അബഹ- അസീർ പ്രവിശ്യയിൽ പുതുതായി ഒമ്പതു മേഖലകളിൽ സമ്പൂർണ സൗദിവൽക്കണം നടപ്പാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ അസീർ ഗവർണറും അസീർ സൗദിവൽക്കരണ കമ്മിറ്റി പ്രസിഡന്റുമായ ഫൈസൽ ബിൻ ഖാലിദ് രാജകുമാരനും തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസും ഒപ്പുവെച്ചു.
ഷോപ്പിംഗ് മാളുകൾ, സ്വകാര്യ തപാൽ ഏജൻസികൾ, ഇൻഷുറൻസ് കമ്പനി ഓഫീസുകൾ, ചരക്കുനീക്ക മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ, അപകടത്തിൽ പെടുകയും കേടാവുകയും ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്ന റിക്കവറി വാഹനങ്ങൾ (വിഞ്ചുകൾ)-മിനി ലോറികൾ (ഡൈന), സ്വകാര്യ ഗേൾസ് സ്കൂളുകൾ, ട്രാവൽ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക വികസന കമ്മിറ്റി ഓഫീസുകൾ എന്നീ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് തീരുമാനം.
ഇതിനാവശ്യമായ പിന്തുണയും സഹായവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകും. സൗദിവൽക്കരണത്തിന് ലക്ഷ്യമിടുന്ന മേഖലകളിൽ സൗദികൾക്ക് സൗജന്യ തൊഴിൽ പരിശീലനം, ഈ മേഖലകളിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് സൗദി യുവാക്കളെ പ്രാപ്തരാക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോം ആയ ദുറൂബ് വഴി പരിശീലനം, സ്വയം തൊഴിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സൗദി യുവതീയുവാക്കൾക്ക് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ അടക്കമുള്ള പിന്തുണയാണ് മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകുക.
തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് എംപ്ലോയ്മെന്റ് ഫോറങ്ങൾ മന്ത്രാലയം സംഘടിപ്പിക്കും. നാഷണൽ ലേബർ ഗേറ്റ്വേ (താഖാത്ത്) സേവനവും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തും.
അതിനിടെ, സ്വദേശികൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന് പുതിയ വകുപ്പ് നിലവിൽ വന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ഉച്ചക്കു ശേഷം അൽയെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
തൊഴിലില്ലായ്മാ നിർമാർജനത്തിനായി നേരത്തെ രൂപീകരിച്ച അതോറിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. ഈ അതോറിറ്റിയുടെ മുഴുവൻ ചുമതലകളും തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പുതുതായി രൂപീകരിച്ച വകുപ്പ് വഹിക്കും.






