മദീന - കത്തിയുമായി വ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി മദീന പോലീസ് അറിയിച്ചു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് പറഞ്ഞു. പ്രതികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
സമാനമായ മറ്റൊരു സംഭവത്തിൽ, റിയാദിൽ മിനിമാർക്കറ്റുകളിൽ കവർച്ചകൾ നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസും അറിയിച്ചു. രണ്ടു യുവതികൾ അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. മൂവരും സ്വദേശികളാണ്. മിനിമാർക്കറ്റുകളിൽ കയറി ആയുധം ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കുകയാണ് സംഘം ചെയ്തത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.






