ഒരൊറ്റ ചിത്രംകൊണ്ടുതന്നെ തമിഴകത്ത് മാത്രമല്ല, മലയാളികളുടെയും ഹൃദയം കവർന്നിരിക്കുകയാണ് അതിഥി ബാലൻ. അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത അരുവി എന്ന തമിഴ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതുവഴി അതിഥിയുടെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന് കൂട്ടുകെട്ടുകൾ കൊണ്ട് താളം തെറ്റിപ്പോയ ജീവിതവഴിയിലൂടെ എയ്ഡ്‌സ് രോഗിയായി മാറിയ അരുവി. സമൂഹം തനിക്ക് കൂച്ചുവിലങ്ങിടുമ്പോൾ അവൾ പ്രതികരിക്കുന്നു. ആ പ്രതികരണം അവളെ തീവ്രവാദിയായി ചിത്രീകരിച്ച് ഇരുമ്പഴിക്കുള്ളിലെത്തിക്കുന്നു. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സ്വതന്ത്രയാവുമ്പോഴേയ്ക്കും അവളുടെ ആരോഗ്യം ക്ഷയിച്ചിരുന്നു. ഒടുവിൽ അന്ത്യയാത്രക്കുമുമ്പ് ഉറ്റവരും ഉടയവരും തേടിയെത്തുമ്പോൾ ജീവിതം സാർത്ഥകമായതായി അവൾക്ക് തോന്നുന്നു. അച്ഛന്റെ ചെല്ലക്കുട്ടിയായി പഴയകാലത്തേയ്ക്ക് അവളുടെ മനസ്സ് ചിറകടിച്ചു പറക്കുകയാണ്.
നിയമ ബിരുദം നേടി അഭിഭാഷകവൃത്തിയുമായി കഴിയവേയാണ് നിയതി അതിഥിയെ വെള്ളിവെളിച്ചത്തിലേയ്ക്കു നയിച്ചത്. അപ്രതീക്ഷിതമായി യാതൊരു മുൻവിധികളുമില്ലാതെ ക്യാമറയ്ക്കു മുന്നിലെത്തിയ തമിഴ് പെൺകുട്ടി. എന്നാൽ ഒരൊറ്റ ചിത്രത്തിലൂടെ അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണവൾ. രജനീകാന്തിനെപ്പോലുള്ള സൂപ്പർ താരങ്ങൾ മുതൽ സാധാരണ പ്രേക്ഷകർവരെ വിളിച്ച് അഭിനന്ദനമറിയിക്കുമ്പോൾ അതിഥിപോലും അമ്പരക്കുന്നു. അരുവിയെ അവതരിപ്പിച്ചത് താൻതന്നെയാണോ എന്ന്.
സമൂഹം വെറുപ്പോടെ കാണുന്ന എച്ച്.ഐ.വി ബാധിതരുടെ പ്രതിനിധിയായി വെള്ളിത്തിരയിലെത്തിയപ്പോൾ അതിഥിക്കുതന്നെ അത്ഭുതമായിരുന്നു. സമൂഹത്തിനു മുന്നിൽ പൊള്ളുന്ന ചില യാഥാർത്ഥ്യങ്ങൾ അവൾ വെളിപ്പെടുത്തിയപ്പോൾ അത് പലരുടെയും ഉറക്കം കെടുത്തുന്നതായി. ഇതിൽനിന്നും ഒരാളെങ്കിലും പാഠം പഠിച്ചാൽ തന്റെ ജീവിതം സാർത്ഥകമായെന്ന് ഈ നടി വിശ്വസിക്കുന്നു.
