Sorry, you need to enable JavaScript to visit this website.

കൊതിപ്പിക്കുന്ന ദുബായ് നഗരത്തിലൂടെ

സഞ്ചാരികളെ കൊതിപ്പിക്കുകയും മനം മയക്കുകയും ചെയ്യുന്ന നഗരമാണ് ദുബായ്. എത്ര കണ്ടാലും മതിവരാത്ത വിസ്മയങ്ങളുടെ കലവറകളൊളിപ്പിക്കുന്ന നഗരം. നിർമാണ രംഗത്തും വാണിജ്യ വ്യവസായ രംഗങ്ങളിലും പുതുമകളും സാധ്യതകളും തുറന്നുവെക്കുന്ന ദുബായ് നഗരം പല തവണ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഈ പ്രാവശ്യത്തെ സന്ദർശനം സവിശേഷമായിരുന്നു. 
കേട്ടുകേട്ടു കൂട്ടുകൂടിയ ഖത്തറിലെ റേഡിയോ സുനോയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റേഡിയോ ആർ.ജെകളോടൊപ്പം നാല് ദിവസത്തെ ദുബായ്  യാത്ര സംഘടിപ്പിച്ചത്.  ഏവൻസ് ട്രാവൽ ആന്റ് ടൂർസും മീഡിയ പ്ലസും സംയുക്തമായി സംഘടിപ്പിച്ച യാത്ര ആദ്യന്തം ആവേശ്വോജ്വലമായത് റേഡിയോ  ഒലീവ് സുനോ നെറ്റ് വർക്ക് സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീറലി പരുവള്ളി, റേഡിയോ സുനോ പ്രോഗ്രാം ഹെഡ്  അപ്പുണ്ണി, ആർ.ജെകളായ അഷ്ടമി, ബോബി, ജ്യോതിക, നിസ, വിനു, ഷാഫി, ആസ്യ, റേഡിയോ ഒലീവ് ആർ.ജെകളായ വിവേക്, സിംറൻ, പ്രിയങ്ക തുടങ്ങിയവരുടെ സജീവമായ പങ്കാളിത്തം കൊണ്ടാണ് . ആടിയും പാടിയും സംഘം യാത്ര മനോഹരമാക്കി. 


