ബെംഗളൂരു- കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധ ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ പ്രതിഷേധം തുടരുന്നതിനിടെ ചര്‍ച്ചിനുനേരെ വീണ്ടും ആക്രമണം.
ദക്ഷിണ കര്‍ണാടകത്തിലെ ചിക്കബല്ലാപുരയിലെ സെന്റ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
160 വര്‍ഷം പഴക്കമുള്ള പള്ളിയിലെ സെന്റ് ആന്റണിയുടെ രൂപം ഭാഗികമായി തകര്‍ക്കപ്പെട്ടു. പുലര്‍ച്ചെ 5.35 ഓടെയാണ് പള്ളി ആക്രമിക്കപ്പെട്ടതെന്ന് പള്ളി വികാരി ഫാദര്‍ ജോസഫ് ആന്റണി പറഞ്ഞു. ആദ്യമായാണ് പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ക്രൈസ്തവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മതപരിവര്‍ത്തന നിരോധ ബില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെക്കുന്നതാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വാദം.