തെറ്റായ അവകാശവാദം; വൈദ്യുതി ട്രക്ക് നിർമാതാക്കൾ 125 ദശലക്ഷം ഡോളർ പിഴയടയ്ക്കും

ട്രെവർ മിൽട്ടൻ

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയും നിക്ഷേപകരെ വഞ്ചിക്കുകയും ചെയ്ത സംഭവത്തിൽ അമേരിക്കയിൽ സെക്യൂരിറ്റീസ് റെഗുലേറ്റർമാരുമായുള്ള നിയമ തർക്കം അവസാനിപ്പിക്കാൻ 125 ദശലക്ഷം ഡോളർ പിഴ അടയ്ക്കുമെന്ന് ഇലക്ട്രിക് ട്രക്ക് നിർമാതാക്കളായ നിക്കോള അറിയിച്ചു. ഉൽപന്നങ്ങളെ കുറിച്ചും സാങ്കേതിക മുന്നേറ്റങ്ങളെ കുറിച്ചും തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ച്  വാണിജ്യ സാധ്യതകളുണ്ടെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്തത്. ഇതിനു പിന്നാലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) കേസെടുക്കുകയായിരുന്നു. 
കമ്പനിയുടെ ഓഹരി വില വർധിപ്പിക്കാൻ ശ്രമിച്ച  സ്ഥാപകനും മുൻ സി.ഇ.ഒയുമായ ട്രെവർ മിൽട്ടനെതിരായ നിയമനടപടിയെ തുടർന്നാണ് ഒത്തുതീർപ്പെന്ന് എസ്.ഇ.സി അറിയിച്ചു.
മിൽട്ടന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾക്കും വഞ്ചനകൾക്കും നിക്കോള കോർപറേഷൻ ഉത്തരവാദിയാണ്. കമ്പനിയുടെ ബിസിനസിന്റെയും സാങ്കേതിക വിദ്യയുടെയും യഥാർത്ഥ അവസ്ഥ മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്ന്  എസ്.ഇ.സിയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മേധാവി ഗുർബിർ എസ്. ഗ്രെവാൾ പറഞ്ഞു. 
ഇന്ധനം നിറയ്ക്കുന്ന സമയം, ഹൈഡ്രജൻ സ്‌റ്റേഷന്റെ നില, വൈദ്യുതിയുടെ വില, സ്രോതസ്സുകൾ എന്നിവയെ കുറിച്ചുള്ള  വസ്തുതകൾ കമ്പനി തെറ്റായി അവതരിപ്പിക്കുകയായിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങൾ ചില്ലറ നിക്ഷേപകർക്ക് വരുത്തിയ ദോഷം കടുത്ത ശിക്ഷാ നടപടിക്ക് അർഹമാണെന്ന് ഗ്രെവാൾ പറഞ്ഞു.
തെറ്റുകൾ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്ത കമ്പനി രണ്ട് വർഷത്തിനുള്ളിൽ അഞ്ച് അർധ വാർഷിക ഗഡുക്കളായി പിഴ അടയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യത്തേത് ഈ വർഷം അവസാനത്തോടെ അടയ്ക്കും.
എല്ലാ സർക്കാർ അന്വേഷണങ്ങളും അവസാനിപ്പിച്ചിരിക്കേ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് നിക്കോള പ്രസ്താവനയിൽ പറഞ്ഞു. 
കമ്പനിയുടെ ഹൈഡ്രജൻ ബാറ്ററി വാഹനങ്ങളുടെ സാധ്യതകളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ജൂലൈയിലാണ് യു.എസ് അധികൃതർ നിക്കോള മേധാവി മിൽട്ടനെതിരെ ആവർത്തിച്ച് കുറ്റം ചുമത്തിയത്. ആരോപണങ്ങൾക്കെതിരെ നിയമ പോരാട്ടം ആരംഭിച്ച മിൽട്ടൺ  2020 സെപ്റ്റംബറിൽ കമ്പനിയിൽ നിന്ന് രാജിവെച്ചു.  പിഴത്തുക മിൽട്ടനിൽനിന്ന് ഈടാക്കാനാണ് നിക്കോള കമ്പനിയുടെ നീക്കം. 

Latest News