കരുവാരകുണ്ട്-കരുവാരക്കുണ്ട് കുണ്ടോടയിൽ പട്ടാപ്പകൽ കാട്ടാനകളുടെ വിളയാട്ടം. ഇന്നു പുലർച്ചെ കൃഷി ഭൂമിയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയോടെയാണ് ആനക്കൂട്ടം കാടു കയറിയത്. കുണ്ടോട എസ്റ്റേറ്റിന് താഴ്ഭാഗത്ത് കൈപ്പുള്ളി നൗഷാദും സഹോദരൻ ഹാരിസും വാഴ കൃഷി ചെയ്യുന്ന തോട്ടത്തിലാണ് കാട്ടാന കൂട്ടത്തെ കണ്ടത്. കൊമ്പനടക്കം ചെറുതും വലുതുമായ ഒമ്പത് ആനകളാണ് വ്യാപകമായ രീതിയിൽ കൃഷി നാശം വരുത്തിയത്. ടാപ്പിംഗിനെത്തിയ തൊഴിലാളികളും ഇതു മൂലം ജോലി ചെയ്യാനാകാതെ മടങ്ങി. വന്യമൃഗ ഭീതിയിൽ ഏക്കർ കണക്കിനു റബർ തോട്ടങ്ങളാണ് മലയോര മേഖലയിൽ ടാപ്പിംഗ് നടത്താനാകാതെ മുടങ്ങി കിടക്കുന്നത്. ഒരു മാസം മുമ്പു വരെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണിത്. അന്നും ടാപ്പിംഗ് നടത്താനാകാതെ തൊഴിലാളികൾ ബുദ്ധിമുട്ടിയിരുന്നു. ഉച്ചയോടെയാണ് വനപാലകർ സ്ഥലത്തെത്തിയത്. അതേസമയം കുണ്ടോട ബറോഡ എസ്റ്റേറ്റിനു സമീപമുള്ള വാഴ തോട്ടത്തിൽ ഭീതി വിതച്ച കാട്ടുപോത്തും കാട് കയറാതെ നിലയുറപ്പിച്ചിട്ടുണ്ട്. കർഷക രക്ഷ പറഞ്ഞ് അധികാരത്തിലെത്തുന്നവർ കർഷകരെ ദ്രോഹിക്കുന്ന നയമാണ് തുടരുന്നതെന്നു കർഷകർ ആരോപിക്കുന്നു.






