മലയാളികൾക്ക് എന്നും ഇഷ്ടമായ കുടുംബ സിനിമകളുടെ പട്ടികയിൽ ഒന്നുകൂടി. നവാഗതരായ അനൂപ് ചന്ദ്രൻ, രാജ മോഹൻ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന സുഖമാണോ ദാവീദേ.
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലകളെല്ലാം ഏറ്റെടുക്കുന്ന ദാവീദ് എന്ന തയ്യൽക്കാരന്റെയും, താൻ വലിയ പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവരുന്ന സ്വന്തം അനുജൻ ജോയൽ ചീത്ത കൂട്ടുകെട്ടിൽ പെട്ട് വഴിതെറ്റുമ്പോൾ അവനെ തിരികെ കൊണ്ടുവരാൻ അയാൾ നടത്തുന്ന ശ്രമങ്ങളുടെയും കഥയാണ് ചിത്രത്തിൽ.
ദാവീദായി ഭഗത് മാനുവൽ, ജോയലായി മാസ്റ്റർ ചേതൻ ലാൽ, അധ്യാപികയായ ശലോമിയായി പ്രിയങ്ക നായർ, ദാവീദിന്റെ കൂട്ടുകാരി ടെസയായി ശ്രുതി ബാല തുടങ്ങിയവർ അഭിനയിക്കുന്നു. സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുൺ പോൾ, യോഗി റാം, താര കല്യാൺ, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.
പാപ്പി ക്രിയേഷൻസിന്റെ ബാനറിൽ കെ.വി ടോമി കരിയാന്തൻ കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര. കൈതപ്രം, മോഹൻ സിത്താര ടീമാണ് ഈ ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. സജിത് മേനോനാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര, കലഅർക്കൻ എസ് കർമ്മ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം അരവിന്ദ്.