നടിയാകണമെന്ന് അതിഥി ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല. സിനിമകൾ കാണാറുണ്ടായിരുന്നു. അതും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കുടുംബ ചിത്രങ്ങൾ. നിയമ പഠനത്തിനുശേഷം കുറച്ചുകാലം തിയേറ്റർ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. അരങ്ങിലെ അനുഭവങ്ങൾ അറിയാനുള്ള ആഗ്രഹം. ചില നാടകങ്ങളിൽ വേഷമിടുകയും ചെയ്തു. തിയേറ്റർ ഗ്രൂപ്പിലെ ഒരു സുഹൃത്താണ് അരുവിയുടെ ഒഡീഷൻ അറിയിച്ചത്. ഒഡീഷന് എത്തിയപ്പോൾ കണ്ടത് നീണ്ട നിര. കിട്ടില്ലെന്ന് ഉറപ്പായിട്ടും ഒഡീഷനിൽ പങ്കെടുത്തു. അഛനോട് കാര്യം പറഞ്ഞപ്പോൾ നിയമ ബിരുദമെടുത്ത് അഭിനയിക്കാനിറങ്ങിയത് എന്തിനാണെന്നായിരുന്നു ചോദ്യം. സിനിമാഭിനയത്തോട് അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. ഒഡീഷൻ കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്‌ക്രീൻ ടെസ്റ്റിന് വിളിച്ചു. അരുവിയുടെ എന്തൊക്കെയോ പ്രത്യേകതകൾ അവർ എന്നിൽ കണ്ടിരുന്നതായി പിന്നീട് അറിഞ്ഞു. ഒടുവിൽ കടമ്പകൾ പലതും കടന്ന് അരുവിയായി സെലക്ട് ചെയ്തു.
അരുവിയിൽ എടുത്തുപറയേണ്ട സവിശേഷത അഛനും മകളും തമ്മിലുള്ള ആത്മബന്ധമായിരുന്നു. സ്വന്തം ജീവിതത്തിലും അത്തരം ഒരു ആത്മബന്ധമായിരുന്നു അതിഥിയും അഛനും തമ്മിലുണ്ടായിരുന്നത്. മകൾ തെറ്റു ചെയ്തു എന്നറിയുമ്പോൾ അവളെ വീട്ടിൽനിന്നും പറഞ്ഞുവിടുന്ന ആ അഛൻ അനുഭവിക്കുന്ന മനോവേദന നിസ്സാരമല്ല. ഒടുവിൽ മരണം ആസന്നമായെന്ന ചിന്തയിൽ എല്ലാവരേയും കാണണമെന്ന് ചാനൽ പ്രവർത്തകനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിനും അവസരമൊരുക്കി. അക്കൂട്ടത്തിൽ തന്റെ ദയനീയാവസ്ഥ കണ്ട് ഞെട്ടിത്തരിച്ചുനിൽക്കുന്ന അഛനെ വേദനയോടെ മാത്രമേ കാണാനാവൂ.
അരുവി എന്ന ചിത്രത്തിൽ അതിഥി.
ചിത്രത്തിനുവേണ്ടി ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു എന്നത് അതിഥി മറച്ചുവയ്ക്കുന്നില്ല. ശക്തമായ തിരക്കഥയായിരുന്നു അരുവിയുടെ വിജയം. തിരക്കഥയ്ക്കനുസരിച്ച് അഭിനയിച്ചാൽ മാത്രം മതിയായിരുന്നു. കൂടാതെ സംവിധായകൻ അരുൺ പ്രഭു ഓരോ രംഗവും കൃത്യമായി പറഞ്ഞുതന്നു. എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ മനോഭാവമായിരുന്നു ചിത്രത്തിന്റെ കാതൽ. മുൻനിര നായികമാരിൽ പലരും ഈ ചിത്രത്തിൽ വേഷമിടാൻ മടിച്ചു. എയ്ഡ്‌സ് രോഗിയാകാൻ അവർ തയ്യാറായില്ല. തനിക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തതിൽ അരുവിയായി വേഷമിടാൻ തീരുമാനിക്കുകയായിരുന്നു.