അറേബ്യൻ ഐക്യനാടുകളിലെ ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ദുബായ്. പെട്രോൾ, ഗ്യാസ് വരുമാനങ്ങളെ കാര്യമായി ആശ്രയിക്കാതെ ടൂറിസവും വ്യവസായവും കൊണ്ട് തലയുയർത്തി നിൽക്കുന്ന നഗരമെന്നതാകും ദുബായിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് തോന്നുന്നു. ലോകോത്തര ഹോട്ടലുകളും വൈവിധ്യമാർന്ന കെട്ടിട സമുച്ചയങ്ങളും മാത്രമല്ല കലയും സംസ്‌കാരവും വിദ്യാഭ്യാസവും പാരമ്പര്യവുമൊക്കെ സമന്വയിപ്പിക്കുന്ന സ്വന്തവും സ്വതന്ത്രവുമായ പാതയിലൂടെയുള്ള ദുബായിയുടെ മുന്നേറ്റം അത്ഭുതകരമാണ് . 
പേർഷ്യൻ ഉൾക്കടലിന്റെ തെക്കുകിഴക്കൻ തീരത്തായി   സ്ഥിതി ചെയ്യുന്ന ദുബായ്  എമിറേറ്റിന്റെ സാമ്പത്തിക വരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമേ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദുബായിലേക്കൊഴുകുന്ന ലക്ഷക്കണക്കിനാളുകളാണ് ഈ നഗരത്തിന്റെ വളർച്ചാവേഗം കൂട്ടുന്നത്. 
കരകൗശല വൈദഗ്ധ്യവും നിർമാണ ചാതുരിയും വെളിവാക്കുന്ന ആഡംബര കെട്ടിടങ്ങളും മാതൃകകളുമാകാം ദുബായ്ക്ക് ആർക്കിടെക്ട്‌സ് പ്‌ളേ ഗ്രൗണ്ട് എന്ന വിശേഷണം നേടിക്കൊടുത്തത്. ദുബായിയുടെ വിവിധ ഭാഗങ്ങളിലായി ഉയർന്നുനിൽക്കുന്ന വശ്യമനോഹരമായ നിരവധി മോഡലുകളിലുള്ള കെട്ടിടങ്ങളും സംവിധാനങ്ങളും ഏവരിലും കൗതുകമുണർത്തും. റിയൽ എസ്‌റ്റേറ്റ് മേഖലയിലുള്ള ദുബായിയുടെ വളർച്ച അസൂയാവഹമാണ്. വൻ നിക്ഷേപ സാധ്യതകൾ തുറന്നുവെക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉയർന്നുവരുന്ന കെട്ടിട സമുച്ചയങ്ങളും ഹോട്ടലുകളുമൊക്കെ നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതോടൊപ്പം വരുമാനം ഉറപ്പാക്കുകയും ചെയ്താണ് പുരോഗതിയുടെ വേഗം കൂട്ടുന്നത്.  
അര നൂറ്റാണ്ട് പിന്നിടുന്ന സജീവമായ ഗൾഫ് കുടിയേറ്റത്തിൽ പ്രധാന പങ്ക് വഹിച്ച നഗരമാണിത്. മുമ്പൊക്കെ ഗൾഫിലേക്ക് പോകുന്നതിന് ദുബായ്ക്ക് പോവുകയെന്നാണ് മലയാളികൾ പറഞ്ഞിരുന്നത്. ദുബായ്ക്കാരന്റെ വരവ് കേരളത്തിലെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുണ്ടാക്കിയ മാറ്റം പ്രധാനമാണ്. കേരളത്തിന്റെ പട്ടിണിയും തൊഴിലില്ലായ്മയുമൊക്കെ പരിഹരിക്കുന്നതിനും ബഹുമുഖ പുരോഗതി ഉറപ്പു വരുത്തുന്നതിനുമാണ് ഗൾഫ് കുടിയേറ്റം വഴിയൊരുക്കിയത്. 
ദുബായിയുടെ തുറന്ന സമീപനമാകാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരേയും വ്യാപാരികളേയും ഈ നഗരത്തിലേക്കാകർഷിച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ നിർമാണ രംഗത്ത് ദുബായ് കൈവരിച്ച നേട്ടം നിസ്തുലമാണ് . കുറച്ചു കാലം കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബായ്  ഇന്നൊരു ലോക നഗരമായും ഗൾഫ് രാജ്യങ്ങളുടെ സാംസ്‌കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും വ്യാപാരങ്ങളിലേർപ്പെടുകയും ചെയ്യുന്നു. വ്യോമമാർഗമുള്ള ചരക്കു ഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബായ്. ലോകാടിസ്ഥാനത്തിലുള്ള നിക്ഷേപവും വ്യാപാര ബന്ധങ്ങളും തന്നെയാണ്  ഈ നഗരത്തെ  പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്. 
1971 ൽ തന്നെ സ്വാതന്ത്ര്യം നേടിയെങ്കിലും 2000 ത്തിനു ശേഷമാണ്   അത്യാധുനികവും അനന്യവുമായ വൻ നിർമിതികൾ കൊണ്ട് ദുബായ്  ലോക ജനശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയത്. അംബരചുംബികളായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിംഗ് മാളുകളും അവയിലുൾപ്പെടുന്നു. 


