Sorry, you need to enable JavaScript to visit this website.

ലോകത്തെ ഞെട്ടിച്ച് ഒമിക്രോണ്‍ വ്യാപനം; ബ്രിട്ടനില്‍  പ്രതിദിനം ലക്ഷം കടന്ന് കോവിഡ് കേസുകള്‍

ലണ്ടന്‍- ലോകത്തിനാകെ ഭീതിയുയര്‍ത്തി ഒമിക്രോണ്‍ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതിനിടെ ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആദ്യമായി ഒരു ലക്ഷം കടന്നു. ബ്രിട്ടനിലും ഡെന്‍മാര്‍ക്കിലുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടണില്‍ 69,147 പേര്‍ക്കും, ഡെന്മാര്‍ക്കില്‍ 26,362 പേര്‍ ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ യൂറോപ്്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. ക്രിസ്തുമസിന് ശേഷം ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന ലോക്ഡൗണിലേക്ക് കടക്കും. ബ്രിട്ടനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ ആദ്യമായി ഒരു ലക്ഷം കടന്നു. 1,06,122 പേര്‍ക്കാണ് 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചെങ്കിലും രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കാനാണ് സാധ്യത.
അതിനിടെ കോവിഡിനെതിരെ ഉപയോഗിക്കാവുന്ന ഫൈസറിന്റെ ഗുളികയ്ക്ക് യുഎസ് അംഗീകാരം നല്‍കി. രോഗികള്‍ക്ക് ഗുളിക വായിലൂടെ നല്‍കാനാവുമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അസോസിയേഷന്‍ അറിയിച്ചു. ഗുളിക ഗുരുതരമായ ഒമിക്രോണില്‍ നിന്ന് പോലും സംരക്ഷണം നല്‍കുമെന്നാണ് ഫൈസറിന്റെ അവകാശ വാദം.
 

Latest News