Sorry, you need to enable JavaScript to visit this website.

ഒരു കണ്ണിറുക്കലിന്റെ വില

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോക പ്രശസ്തി നേടിയ ആരെങ്കിലും ചരിത്രത്തിലുണ്ടോ? ഇല്ല, എന്നായിരിക്കും ഒരു പക്ഷെ ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഗാന രംഗത്തിൽ പ്രിയ പ്രകാശ് വാര്യരുടെ സവിശേഷമായ ആ കണ്ണിറുക്കൽ ലോകം കാണും വരെ കിട്ടുമായിരുന്ന മറുപടി. അതുകൊണ്ടുതന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് പ്രിയ. 
ഈ ഗാനരംഗം യൂട്യൂബിൽ ഹിറ്റായി മുന്നേറുമ്പോൾ എങ്ങും ചർച്ച പ്രിയ മാത്രം. 12 ദിവസം കൊണ്ട് ഈ ഗാനവും പ്രിയയുടെ കണ്ണിറുക്കലും യൂട്യൂബിൽ കണ്ടത് 3.7 കോടി പേർ. 
കത്രീന കൈഫ് തന്റെ മൊത്തം കരിയർ കൊണ്ട് നേടിയതിനേക്കാൾ പ്രശസ്തിയാണ് ഈയൊരു ഗാന രംഗത്തിലൂടെ പ്രിയ നേടിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രിയയെക്കുറിച്ച് വന്ന വാർത്തയിൽ ഒരാളുടെ കമന്റ്.
ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും പ്രിയയുടെ കണ്ണിറുക്കലും ഗാനത്തിലെ വരികളുമെല്ലാം സൃഷ്ടിച്ച വിവാദവും കേസും അഡാർ ലൗവിനെ ബോക്‌സോഫീസിൽ വിജയിപ്പിച്ചേക്കുമെന്നാണ് സൂചന. പ്രവാചകനും പത്‌നി ഖദീജയും തമ്മിലുള്ള ഗാഢബന്ധം പരാമർശിക്കുന്ന ഗാനം പാടുമ്പോൾ പ്രിയ കണ്ണിറുക്കുന്നതാണ് കേസിനാധാരമായത്. ഹൈദരാബാദിലെ റാസ അക്കാദമി ഗാനത്തിന്റെ വരികളുടെ ഉറുദു, ഇംഗ്ലീഷ് തർജമകളടക്കം നൽകിയ പരാതിയിൽ ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രിയയെയും സംവിധായകൻ ഒമർ ലുലുവിനെയും എതിർകക്ഷികളാക്കിയാണ് പരാതി. 
കേസ് റദ്ദാക്കണമെന്ന പ്രിയയുടെ ഹരജി സുപ്രീം കോടതി പരിഗണനയിലാണ്.
ഏതായാലും മാണിക്യ മലരെന്ന ഗാനവും, പ്രിയയുടെ കണ്ണിറുക്കലും മലയാളത്തിന്റെയും ഇന്ത്യയുടെയും അതിർത്തികടന്ന് പരക്കുന്നു. കഴിഞ്ഞ ദിവസം ഒരു സ്‌കോട്ട്‌ലന്റുകാരൻ മാണിക്യമലരെന്ന പാട്ട് പാടുന്നത് ചാനലിൽ കണ്ടു. പ്രിയയെപോലെ കണ്ണിറുക്കാൻ ശ്രമിക്കുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വീഡിയോകൾ യൂട്യൂബിലും വാട്‌സാപ്പിലും പ്രവഹിക്കുകയാണ്. ഒരു ചിത്രം പുറത്തുവരുന്നതിനുമുമ്പ് അതിലെ പുതുമുഖമായ നടി സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത് ഇതാദ്യം. സിനിമയും പ്രിയയുടെ അഭിനയവും എങ്ങനെയിരിക്കുന്നുവെന്ന് കാണാനിരിക്കുന്നതേയുള്ളു.

Latest News