അറേബ്യൻ ഐക്യനാടുകൾ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വർഷങ്ങൾക്കു മുമ്പ് തന്നെ  ദുബായ്   നഗരം നിലനിന്നിരുന്നതായാണ് പറയപ്പെടുന്നത്.   നിയമം, രാഷ്ട്രീയം, സൈന്യം, സാമ്പത്തികം എന്നീ മേഖലകൾ മറ്റു 6 എമിറേറ്റുകളുമായി ഐക്യനാടുകൾ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പങ്കുവെയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റേതായ പ്രവിശ്യാ നിയമങ്ങളും മറ്റും നിലവിലുണ്ട്. അറേബ്യൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും വിസ്തീർണത്തിൽ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. 1833 മുതൽ തന്നെ അൽ മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണ നിർവഹണം നടത്തിവരുന്നത്. ദുബായ്  എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർത്താവ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രി പദവും ഉപരാഷ്ട്രപതി സ്ഥാനവും വഹിക്കുന്നു. ഇന്ത്യയിൽ നിന്നും ആദ്യകാലത്ത് ദുബായിലെത്തിയവരധികവും ലോഞ്ചിലൂടെയും കപ്പലിലൂടെയുമൊക്കെയാണ് കടൽ കടന്നത്. എന്നാൽ വ്യോമഗതാഗത രംഗത്തെ വമ്പിച്ച പുരോഗതി യാത്ര സുഗമമാക്കിയിരിക്കുന്നു. ബജറ്റ് വിമാനങ്ങളും  അല്ലാത്തവയുമായി നിരവധി വിമാനങ്ങളാണ് നൂറുകണക്കിനാളുകളെയും വഹിച്ച് ഈ നഗരത്തിന്റെ സ്വപ്‌നലോകത്തേക്ക് നിത്യവും പറന്നിറങ്ങുന്നത്. കോവിഡ് മഹാമാരി വിതച്ച ആശങ്കകളെ ലോകം മെല്ലെ മറികടക്കാൻ തുടങ്ങുന്നതോടെ ദുബായിലെ ടൂറിസം മേഖലയും ഉണർന്നുവരികയാണ് .  
ലോകപ്രസിദ്ധിയാർജിച്ച നിർമിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായിക വിനോദങ്ങൾ കൊണ്ടും ദുബായ്  എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നു. നിത്യവും പുതുമകൾ സമ്മാനിച്ചാണ് ഈ നഗരം  സന്ദർശകരെ മാടിവിളിക്കുന്നത്. മോഹിപ്പിക്കുന്ന, കൊതിപ്പിക്കുന്ന മനംമയക്കുന്ന വിസ്മയകരമായ ദുബായ് നഗരക്കാഴ്ചയുടെ മോഹവലയത്തിലൂടെ സഞ്ചരിക്കുന്നത് തന്നെ അനുഭൂതി പകരുന്നതാണ്  ദുബായ് നിത്യകന്യകയെപ്പോലെയാണ്. നിത്യവും പുതുമയുളള ആകർഷണങ്ങളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന മായാനഗരം. നിർമാണ രംഗത്തെ പുതിയ പരീക്ഷണങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗവുമെന്നല്ല സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളെ നവീകരിക്കുന്ന നടപടികളുമൊക്കെയാകാം സന്ദർശകരുടെ പറുദീസയായി ഈ നഗരത്തെ മാറ്റുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാകാം മണൽതരികൾ പോലും കഥ പറയുന്ന ദുബായ്  നഗരക്കാഴ്ചകളും വിശകലനങ്ങളും എന്നും പ്രസക്തമാകുന്നത്. 

ദുബായ്  ഫ്രെയിം 

ലോകത്തിൽ ഏറ്റവും ഉയരം കൂടിയ ടവറും ഏറ്റവും വലിയ ഷോപ്പിംഗ് മോളും ഡ്രൈവറില്ലാത്ത ഏറ്റവും നീളം കൂടിയ മെട്രോയും സമ്മാനിച്ച ദുബായിൽ നിനും മറ്റൊരു വിസ്മയം കൂടി -അതാണ് ദുബായ്  ഫ്രെയിം. ബുർജ് ഖലീഫ, എമിറേറ്റ്‌സ് ടവർ എന്നിവ പോലെ ദുബായ് ഫ്രെയിമിലും മലയാളിയുടെ കൈയൊപ്പുണ്ടെന്നത് ഏറെ അഭിമാനകരമാണ്. ദുബായ്  ഫ്രെയിമിന്റെ ഡിസൈൻ ആന്റ് സൂപ്പർവിഷൻ കൺസൾട്ടന്റ് രവികുമാർ എന്ന പാലക്കാട് സ്വദേശിയായിരുന്നു.  രണ്ട് കൂറ്റൻ കോൺക്രീറ്റ് തൂണുകളുമായി ബന്ധിച്ചിരിക്കുന്ന സ്റ്റീൽ കൊണ്ട് തീർത്ത പാലം കൂടി ചേരുമ്പോഴാണ് ദുബായ്   ഫ്രെയിം പൂർണമാകുന്നത്. ഈ പാലത്തിലാണ് പുതിയ ലോകവും പഴയ ലോകവും ഇരുവശങ്ങളിലുമായുള്ളത്. സാധാരണ മ്യൂസിയങ്ങളിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമായി കാഴ്ചവസ്തുക്കളുടെ കഥ പറയുന്ന ഡിജിറ്റൽ മൂവി സ്‌ക്രീനുകളുടെ പശ്ചാത്തലം കാഴ്ചക്ക് നിറം പകരുന്നു. ദുബായ്   എന്ന സ്വപ്‌ന നഗരിയുടെ അനന്തമായ കിനാവുകളാണ് ദുബായ്  ഫ്രെയിം അനാവരണം ചെയ്യുന്നത്. ഭൂത, വർത്തമാന കാലത്തിനൊപ്പം ഭാവിയുടെ കഥകൾ കൂടി പറയുന്ന ദുബായ് ഫ്രെയിമെന്ന  വിസ്മയം കാഴ്ചക്കാർക്ക് പ്രത്യേക അനുഭവം പകരുന്നതാണ്.  കറാമയ്ക്ക് എതിർവശമുള്ള വിശാലമായ സബീൽ പാർക്കിന്റെ നാലാം ഗെയ്റ്റ് കടന്ന് ചെന്നെത്തിയാൽ സ്വർണ നിറത്തിൽ ഫോട്ടോ ഫ്രെയിമിന്റെ ആകൃതിയിലുള്ള ദുബായിയുടെ  അത്ഭുതമായ ദുബായ് ഫ്രെയിമെന്ന വിസ്മയം കാണാം. 
ഡിസൈൻ പൂർത്തിയാക്കി ഒരു ദശകത്തിന് ശേഷം 2018 ജനുവരി 1 ന്  പുതുവത്സര സമ്മാനമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫ്രെയിമായ ഈ വിസ്മയം ദുബായ്  ടൂറിസ്റ്റ് മാപ്പിന്റെ മുകളിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
150 മീറ്റർ ഉയരവും 95 മീറ്റർ വീതിയുമുള്ള  ദുബായ്   ഫ്രെയിമിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. എമിറേറ്റിന്റെ ഭൂതവും വർത്തമാനവും ഭാവിയും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രദർശനം, ശേഷം ലിഫ്റ്റിൽ കയറി മുകളിലെത്തിയാൽ 93 മീറ്റർ നീളമുള്ള ഗ്ലാസ് പാലത്തിലൂടെ നടന്ന് നഗരം കാണാനുള്ള അവസരം. പിന്നീട് 50 വർഷത്തിന് ശേഷമുള്ള ദുബായിയുടെ ഭാവി വരച്ചു കാട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു എക്സിബിഷൻ. ദുബായിയുടെ ഭൂതവും വർത്തമാനവും സന്ധിക്കുന്ന സ്ഥലത്താണ് ദുബായ് ഫ്രെയിം സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്ത് പഴയ സിറ്റിയായ ദേരയും മറുഭാഗത്ത് ആകാശം മുട്ടിനിൽക്കുന്ന ശൈഖ് സായിദ് റോഡിലെ ടവറുകളും. കാഴ്ചയുടെ ഉൽസവം സമ്മാനിക്കുന്ന ദുബായ് ഫ്രെയിം ഇതിനകം ലക്ഷക്കണക്കിനാളുകളാണ് സന്ദർശിച്ചത്. 

