ദുബായ്- മയക്കുമരുന്നുകള്‍ കൈവശം വെക്കുകയും വാട്‌സ്ആപ്പ് വഴി വില്‍പന നടത്തുകയും ചെയ്ത പാക്കിസ്ഥാന്‍ പൗരനെ അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. പോലീസ് നിരീക്ഷണവലയത്തില്‍ ഉണ്ടായിരുന്ന ഇയാളുടെ വീടും വാഹനവും പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അബുദാബി പബ്ലിക് പ്രോസിക്യൂഷനെ വിവരമറിയിച്ച പോലീസ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അനുമതി നേടിയെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഘം ക്രിസ്റ്റലിന്‍ മെത്ത് എന്ന നിരോധിത മയക്കുമരുന്ന് കണ്ടെത്തി. വാട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പന നടത്താന്‍ ഉപയോഗിച്ച ഫോണും വിദേശങ്ങളിലുള്ള മയക്കുമരുന്ന് മാഫിയകളുമായി ഇയാള്‍ ആശയവിനിമയം നടത്തിയതിന്റെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.