അവസാന രംഗം അഭിനയിക്കുന്നതിനായിരുന്നു ഏറെ പരിശ്രമം വേണ്ടിവന്നത്. മാനസികമായി തയ്യാറാകണമെന്ന് സംവിധായകൻ മുൻകൂട്ടി പറഞ്ഞിരുന്നു. ഭാരം കുറയ്ക്കുകയായിരുന്നു ആദ്യഘട്ടം. ഒരു മാസത്തോളം ആരോടും സംസാരിക്കാതെ ഏകാന്തജീവിതം നയിച്ചു. ഭക്ഷണം കുറച്ചു. പത്തു കിലോയോളം ഭാരം കുറച്ചു. കൂടാതെ എച്ച്.ഐ.വി. ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു ഡോക്ടർമാരെ സന്ദർശിച്ചു. രോഗാവസ്ഥയെക്കുറിച്ചും രോഗികളെക്കുറിച്ചുമെല്ലാം അവർ വിശദമാക്കി. മറ്റൊരു ഡോക്ടർ ചോദ്യങ്ങളെ എതിർക്കുകയായിരുന്നു. മറ്റു രോഗികളെ കാണുന്നതുപോലെ എച്ച്.ഐ.വി ബാധിതരെയും കണ്ടാൽ മതിയെന്നായിരുന്നു അവരുടെ പക്ഷം. നൂറിയ അമ്മ എന്ന ട്രാൻസ്‌ജെൻഡർ എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കായി നടത്തുന്ന സ്ഥാപനം സന്ദർശിച്ച് അവിടത്തെ കുട്ടികളുമായി സംസാരിച്ചു. സമൂഹത്തിൽനിന്നും അവരെ അകറ്റിനിർത്തുകയല്ല, മറിച്ച് സഹജീവികളായി കണ്ട് സ്‌നേഹിക്കുകയാണ് വേണ്ടത് എന്ന ബോധമാണ് അവർ പങ്കുവച്ചത്. സഹതാപമല്ല, തുല്യതയാണ് അവർ ആഗ്രഹിക്കുന്നത്. ഇതെല്ലാം വലിയ പാഠങ്ങളായിരുന്നു. കുഞ്ഞുങ്ങളിൽ പലരും അവരുടെ തെറ്റുകൊണ്ടല്ല ഈ രോഗത്തിന് അടിമകളായത് എന്ന സത്യവും വേദനാജനകമായിരുന്നു.കണ്ടതെല്ലാം ഒരു വെല്ലുവിളിയായി സ്വീകരിച്ചാണ് അഭിനയിച്ചത്. അരുവിയെ പൂർണ്ണതയിലെത്തിക്കാൻ നേരിട്ടു കണ്ട പല അനുഭവങ്ങളും സഹായകമായി. അതിന് ഗുണവുമുണ്ടായി. സൂപ്പർ സ്റ്റാർ രജനീകാന്ത് സാർ സംവിധായകൻ അരുണിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അരുവി ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു എന്നാണദ്ദേഹം പറഞ്ഞത്. പിന്നീട് നേരിട്ടു കണ്ടപ്പോഴും അദ്ദേഹം അഭിനന്ദിച്ചു. ഓരോ ചെറിയ രംഗംപോലും എടുത്തുപറഞ്ഞാണ് അദ്ദേഹം അഭിനന്ദിച്ചത്. ജനമനസ്സുകളിൽ ഒരു വിങ്ങലായി ഈ ചിത്രം അവശേഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാറ്റിലുമുപരി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ പലരും നേരിട്ടും ഫോണിലൂടെയും അനുമോദനങ്ങൾകൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു.
സിനിമ പുറത്തിറങ്ങിയപ്പോൾ പല തവണയാണ് കണ്ടത്. അഭിനയിച്ചതുകൊണ്ടു മാത്രമല്ല, ഈ ചിത്രം എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ഓരോ പ്രാവശ്യവും കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് ഞാൻ സിനിമ കണ്ടത്. ഞാൻ തന്നെയാണോ അരുവിയെ അവതരിപ്പിച്ചത് എന്നു തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ടെന്ന് ഈയിടെ ഒരഭിമുഖത്തിൽ അതിഥി പറഞ്ഞു. ആദ്യചിത്രം വൻവിജയമായതോടെ ഇനിയും സിനിമയിൽ അഭിനയിക്കണം എന്നാണ് അതിഥിയുടെ ആഗ്രഹം. ഇത്തരത്തിൽ വെല്ലുവിളി നിറഞ്ഞ വേഷങ്ങളോടാണ് അതിഥിക്ക് താൽപര്യം. കാത്തിരിക്കുകയാണ്, അരുവിയോട് കിടപിടിക്കുന്ന ശക്തമായ കഥാപാത്രമെത്തിയാൽ അതിഥി ഇനിയും ക്യാമറയ്ക്കു മുന്നിലെത്തും.