തിരുവനന്തപുരം- വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി കാത്തിരുന്ന സംരംഭക കടബാധ്യതമൂലം ആത്മഹത്യചെയ്തു.
വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് ആന്റ് ഇന്റർലോക് കമ്പനി ഉടമയുമായ രാജി (47) യെ ആണ് കമ്പനി വളപ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാൻസ് കോർപ്പറേഷൻ വെള്ളയമ്പലം ശാഖയിൽ നിന്ന് 58 ലക്ഷം വായ്പ എടുത്തിരുന്നു. പലപ്പോഴായി 25 ലക്ഷം തിരിച്ചടച്ചെങ്കിലും കൊവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി.
ഒരു വർഷം മുമ്പ് സാങ്കേതിക സർവകലാശാലയ്ക്ക് ആസ്ഥാനവും ക്യാമ്പസും നിർമ്മിക്കാൻ നൂറേക്കർ ഏറ്റെടുത്തപ്പോൾ രാജിയുടെ വസ്തുവും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഏറ്റെടുക്കൽ 50 ഏക്കറിൽ നിർത്തിയതോടെ രാജിയുടെ വസ്തു ഏറ്റെടുക്കലിന് പുറത്താകുകയും നഷ്ടപരിഹാരം കിട്ടാതെ വരികയുമായിരുന്നു. വസ്തുവിന്റെ രേഖകൾ സർക്കാരിന്റെ കൈവശമായതിനാൽ വിൽക്കാനോ ലോണെടുക്കാനോ കഴിയാതെയുമായി. ഒറ്റത്തവണയായി 30 ലക്ഷം നൽകിയാൽ വായ്പ അടച്ചു തീർക്കാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്ക് നൽകിയ കാലാവധി ഈ മാസം 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ രാജി ആത്മഹത്യചെയ്തത്.
വിളപ്പിൽശാല ചൊവ്വള്ളൂർ വാർഡിൽ സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടു നൽകിയ 126 കുടുംബങ്ങളുണ്ട്. ഇവരിൽ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. വിളപ്പിൽശാല പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഏകമകൻ ശ്രീശരൺ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. രാജി ജീവനൊടുക്കിയതറിഞ്ഞ് ഭൂമി വിട്ടു നൽകിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.






