കോഴിക്കോട്- പ്രശസ്ത വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 11ന് ദുബായ് സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയാണ് കോഴിക്കോട് മിംസില്‍ എത്തിച്ചിരുന്നത്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമായ പേസ് ഗ്രൂപ്പ് സ്ഥാപപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹിം ഹാജി 1966 ലാണ് ഗള്‍ഫിലെത്തിയത്.
ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ഗാര്‍മെന്റ്‌സ് മേഖലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ അദ്ദേഹം 1999ലാണ് പേസ് വിദ്യാഭ്യാസ ഗ്രൂപ്പ് ആരംഭിച്ചത്. ഇന്ത്യയിലും യു.എ.ഇയിലും കുവൈത്തിലും പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.
കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയും മംഗളൂരവില്‍ അഞ്ച് സ്ഥാപനങ്ങളുമുണ്ട്.






