
ഈ വർഷം ആദ്യം നടന്ന ലേലത്തിൽ ഏകദേശം 700 കോടി ഡോളറിന്റെ കലാസൃഷ്ടികൾ വിൽപനയായതോടെ എൻ.എഫ്.ടി ശേഖരണം വളരെയധികം ജനപ്രിയമായി മാറിയിട്ടുണ്ട്. 
ലേല ഹാളിൽ ഉണ്ടായിരുന്നവരിൽ 18 കാരനായ ബ്ലോക്ക്‌ചെയിൻ സംരംഭകൻ ലൂയിജി കാരഡോണ വില 75,000 യൂറോയ്ക്ക് മുകളിൽ ഉയർന്നപ്പോൾ ലേലത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ചരിത്രത്തിന്റെ ഭാഗമായ എസ്.എം.എസ് സ്വന്തമാക്കി അടുത്ത വർഷം വരെ ഒരു ആസ്തിയായി നിലനിർത്താനും അടുത്ത ക്രിസ്മസിന് വിൽക്കാനുമാണ് ഉദ്ദേശിച്ചിരുന്നതെന്ന് ലൂയിജി പറഞ്ഞു. 
ലേലത്തിലൂടെ ലഭിച്ച തുക യുഎന്നിന്റെ അഭയാർത്ഥി ഏജൻസിക്ക് സംഭാവന ചെയ്യുമെന്ന് മൊബൈൽ നെറ്റ്‌വർക്ക് കമ്പനിയായ വൊഡാഫോൺ അറിയിച്ചു.

Latest News