പാമ്പ് കടിയേറ്റ യുവാവ് കലിപ്പ് തീർക്കാൻ പെരുമ്പാമ്പിന്റെ തലകടിച്ച് ചവച്ചരച്ചു

ലഖ്‌നൗ- ഉത്തർ പ്രദേശിലെ ഹർദോയിയിൽ പാമ്പു കടിയേറ്റ കർഷകൻ പ്രതികാരമായി പാമ്പിനെ പിടികൂടി തിരിച്ചു കടിച്ചു. കലിപ്പ് തീരാഞ്ഞിട്ട് തല കടിച്ചെടുത്ത് ചവച്ച് തുപ്പുകയും ചെയ്തു. ബോധരഹിതാനായി കിടക്കുകയായിരുന്ന സോനെലാൽ എന്ന കർഷകനെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. പെരുമ്പാമ്പിനെയാണ് യുവാവ് കടിച്ചതെന്ന് ഗ്രാമീണർ പറയുന്നു. ബോധം തെളിഞ്ഞതിനു ശേഷം സോനെലാൽ തന്നെ നടന്ന സംഭവം വിവരിക്കുകയായിരുന്നു. ഇദ്ദേഹം പാമ്പിനെ കടിച്ചു ചവക്കുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം സോനെലാലിനെ പരിശോധിച്ച ഡോക്ടർമാർ ദേഹത്ത് പാമ്പുകടിയേറ്റതിന് അടയാളമില്ലെന്നു പറഞ്ഞു. പാമ്പിന്റെ തല കടിച്ചു ചവച്ചിട്ടും ഇദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് ഡോക്ടർമാരേയും അമ്പരിപ്പിച്ചിരിക്കുകയാണ്.
 

Latest News