ഐൻ ദുബായ്  

ദുബായ് സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട ഒന്നാണ് 'ഐൻ ദുബായ്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമെന്നാണ്  ഐൻ ദുബായ്  വിശേഷിപ്പിക്കപ്പെടുന്നത്. വിനോദ സഞ്ചാര രംഗത്തെ പുതിയ ആകർഷണമായ ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം (ഒബ്സർവേഷൻ വീൽ) ദുബായ്  ടൂറിസം രംഗത്തെ പുതിയ ആകർഷണമാണ്. ദുബായിലെത്തുന്ന സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതും  അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായ ചക്രമാണിത്.  ദുബായ്  നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള അവസരമാണിത് സന്ദർശകർക്ക് തുറന്നിടുന്നത്. 48 കാബിനുകളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. ഒരു തവണ ചക്രം ഉയർന്നു താഴുന്നതിന് 38 മിനിറ്റെടുക്കും. ഒരേസമയം, 1750 പേർക്ക് ഇതിലിരുന്ന് കാഴ്ചകൾ കാണാം.  ഐൻ ദുബായ് എന്ന് പേരിട്ടിരിക്കുന്ന നിർമിതിക്ക് 820 അടി ഉയരമുണ്ട്. സ്വപ്ന നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് 360 ഡിഗ്രിയിൽ സന്ദർശകർക്ക് ആസ്വദിക്കാനുള്ള അവസരമാണിത് തുറന്നിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകളാണ് ചക്രക്കാലുകൾക്ക് കരുത്തു പകരാൻ ഉപയോഗിച്ചിരിക്കുന്നത്. 11,200 ടൺ ഉരുക്ക് ഇതിന്റെ നിർമിതിക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈഫൽ ടവർ നിർമാണത്തിന് ഉപയോഗിച്ചതിനേക്കാൾ 33 ശതമാനം അധികമാണിത്. 10 രാജ്യങ്ങളിൽ നിന്നുള്ള എൻജിനീയറിങ് വൈദഗ്ധ്യം ഐൻ ദുബായ് സാധ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐൻ ദുബായിയുടെ മുകളിരുന്ന് ചായ കുടിക്കുന്ന വീഡിയോ ദുബായ്  കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും  നിരവധി പേർ ദുബായിയുടെ വിശേഷങ്ങൾ അന്വേഷിച്ചെത്തുകയും ചെയ്തിരുന്നു. 
 

Latest News